വഴിത്തിരിവ്

ദിവസങ്ങളങ്ങനെ കഴിഞ്ഞു. എന്തെങ്കിലും പഠിക്കണം വെറുതെ ഇരുന്നിട്ട് കാര്യമില്ല എന്ന് തോന്നി തുടങ്ങി. ജോലികിട്ടണമെങ്കിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയണം എനിക്കാണെങ്കിൽ പറയുന്നതു മനസ്സിലാകും എന്നല്ലാതെ സംസാരിക്കാൻ കഴിയില്ലായിരുന്നു. അങ്ങനെ ആ ഒഴിവുകാലം സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിച്ചു. അടുത്തെങ്ങും അങ്ങനൊരു സെന്ററില്ല. ഉള്ളത് വീട്ടിൽനിന്നും പതിനേഴു കിലോമീറ്റർ അപ്പുറത്തുള്ള ടൗണിൽ മാത്രമേ ഉള്ളു. തനിച്ചു അവിടെ പോയി അന്വേഷിക്കാൻ ആ സ്ഥലത്തെകുറിച്ചു എനിക്കൊന്നും അറിയില്ല. വല്ലപ്പോഴും മാത്രം വീട്ടുകാരുടെ കൂടെ പോകുന്നതല്ലാതെ ആ സ്ഥലത്തെകുറിച്ചു ഒന്നും അറിയില്ല. അവിടെ പോകുന്നെങ്കിൽ കൂടി ബസ്‌സ്റ്റോപ്പ് മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ടുതന്നെ തനിച്ചുപോകാൻ ധൈര്യം ഉണ്ടായില്ല. നാളെ  പോകാം നാളെ പോകാം എന്നുപറഞ്ഞു അമ്മയും അച്ഛനും നിന്നു. ഒരുദിവസം രാവിലെ ഞങ്ങളുടെ ഉമ്മ വീട്ടിൽ വന്നു. അമ്മയോട് സംസാരിക്കുന്നതിനിടയിൽ ഞാൻ എനിക്കു സ്പോക്കൺ ഇംഗ്ലീഷ് പഠിക്കണം എന്നുണ്ടെന്നും പോയി അന്വേഷിക്കാൻ ഇവരാരും കൂടെ വരുന്നില്ല നാളെ നാളെ എന്നുപറഞ്ഞിരിക്കാണ് എന്നും പറഞ്ഞു.

എന്നാ ഇജ്ജെന്നോട് പറയണ്ടേ? ഞാ ബരാ എ ബടക്കാച്ചാലും. ഇജ്ജ് ഒരുങ്ങിക്ക് പത്തരേന്റെ  ബസ്സിന്‌ മ്മക്ക് പൊഗ്ഗാ. ഞാന്റെ കുപ്പായം മാറ്റിട്ട് ഇപ്പൊ ബരാ... എന്നും പറഞ്ഞു ഉമ്മ ഡ്രസ്സ് മാറി പത്തുമിനുട്ടോണ്ട് വീട്ടിൽ തന്നെ തിരിച്ചെത്തി.

ഞങ്ങൾ പത്തരക്കുള്ള റോയൽ ബസ്സിൽ പെരിന്തൽമണ്ണയിലേക്ക് പോയി. ബസ്റ്റോപ്പിൽ ഇറങ്ങി അടുത്തെങ്ങാനും ഏതെങ്കിലും സെന്ററുകൾ കാണുമെന്ന വിശ്വാസത്തിൽ ആളുകളോട് ചോദിച്ചും ബോർഡുകൾ നോക്കിയും ഞങ്ങൾ നടന്നു. ആളുകളോട് ചോദിക്കുമ്പോൾ അവിടെ കുറച്ചുകൂടെ മുന്നോട്ടുപോയാൽ ഒന്നുരണ്ടെണ്ണം ഉണ്ടെന്നു പറഞ്ഞു. അങ്ങനെ മുന്നോട്ടു നടന്നു നടന്നു നാലഞ്ചു കിലോമീറ്റർ കഴിഞ്ഞെങ്കിലും ഞങ്ങളൊന്നും കണ്ടില്ല. നടന്നു രണ്ടുപേരും ക്ഷീണിച്ചു. തിരിച്ചു പോകാം എന്ന തീരുമാനത്തിൽ എത്തി. അന്നേരം തൊട്ടടുത്ത് നിന്നിരുന്ന ഓട്ടോക്കാരനോട് ഉമ്മ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കണ സ്ഥലം അറിയോ എന്ന് ചോദിച്ചു. അയാൾ നേരെ ഓപ്പോസിറ്റുള്ള ബിൽഡിംഗ് ചൂണ്ടികാണിച്ചു അവിടെ രണ്ടാമത്തെ നിലയിലുണ്ട് എന്നു പറഞ്ഞു.

ഞാനും ഉമ്മയും ഓട്ടോക്കാരനോട് നന്ദി സൂചകമായി ഒന്ന് ചിരിച്ചു. പിന്നെ അവിടെ പോയി അന്വേഷിച്ചു. മൂന്നുമാസം ക്ലാസ്സ്, മൂവ്വായിരം രൂപ ഫീസ്. ഉമ്മ എന്തൊക്കെയോ പറഞ്ഞു ഫീസ് രണ്ടായിരത്തി അഞ്ഞൂറിൽ എത്തിച്ചു. അഞ്ഞൂറ് രൂപ അഡ്വാൻസും കൊടുത്തു. അടുത്ത തിങ്കളാഴ്ച്ച  മുതൽക്കുതന്നെ ക്ലാസ്സിൽ വരാം എന്നു ഞങ്ങൾ വീട്ടിലേക്കു തിരിച്ചു.

സ്കൂൾ തുടങ്ങാറായതിനാൽ യൂണിഫോം തൈക്കാൻ കിട്ടുമായിരുന്നു. അതിൽനിന്നുള്ള പണമെടുത്തു ബസ്ചാർജ്ജ് ഉണ്ടാക്കി. ഒരുമാസം കഴിഞ്ഞാൽ ബാക്കി രണ്ടായിരം രൂപ കൂടി കൊടുക്കണം. അതും തൈച്ചുതന്നെ ഉണ്ടാക്കാം. അങ്ങനെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് തുടങ്ങി. ഒരാഴ്ച്ച കഴിഞ്ഞു. പോകുന്നതും വരുന്നതും എന്നും ഒരേ സമയമായതുകൊണ്ടു സ്ഥിരമായി ഒരേ ബസ്സിൽത്തന്നെ ആയിരുന്നു യാത്രയും. അതും ഡയറക്റ്റ് ബസ്സ്‌.

അന്ന് സമയം ഒരുപാട് ആയിട്ടും ബസ്സ് വന്നില്ല. അടുത്ത ബസ്സിന്റെ സമയവും  അറിയില്ല. ഏതാണ്ട് അരമണിക്കൂർ അവിടെ നിന്നു. ബസ്‌സ്റ്റോപ്പിലേക്കു ദൃതിയിൽ നടന്നു  വന്ന ഒരു പയ്യൻ സമയം എന്തായി എന്ന് ചോദിച്ചു. സമയം പറഞ്ഞപ്പോൾ ഒരുബസ്സിന്റെ പേരു ചോദിച്ചു അതുപോകുന്നത് കണ്ടോ എന്നുചോദിച്ചു. ആ ബസ്സ് രണ്ടുമിനുട്ട് മുന്നേ പോകുന്നത് കണ്ടെന്നു ഞാൻ പറഞ്ഞു. പിന്നെയും രണ്ടുപേരും അവിടെ കുറെ സമയം നിന്നപ്പോൾ അവൻ എന്നോട് പഠിക്കാണോ എന്താ പഠിക്കുന്നത് എന്നൊക്കെ ചോദിച്ചു. ഞാൻ തിരിച്ചും ചോദിച്ചു. അവൻ മുൾട്ടീമീഡിയ ആണ് പഠിക്കുന്നതെന്നും അറീന യിലാണ് പഠിക്കുന്നതെന്നും എന്നോട് പറഞ്ഞു. പെട്ടന്ന് മഞ്ചേരിയിൽ പോയി പേടിച്ചു പോന്ന സംഭവം ഓർമ്മവന്നു. മുൾട്ടീമീഡിയ എന്താണെന്നുള്ളത് ഇതിനിടക്കു ഞാൻ പലരോടും ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഇങ്ങനെ ഒരു കോഴ്സ് പഠിപ്പിക്കുന്ന സ്ഥലം അവിടെ ഉള്ളത് എനിക്കറിയില്ലായിരുന്നു. എന്തായാലും ബസ്സ് ഇല്ല. എന്നെ ഒന്ന് ആ സ്ഥലം കാണിച്ചു തരാമോ എന്ന് ഞാനവനോട് ചോദിച്ചു. അതിനെന്താ ഇപ്പൊത്തന്നെ കാണിക്കാം, കൂടെ വരൂ എന്നുപറഞ്ഞു. ഞാൻ അവന്റെ കൂടെ പോയി. നടത്തത്തിനിടയിൽ അവൻ അവനെ സ്വയം പരിചയപ്പെടുത്തി . അവനാണ് അബ്ദുൽ മുനീർ എന്ന മുനീർ.

മുനീറിന്റെ കൂടെ അറീനയില്‍ എത്തിയ എനിക്ക് വളരെ കൌതുകമായിരുന്നു എല്ലാം. നിറങ്ങളുടെ ഒരു ലോകം. വളരെ ഭംഗിയായി ചെയിതിട്ടുള്ള ഇന്‍റ്റീരിയര്‍. പുറമേ കാണുന്ന എല്ലാത്തില്‍ നിന്നും വളരെ വ്യത്യസ്ഥമായ എന്തൊക്കെയോ അവിടെ ഉണ്ടായിരുന്നു. എന്‍റെ അത്ഭുതം പോലെ തന്നെ എന്നെ കണ്ടു അവരും അത്ഭുതപ്പെട്ടു. ഒരു ലോങ്ങ്‌ സ്കേര്‍ട്ടും, ഷര്‍ട്ടും ഇട്ടു ഇത്തിരിപ്പോന്ന ഒരു പെണ്‍കുട്ടി തനിച്ചു കോഴ്സ്നെക്കുറിച്ച് അറിയാന്‍ എത്തിയിരിക്കുന്നു. ഫീസ് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഇത്രേം ഫീസ് തന്നു പഠിക്കാൻ കഴിയില്ലെന്നും ലോൺ വലതും കിട്ടുമോ എന്നും ഞാൻ ചോദിച്ചു. ലോൺ കിട്ടുമെന്നും ഫീസ്  ഒരുമിച്ചു അടക്കേണ്ടതില്ലെന്നും എട്ടുതവണയായി അടച്ചാൽ മതിയെന്നും പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ എവിടെയൊക്കെയോ പ്രതീക്ഷകൾ വന്നുതുടങ്ങി. അവരെന്നെ ക്ലാസുകൾ എടുക്കുന്ന ക്യാബിനുകളും വലിയ കമ്പ്യൂട്ടർ ലാബും കാണിച്ചു. എല്ലാം കഴിഞ്ഞു ലോൺ കിട്ടുമെന്ന് അവരുറപ്പിച്ചു പറഞ്ഞപ്പോൾ നാളെ അച്ഛനെ കൂട്ടി വരാമെന്നു പറഞ്ഞു ഞാനിറങ്ങി.

ഏട്ടൻ വീക്കെൻഡിൽ വീട്ടിൽവന്നു അന്നു രാവിലെയാണ് ഈറോഡ് കോളേജിൽ പോയത്. അവിടെ എത്തിയെന്നു പറഞ്ഞു വിളിച്ചിരുന്നെന്നു അമ്മപറഞ്ഞു. ഏട്ടനൊരു പുതിയ ഫോൺ വേണമെന്ന് പറഞ്ഞിട്ടുണ്ടെന്നും, അച്ഛന്റെ കയ്യിൽ കാശില്ലെന്നു പാഞ്ഞപ്പോൾ ഒന്നും പറയാതെ പോയതെന്നും 'അമ്മ പറഞ്ഞു. ഇതിനിടയിൽ ഞാനെങ്ങനെ എന്റെ കാര്യം അച്ഛനോട് അവതരിപ്പിക്കും എന്നു ആലോചിച്ചു വലിയ ടെൻഷൻ ആയിരുന്നു എനിക്ക്. രാത്രി അച്ഛൻവന്നു ഞങ്ങൾ സംസാരിക്കുന്നതിനിടക്ക് എന്റെ കല്യാണക്കാര്യം സംസാരിച്ചു തുടങ്ങി. നാട്ടിൽ തന്നെയുള്ള ഏതോ ഒരു ആലോചനയായിരുന്നു അത്. ചെക്കന്റെ അച്ഛൻ തന്നെ ആണ് ചോദിച്ചിട്ടുള്ളത്. എന്റെ മകനു താരാണെങ്കിൽ നിങ്ങളുടെ മകൾക്കു രഞ്ജിയെപോലെ  സുഖമായി ജീവിക്കാം എന്നും, മകളെ അവൻ കണ്ടിട്ടുണ്ടെന്നും, ഇഷ്ട്ടപെട്ടിട്ടുണ്ടെന്നും പറഞ്ഞിരിക്കുന്നു. അച്ഛൻ പറഞ്ഞ ആ വാക്കിൽ ഞാൻ പിടിച്ചു. എനിക്കു രാഞ്ജി ഒന്നും ആവണ്ട. സാധാരണ മനുഷ്യനായാൽ മതി. പിന്നെ എനിക്കങ്ങനെ വലിയ വീട്ടിലൊന്നും പോയി ജീവിക്കാൻ സാധിക്കില്ല. അതുകൊണ്ടു എന്നെ പഠിപ്പിക്കു.

കല്യാണത്തിന് എന്തായാലും ഒരഞ്ചു ലക്ഷം രൂപ വേണ്ടിവരും. അത്രയൊന്നും ചെലവ് വരില്ല പഠിക്കാൻ. കല്യാണം കഴിച്ചു കൊണ്ടു പോയിട്ട് അവിടെ മനഃസമാധാനം ഇല്ലെങ്കിൽ അതോടെ ജീവിതം തീരും. കൂടെ കുറച്ചു ഉദാഹരണങ്ങളും കൊടുത്തു. അതിലും നല്ലതല്ലേ പഠിച്ചു ഒരു ജോലികിട്ടിട്ടു കല്യാണം കഴിക്കുന്നത്. പിന്നെ കല്യാണത്തേക്കാൾ നല്ലൊരു ജോലിവേണം എന്നാണെന്റെ ആഗ്രഹം. ഇത്രയും പറഞ്ഞപ്പോൾ അച്ഛൻ പിന്നെ ഒന്നും മിണ്ടിയില്ല. അതിനിടക്ക് ഞാൻ അറീനയിൽ പോയതും അനിമേഷൻ പഠിക്കണമെന്നുണ്ട് എന്നും ലോൺ കിട്ടുമെന്നും ഏതാണ്ട് ഒരു ലക്ഷം രൂപയുടെ ചെലവുവരും എന്നും പറഞ്ഞു. അതുകേട്ടു അച്ഛനൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു. എന്റെ മുഖത്തേക്കൊരു നിമിഷം നോക്കി തമാശ ആണോ അല്ലയോ എന്ന സംശയം തീർത്തു. പിന്നെ കുളിച്ചു അത്താഴം കഴിച്ചു കഴിഞ്ഞു എന്നോടുചോദിച്ചു  ഒരു ലക്ഷം എത്ര വർഷത്തേക്ക് ആണ്? ഒരു വർഷത്തെ കോഴ്സ് ആണോ? എന്താണ് ഈ കോഴ്സ് എന്നൊക്കെ. എനിക്കറിയാവുന്ന രീതിയിൽ അച്ഛനു പറഞ്ഞു കൊടുത്തു. നാളെ പോയി നോക്കാം എന്നു പറഞ്ഞു ഞങ്ങൾ കിടന്നു.

രാവിലെ തന്നെ അച്ഛനെയും കൂട്ടി അറിനയില്‍ എത്തി. വിവരങ്ങളെല്ലാം അന്വേഷിച്ചു തിങ്കളാഴ്ച മുതൽ പുതിയ ബാച്ചിന്റെ ക്ലാസ് തുടങ്ങുമെന്നും അതിൽ തുടങ്ങാമെന്നും, അഡ്വാൻസ് പേയ്‌മെന്റ് അന്നുതരാമെന്നും സമ്മതിച്ചു ഞങ്ങൾ അവിടെനിന്നും തിരിച്ചു. സ്പോക്കൺ ക്ലാസ്സ് വീണ്ടും ഞാൻ തുടർന്നു. ആയിടക്കാണ് സുജിനയുടെ 'അമ്മ എന്റെ അമ്മയെ കണ്ടതും ഞാൻ അറീനയിൽ ചേരുന്ന വിവരം അറിയിച്ചതും. നല്ല കോഴ്സ് ആണെങ്കിൽ അവളെയും ചേർക്കാം എന്നു പറഞ്ഞു. സുജിന വരുന്നെങ്കിൽ ഫസീയും വരും അങ്ങനെ എനിക്കൊരു കൂട്ടാകും എന്ന് ഞാൻ സന്തോഷിച്ചു. തിങ്കളാഴ്ച ഞാനും, അച്ഛനും,  ഫസിയും, സുജിനയും, സുജിനയുടെ അച്ഛനും കൂടി അറീനയിൽ എത്തി. അവർ ചോദിച്ചറിയാനുള്ളതെല്ലാം ചോദിച്ചറിഞ്ഞു. അച്ഛനെന്റെ അഡ്വാൻസ് ഫീസ് 5000 രൂപയും കൊടുത്തു. അഡ്വാൻസ് ഫീസിന്റെ കാര്യം സുജിനയുടെ അച്ഛൻ അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കയ്യിൽ രൂപയും കരുതിയില്ല. നാളെ അഡ്വാൻസ് കൊടുവരാമെന്നും, ക്ലാസ് തുടങ്ങാമെന്നും അവര് പറഞ്ഞു. ഇന്നു പുതിയ ബാച്ച് തുടങ്ങുന്നുണ്ട് എന്റെ കൂടെ ആ ക്ലാസ്സിൽ ഇരുന്നോളു നാളെ ഫീസ് അടച്ചാൽ മതിയെന്നും റസീന മാഡം സമ്മതിച്ചു.

ക്ലാസ് തുടങ്ങാൻ പത്തുമിനിറ്റ് സമയമുണ്ടെന്നു പറഞ്ഞു ഞങ്ങൾ മൂന്നുപേരും ഫ്രണ്ടിലെ സെറ്റിയിൽ ഇരുന്നു. ക്ലാസ് കഴിഞ്ഞു മൂന്നു പയ്യന്മാർ ബാഗ് എടുത്തു ഞങ്ങളുടെ അടുത്തായിത്തന്നെ ഇരുന്നു. പുതിയതായി ജോയിൻ ചെയ്തവരാണോ എവിടുന്നാ പേരെന്താ എന്നെല്ലാം ചോദിച്ചു. സുജിന തിരിച്ചു അവരെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഇജ്ജാസ്സ്, ആഫിസ്, ശിഹാബ് ഡിഗ്രീയും, അനിമേഷനും ഒരുമിച്ചു പഠിക്കുന്നു.

ആദ്യത്തെ ക്ലാസ്. ഇത്രയും കാലം ബുക്കിൽ നോക്കിമാത്രം പഠിച്ചിരുന്ന ഞാൻ ആദ്യമായി കമ്പ്യൂട്ടർ ലോകത്തിലേക്ക് കാലുവാക്കുന്നു. കുറെ കസേരകൾ നിര ത്തിയിട്ടിരിക്കുന്നു. കസേരകൾ എന്നുപറയാമോ എന്ന് അന്നെനിക്കറിയില്ല. കാരണം ഞാനാദ്യമായാണു അങ്ങനെ ഉള്ള കസേരകൾ കാണുന്നത്. ഇരിക്കാൻ സീറ്റും ബുക്ക് വച്ചെഴുതാൻ വലതുവശത്തു വീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ടേബിൾ ചെയർ. പതിനൊന്നു പേരുള്ള ടീം ആയിരുന്നു ഞങ്ങളുടേത്. കുറച്ചുപേരിരുന്നു. ഒരു സൈഡിലുള്ള ചെയർ ഞാൻ ഞാൻ കുറച്ചു മുന്നോട്ടു വലിച്ചപ്പോൾ അതു ഇളകുന്നില്ല. അതേ ചെയറിൽ മറ്റൊരുത്തനും പിടുത്തമിട്ടിരിക്കുന്നു. ഞാൻ ആ ചെയർ വിട്ടുകൊടുത്തെങ്കിലും ഇല്ല നിങ്ങളെടുത്തോ എന്നുപറഞ്ഞു അന്നവനെവിടെ സ്റ്റാർ ആയി തൊട്ടപ്പുറത്തു ഇരുന്ന മറ്റൊരു സീറ്റിൽ അവനിരുന്നു. സുജിനയും, ഫസിയും, ഞാനും മാത്രമായിരുന്നു അന്നത്തെ ക്ലാസ്സിൽ പെൺകുട്ടികളായി ആ ടീമിൽ ഉണ്ടായിരുന്നത്. അടുത്തിരിക്കുന്നവർ പരസ്പരം പരിചയപ്പെട്ടു. ഞാൻ എനിക്കു ചെയർ പൂർണ്ണമനസ്സോടെ ചെയർ വിട്ടുതന്ന മഹാനെ പരിചയപെട്ടു. പേര് അബ്ദുൽ റഫീഖ്. റഫീഖ് എന്ന് എല്ലാരും വിളിക്കും. ഞാനവനെ മാത്രമേ പരിജയപ്പെട്ടുള്ളു. അധികം താമസിയാതെതന്നെ ഞങ്ങളുടെ സാർ എത്തി. സ്വയം പരിചയപ്പെടുത്തുകയും, എല്ലാവരെയും പരിചയപ്പെടുകയും ചെയിതു. ആ സാർ ആണ് സുരേഷ് കുമാർ എന്ന ഞങ്ങളുടെ സുരേഷ് സർ.

ക്ലാസ് തുടങ്ങി. കംപ്യൂട്ടറിനെ കുറിച്ച് ഒരുവിവരവും ഇല്ലാത്ത ഞാൻ എന്തൊക്കെയോ കേട്ടു.ഫോട്ടോഷോപ്പ് ആണ് ആദ്യം പഠിക്കുന്നതെന്നു പറയുമ്പോഴും അതെന്താണെന്നുള്ളത് എനിക്കറിയില്ല. പെയിന്റ് എന്ന സോഫ്റ്റ്വെ യർ പോലും എന്താണെന്നറിയാത്ത എനിക്കെങ്ങനെ ഫോട്ടോഷോപ് അറിയും? എന്നാലും ഒരു ദിവസത്തെ ആ ക്ലാസ്സുകൊണ്ടു  ഒന്നും മനസ്സിലായില്ലെങ്കിലും അതിലെന്തൊക്കെയോ ഉണ്ടെന്നു എനിക്കു തോന്നി. ഒരു മണിക്കൂർ ക്ലാസ് ആയിരുന്നു അന്നത്തെ ദിവസം. അത് കഴിഞ്ഞു ഞങ്ങൾ തിരിച്ചു കമ്പ്യൂട്ടർ ലാബിൽ പോയി. ഞാനും, സുജിനയും, ഫാസിയും, റഫിയും, ഷമീർ ഷാഫിയും,  ഒരു സിസ്റ്റത്തിനു മുന്നിൽ ഇരുന്നു. ആദ്യത്തെ ക്ലാസ്സ് കുറച്ചു തിയറിയും പിന്നെ സോഫ്റ്റ് വെയറിനെ പറ്റിയുള്ള വിവരണങ്ങളും ആയിരുന്നു. അതുകൊണ്ടുതന്നെ ലാബിൽ ഇരുന്നു ഒന്നും ചെയ്യാനില്ല. വീട്ടിൽപോകാം എന്നുപറഞ്ഞു ഞങ്ങൾ ബാഗ് എടുക്കാൻ പോയപ്പോൾ എൻക്വയറിയിലെ റസീന മാഡം "എങ്ങനുണ്ടായിരുന്നു ക്ലാസ്" എന്നു ചോദിച്ചു. പെട്ടന്നായിരുന്നു സുജിനയുടെ പ്രതികരണം "ആ സാർ എന്തൊക്കെയോ പറഞ്ഞു ഞങ്ങൾക്കൊന്നും മനസ്സിലായില്ല". എനിക്കെന്തുപറയണം എന്നറിയാതെ നിൽക്കുമ്പോൾ ഇവര് പറഞ്ഞതുകേട്ട് പിറകിൽ സുരേഷ്സർ നിൽക്കുന്നു. സാർന്റെ മുഖത്തു നോക്കി ഞാനൊന്നു ചിരിച്ചു. അല്ലാതെ വേറെന്തു ചെയ്യണമെന്നു എനിക്കറിയില്ലായിരുന്നു.

അടുത്ത ദിവസം പറഞ്ഞുറപ്പിച്ചപോലെ ഞാൻ കയറിയ ബസ്സിൽ സുജിനയും, ഫസിയും ഇല്ലായിരുന്നു. അവരെ വിളിക്കാൻ എന്റെ കയ്യിൽ ഫോണും ഇല്ല. റഫി വന്നപ്പോൾ അവന്റെ കയ്യിൽനിന്നും ഫോൺ വാങ്ങി അവരെ വിളിച്ചപ്പോൾ നിങ്ങൾ വരാത്തതെന്താണെന്നു ചോദിച്ചപ്പോൾ ഒന്നും പറയാതെ ഫോൺ വച്ചു. പിന്നെ ആരുവിളിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല. സാറിനെ എങ്ങനെ ഫേസ് ചെയ്യുമെന്ന ടെൻഷനിൽ ആയിരുന്നു ഞാൻ. റഫീഖിന്റെ അടുത്തുതന്നെ ഉള്ള സീറ്റിൽ ഞാനിരുന്നു. അന്നത്തെ ക്ലാസ് കഴിഞ്ഞുപോകുമ്പോൾ ഞാൻ "എനിക്ക് മനസ്സിലാകുന്നുണ്ടെന്നും, ആദ്യമായി കേൾക്കുമ്പോൾ ആർക്കും ഒന്നും മനസ്സിലാവില്ല കാരണം ആദ്യമായി കാണുന്ന മുഖങ്ങൾ, അന്നുവരെ കേൾക്കാത്ത പുതിയ പലകാര്യങ്ങൾ ഇതൊക്കെ ഉൾക്കൊള്ളാൻ കുറച്ചുസമയം എടുക്കും എന്നു മനസ്സിലാക്കാൻ അവർക്കു കഴിഞ്ഞില്ല അതാണ് പ്രോബ്ലം. ഇന്നലെ പറഞ്ഞത് എന്റെ അഭിപ്രായം അല്ല. അവർ അവരുടെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു എന്നും പറഞ്ഞു.

"അത് സാരമില്ല, നീ നന്നായി പഠിച്ചു അവർക്കൊരു പാഠമായാൽ മതി എന്നും, നല്ലൊരു ഭാവി ഉണ്ടെന്നും" സാർ പറഞ്ഞു.

അറീനയിൽ ജോയിൻ ചെയിത സമയത്തെല്ലാം ഞാൻ വളരെയധികം സൈലന്റ് ആയ ഒരാൾ ആയിരുന്നു. ആദ്യദിവസം തന്നെ വിട്ടുവീഴ്ച ചെയിത റഫീഖ് ആയിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ക്ലാസ് തുടങ്ങുതത്തിനു ഏതാനും ഒരു മണിക്കൂർ മുന്നേ ഞാൻ അവിടെ എത്തും. കാരണം ക്ലാസ് ടൈമിൽ വീടിനടുത്തുനിന്നും ബസ്സ് ഉണ്ടായിരുന്നില്ല. ഞാൻ എപ്പോ എത്തിയാലും ഫ്രണ്ട്ഓഫീസിലെ സെറ്റിയിൽ റഫീഖ് വരുന്നതുവരെ ഇരിക്കും. അവൻ വന്നുകഴിഞ്ഞാൽ രണ്ടുപേരും കൂടി ലാബിൽ കയറി അടുത്തടുത്ത കമ്പ്യൂട്ടറിൽ സീറ്റുപിടിക്കും. സാവധാനം ഞങ്ങൾക്കൊരു പേരുവീണു. രാജുവും രാധയും.

സുരേഷ് സാർ എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. ആദ്യമൊക്കെ ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് പ്രതികരിക്കാൻ തുടങ്ങി. അങ്ങനങ്ങനെ ഞാൻ എല്ലാവരോടും സംസാരിക്കാനും ഒരുവായാടിയും ആയി. എനിക്കുതന്നെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല എന്റെ ആ മാറ്റം. ഞാൻ അവിടെ എത്തിയാൽ എന്നെകളിയാക്കി അവിടെ ഉള്ളവർ ഉറങ്ങിക്കിടന്ന അറീന ഉണർന്നു എന്നു പറയുമായിരുന്നു.

ആയിടക്ക് അറീനയിൽ കുട്ടികളുടെ വർക്ക് എക്സിബിഷൻ നടത്താൻ തീരുമാനമായി. അതിനു പലരും പല ടീം ആയി വർക്ക് ചെയിതു. നല്ല വർക്കിന്‌ സമ്മാനവും ഉണ്ടായിരുന്നു. അന്ന് അവിടെ ഒരു ടെക്സ്റ്റൈൽസില്‍ പോയി അവരുടെ ലോഗോ വച്ച് ഒരു ടേബിള്‍ കലണ്ടര്‍ ഉണ്ടാക്കാനുള്ള അനുമതി വാങ്ങിച്ചു. ആ പ്രൊജക്റ്റിനു ഒന്നാം സമ്മാനവും കിട്ടി. ആ ഒരു എക്സിബിഷൻ കാരണം അവിടെ ഉള്ള എല്ലാവരെയും പരിജയെപെടുകയും പലരുടേയും കഴിവുകളെ മനസ്സിലാക്കാന്‍ കഴിയുകയും ചെയിതു.

ദിവസങ്ങൾ കഴിഞ്ഞിട്ടും വിദ്യാഭ്യാസലോണിന്റെ കാര്യം ഒന്നും ശരിയായില്ല. പിന്നീട് ബാങ്കിൽ പോയി വീണ്ടും ചോദിച്ചപ്പോൾ അവര് പറഞ്ഞു പ്രൈവറ്റ് കോഴ്സ് ആയതുകൊണ്ട്  ലോൺ കൊടുക്കൽ നിർത്തിവച്ചിരിക്കുകയാണെന്ന്. ആദ്യ ഫീസ് ഇരുപത്തയ്യായിരം രൂപ. എങ്ങനെ ഇത്രയും രൂപ കൊടുക്കും? ലോൺ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഇതിനു ചേർന്നത് തന്നെ. ആ വഴിയും അടഞ്ഞു. പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ നിർത്തേണ്ടി വരുന്ന അവസ്ഥ. എനിക്ക് വേണ്ടി ആരും തരില്ല ഒരു ലക്ഷം രൂപ.  കാരണം  അഥവാ കല്യാണം കഴിഞ്ഞു പോയാൽ എനിക്ക് തന്ന പണം അതുപോലെ പോകും. മറിച്ചു ഏട്ടനുവേണ്ടി ആയിരുന്നെങ്കിൽ ആരെങ്കിലും കൊടുക്കുമായിരുന്നു.

അച്ഛൻ SNDP യിൽ നന്നായി പ്രവർത്തനം ഉണ്ടായിരുന്ന സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ എനിക്കും കുറച്ചുപേരെ അറിയാമായിരുന്നു. SNDP മീറ്റിങ്ങുകൾ വീട്ടിലോ അല്ലെങ്കിൽ അടുത്തവീടുകളിലോ ആഴ്ചയിൽ ഒരുദിവസം നടത്തും. എവിടെയും നല്ല പ്രസംഗങ്ങൾ കേൾക്കാൻ എനിക്കിഷ്ടമായിരുന്നു കൊണ്ട് ഞാനും ഇടക്കൊക്കെ അതുകേൾക്കാൻ പോകും. അവരെന്നും പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കണം എന്ന കാഴ്ചപാടുള്ളവർ ആയിരുന്നു. അതുകൊണ്ടുതന്നെ ഞാൻ അവരോടു എനിക്ക് പഠിക്കണം എന്നകാര്യം പറയാൻ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന സബ്രീന ബാർ & റെസ്റ്റോറന്റ് ഉടമസ്ഥനായ ഉണ്ണിയേട്ടനെ തന്നെ കാണാൻ പോയി. രണ്ടു ഭാഗമായി ആയിരുന്നു സബ്രീന തിരിച്ചിരുന്നത്.ഏതാണ് ബാർ എന്നോ റെസ്റ്റോറന്റ് എന്നോ എനിക്കറിയില്ല. അദ്ദേഹത്തെ കാണാൻ ചെന്ന് കയറിയത് ബാറിന്റെ എൻട്രിയിലൂടെ ആയിരുന്നു. എന്നെ കണ്ടതും അധികം പ്രായമില്ലാത്ത ഒരു പയ്യൻ എന്താ കാര്യമെന്ന് ചോദിച്ചു. ഉണ്ണിയേട്ടനെ കാണാൻ വന്നതാണെന്ന് പറഞ്ഞു. അവിടെ ഇരിക്കു ഇപ്പൊ വരുമെന്നു പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ ഓഫീസ് റൂമിൽ ഞാനിരുന്നു. രണ്ടു മൂന്നു മിനിറ്റിനുള്ളിൽ അദ്ദേഹം വന്നു.

കുട്ടി ആരാണ്? എന്താണ് എന്നെ കാണാൻ വന്നത്? എന്ന് ചോദിച്ചു.

ഞാനിന്ന ആളുടെ മകളാണെന്നും, എനിക്കു പഠിക്കാനാണ് ആഗ്രഹം അച്ഛൻ മാത്രമേ പഠിക്കാൻ സപ്പോർട്ട് ഉള്ളു. കുടുംബക്കാരെല്ലാം കല്യാണം കഴിപ്പിക്കാൻ നിർബന്ധിക്കുകയാണ്, ഞാനിപ്പോ പഠിക്കുന്നതും തുടർന്നുപഠിക്കാൻ ആഗ്രഹിക്കുന്നതും അറീനയിൽ അനിമേഷൻ കോഴ്സ് ആണ്. ഇപ്പോൾ ഫീസ് അടക്കാൻ പണമില്ലാതെ അത് നിർത്തേണ്ട അവസ്ഥയിലാണ്. നിങ്ങളെന്നെ സഹായിക്കുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ ജോലി ചെയ്തു  നിങ്ങൾക്കു ആ പണം തിരിച്ചുതരാം. സഹായിക്കാൻ പറ്റുമെങ്കിൽ നിങ്ങളിപ്പോൾ പറയണം. എന്നാലേ നാളെമുതൽ ക്ലാസിനു പോകാൻ കഴിയുള്ളു. പിന്നെ ഞാൻ ഇവിടെ വന്ന വിവരം എന്റെ വീട്ടിൽ ആർക്കും അറിയില്ല. ഞാൻ ചെന്നിട്ടു വേണം അച്ഛനെ അറിയിക്കാൻ. നിങ്ങൾക്ക് എന്നെക്കുറിച്ചു വല്ലതും അറിയണമെങ്കിൽ അച്ഛനെ ഈ നമ്പറിൽ വിളിക്കാം എന്ന് പറഞ്ഞു അച്ഛന്റെ നമ്പർ അവിടെ കൊടുത്തു.

ഒരാൾ വന്നു ആദ്യാമായിട്ടാണ് ഇങ്ങനെ ഒരു കാര്യം അവതരിപ്പിക്കുന്നതെന്നും, ഈ ആവശ്യം സത്യസന്ധമാണെന്നും, നല്ല ലക്ഷ്യത്തിൽ എത്തും എന്നും എനിക്ക് വിശ്വാസമുണ്ട്. ധൈര്യമായി ക്ലാസിനു പൊക്കൊളു. ആദ്യ ഫീസ് കൊടുക്കാനുള്ള രൂപ രണ്ടുദിവസം കൊണ്ട് ശരിയാക്കാം ഇപ്പൊ പൊക്കൊളു എന്നും അദ്ദേഹം പറഞ്ഞു.

അതുകഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ഒരു മീറ്റിങ്ങിൽ വച്ച് എന്റെ പേരോ അച്ഛന്റെ പേരോ ഒന്നും പറയാതെ തനിക്കിങ്ങനെ ഒരനുഭവം ഉണ്ടായത് അദ്ദേഹം വിവരിച്ചു. അതിനു ശേഷം പഠിക്കാൻ ആഗ്രഹം ഉള്ളവർക്കും എന്നാൽ പണത്തിന്റെ പേരിൽ ആഗ്രഹം നഷ്ട്ടപ്പെടുത്തേണ്ട അവസ്ഥയിൽ എത്തുന്ന കുട്ടികൾക്ക് പഠിക്കാൻ ഒരുതുക SNDP യിൽ നിന്നും ലഭിക്കും. അതു ലോൺ പോലെ പലിശയില്ലാതെ ഒരുവർഷം കൊണ്ടു അടച്ചു തീർത്താൽ മതിയെന്ന ഒരു നിയമം അവിടെ തുടങ്ങി. പലരും ഇന്ന് അത് ഉപയോഗിക്കുന്നുണ്ട്.

ആദ്യ ഫീസ് അടച്ചു ബാക്കി പണം ഇനിയും വേണം. പഠിക്കാൻ ഉള്ള താല്പര്യം ഇത്രത്തോളം എത്തിച്ചെങ്കിൽ  എങ്ങനെയെങ്കിലും എന്നെ പഠിപ്പിക്കാൻ തന്നെ അച്ഛൻ തീരുമാനിച്ചു. ആകെ ഉണ്ടായിരുന്ന വീടിന്റെ ആധാരം ബാങ്കിൽ വച്ച് കിട്ടാവുന്ന അത്രയും പണം എടുത്തു. ഇതിനിടയിൽ അച്ഛന്റെ അനിയത്തിയും ഞങ്ങൾ കുമാരിച്ചേച്ചി എന്നുവിളിക്കുന്ന ചെറിയ അമ്മായി കുറച്ചു രൂപ തന്നു. തിരിച്ചു കിട്ടണമെന്ന് പ്രതീക്ഷിച്ചായിരുന്നില്ല ആ സമ്മാനം. എല്ലാം കൂട്ടി എനിക്ക് പഠിക്കാനുള്ള വഴിയായി.

പഠിക്കാമെന്ന ഉറപ്പുകിട്ടിയപ്പോൾ അടുത്ത പേടി പഠിച്ചു കഴിഞ്ഞാൽ ജോലി കിട്ടാതിരിക്കുമോ എന്നായിരുന്നു. കിട്ടിയില്ലെങ്കിൽ ഈ രൂപയെല്ലാം എങ്ങനെ തിരിച്ചടക്കും? ലോണെടുക്കുകയാണെന്നു പറഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞു ജോലിയും കൂലിയുമില്ലാതെ വായും പൊളിച്ചു നടക്കുമ്പോൾ എന്നോട് ചോദിച്ചു വരരുതെന്ന്. പലരും ഇത്രയും രൂപമുടക്കി പഠിപ്പിക്കേണ്ടതില്ലെന്നു പറഞ്ഞവരാണ്. പെണ്ണിനെ കെട്ടിയ്ക്കാതെ വച്ചോണ്ടിരിക്കാനാണോ തീരുമാനം എന്നുവരെ ചോദിച്ചവരുണ്ട്. അതുകേട്ടു എന്റെ മക്കളെ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു കൊള്ളാം നിങ്ങളാരും കഷ്ട്ടപെടണ്ട എന്ന് പറഞ്ഞു സ്വന്തക്കാരുടെ വീടുകളിൽ നിന്നും ഇറങ്ങി പോന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. 

ഓരോ മിനിറ്റുകൾ കഴിയുമ്പോളും എന്റെ ഭയം കൂടി വന്നു. അടുത്ത ദിവസം ക്ലാസ്സിൽ എനിക്ക് ശ്രദ്ധിക്കാനൊന്നും  കഴിഞ്ഞില്ല. എന്റെ  അവസ്ഥ കണ്ടു അന്നത്തെ ക്ലാസ്സുകഴിഞ്ഞു പോകുമ്പോൾ സുരേഷ് സാറെന്നോട് അവിടെ നിന്ന് ബാക്കിയെല്ലാവരോടും പോകാൻ പറഞ്ഞു. 

എന്നോട് "എന്താണ് പ്രശ്നം ക്ലാസ്സെടുക്കുന്ന സമയത്തു ഒപ്പം ഉണ്ടായിരുന്നില്ല. മനസ്സിലാകുന്നില്ലെങ്കിൽ പറയണം" എന്ന് പറഞ്ഞു. 

"ക്ലാസിനു ഒരുകുഴപ്പവും ഇല്ല നന്നായി മനസ്സിലാവുന്നുണ്ട്." 

"പിന്നെന്താണ് പ്രശ്നം? എന്താണെങ്കിലും പറയൂ" എന്ന് പറഞ്ഞെന്നെ നിർബന്ധിച്ചു.

"എനിക്കിതു പഠിച്ചിട്ടു ജോലി കിട്ടോ?" പെട്ടന്നുള്ള എന്റെ ചോദ്യം കേട്ട് സാറൊന്നു ഇടറി. 

പിന്നെ പറഞ്ഞു : "ആർക്കു കിട്ടിയില്ലെങ്കിലും നിങ്ങളുടെ ടീമിന് കിട്ടും. ഇത്രയും നല്ലൊരു ടീംനെ ഇതുവരെ ഞാൻ പഠിപ്പിച്ചിട്ടില്ല. അതിൽ നിനക്കും കിട്ടും നല്ല ജോലി തന്നെ കിട്ടും. പക്ഷെ ഇതുപോലെ തന്നെ എന്നും പഠിക്കണം എന്ന് മാത്രം.

"പഠിക്കാം ഇതുപോലെ തന്നെ പഠിക്കാം. എന്നിട്ടു ജോലി കിട്ടിയില്ലെങ്കിൽ ഞാൻ നിങളുടെ പേരിൽ കേസുകൊടുക്കും. ജോലികിട്ടുമെന്നു പറഞ്ഞു പറ്റിച്ചേന്ന് പറഞ്ഞതിന് " എന്ന് ഞാൻ പറഞ്ഞു. 

എന്റെ പ്രതികരണം കേട്ട് ഒന്നുടെ ഞെട്ടിയ സാറെന്നോട് "ജോലി കിട്ടിയില്ലെങ്കിൽ എന്റെ പേരിൽ കേസ് കൊടുക്കാം" എന്ന് ഉറപ്പു പറഞ്ഞു. 

അതോടെ എന്റെ ജോലികിട്ടുമോ ഇല്ലയോ എന്ന പേടിയങ്ങു മാറി. വീണ്ടും പഴയപോലെ ആയി. പിന്നെ എല്ലാത്തിനോടും ഒരു വാശിയായി. 

ആദ്യ ദിവസങ്ങളിലെ ക്ലാസ്സിൽ പ്രൊജക്റ്റ് ചെയ്യുമ്പോൾ അല്ലെങ്കിൽ വല്ലതും ടൈപ്പ് ചെയ്യുമ്പോൾ കാപ്സ് ലോഗ് അടിച്ചു ക്യാപിറ്റൽ ലെറ്ററും, ക്യാപ്സ് ലോഗ് ഓഫ് ചെയിതു സ്മാൾ ലെറ്ററും ഓടിച്ചിരുന്ന എനിക്കറിയില്ലായിരുന്നു ഷിഫ്റ്റ് പ്രസ് ചെയിതു ടൈപ്പിചെയ്യ്താൽ ക്യാപിറ്റൽ ലെറ്ററും, പ്രസ് ചെയ്യാതെ ടൈപ്പിചെയ്യ്താൽ സ്മാൾ ലെറ്ററും വരുമെന്നത്. ഈ മഹാ സത്യം എനിക്ക് പറഞ്ഞുതന്നത് റഫീഖ് ആയിരുന്നു. സുരേഷ് സാറിന്റെ ഏതാനും ദിവസത്തെ ക്ലാസ്സിനു ശേഷം ഫോട്ടോഷോപ്പും, പിന്നെ കമ്പ്യൂട്ടറിനെ കുറിച്ചും ഒരുപാട് അറിവുകൾ കിട്ടി. കമ്പ്യൂട്ടർ ലോകത്തിലൂടെ ഞാൻ യാത്രയും തുടങ്ങി.

അറീനയിൽ ചേർന്നതിനു ശേഷമാണ് എനിക്ക് ചുറ്റും വിശാലമായ ഒരു ലോകം ഉണ്ടെന്നുള്ളത് ഞാൻ മനസ്സിലാക്കുന്നത്. അവിടെ നിന്നുള്ള ഓരോ കാര്യങ്ങളും എനിക്ക് പുതുമകളുള്ളതായിരുന്നു. ഐസ് ക്രീം കഴിക്കാൻ പോകാമെന്നു പറഞ്ഞു റഫീഖ് ഒരുദിവസം എന്നെ വിളിച്ചു. പോകാം പക്ഷെ അച്ഛനോട് പറഞ്ഞിട്ടേ വരുള്ളൂ എന്ന് പറഞ്ഞു. അന്നൊക്കെ ഭയങ്കര പേടിയായിരുന്നു ഏട്ടന്മാരുടെ കൂടെ അല്ലാതെ വേറെ പയ്യന്മാരുടെ കൂടെ നടന്നാൽ ആളുകൾ ഓരോന്ന് പറയും അതൊന്നും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു എന്നായിരുന്നു എന്റെ മനസ്സിൽ. അങ്ങനെ അച്ഛനെ വിളിച്ചു സമ്മദം വാങ്ങിച്ചു ഞങ്ങൾ രണ്ടുപേരും അടുത്തുള്ള നിളബേക്കറിയിൽ  പോയി റഫീഖ് എന്തോ പേരുപറഞ്ഞു ഐസ് ക്രീം ഓർഡർ ചെയിതു. കുത്തപ്മിനാർപോലുള്ള  രണ്ടു ഗ്ളാസ്സിൽ ഐസ് ക്രീം കൊണ്ടുവന്നു ഞങ്ങളുടെ മുന്നിൽ വച്ചു. ഇതു കണ്ട ഞാൻ അവനെ നോക്കി ഇതെന്താ സാധനം എന്ന് ചോദിച്ചു. ഞാൻ ചോദിച്ചതിൽ തെറ്റുപറയാൻ പറ്റില്ല. ഞാൻ അന്ന് വരെ കഴിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതും സൈക്കിളിൽ വീടിനടുത്തുകൂടി കൊണ്ടുവരുന്ന പെട്ടി ഐസും ഐസ് ക്രീമും മാത്രമായിരുന്നു. ആരും എന്നെ അന്നുവരെ ഇതുപോലെ കൊണ്ട് പോയിട്ടും ഇല്ല. അവിടെ പോയാൽ ഇങ്ങനെ ആയിരിക്കും എന്ന് എനിക്ക് അറിയുകയും ഇല്ലായിരുന്നു. 

നിള ബക്കറിയിലെ ആ തുടക്കം മുതൽ ഞാനും റഫീഖും അവിടെ ഞങ്ങൾ ഒരുമിച്ചു ഉണ്ടായിരുന്ന കാലം കൊണ്ട് പെരിന്തൽമണ്ണ എന്ന സിറ്റിയിലെ ചെറുതും, വലുതുമായ മിക്ക കടകളിലും, ഹോട്ടലുകളിലും, ബേക്കറികളിലും പോയിരുന്നു.

ഞാൻ നല്ലൊരു ഫോൺ കാണുന്നത് അവന്റെ കയ്യിൽ ആയിരുന്നു. അറീനയിൽ വന്നാൽ ആ ഫോൺ ഞാൻ കൈക്കലാക്കും. പിന്നെ അതിനെ കുറിച്ച് ഓരോന്ന് ചോദിച്ചു കുറെ കാര്യങ്ങൾ മനസ്സിലാക്കും. പിന്നെ പുതിയ ഗെയിം ഇൻസ്റ്റാൾ ചെയിതു കൊണ്ടുവരും അത് ഞാനെടുത്തു കളിക്കും. അവന്റെ ഫോണിലെ ഓരോന്നും എനിക്കു പരിചയമായി. അവനു ഒരു കുട്ടിയെ നല്ല ഇഷ്ട്ടമായിരുന്നു പേര് ഷാഹിന. ഏഴാം ക്ലാസ്സിൽ വച്ച് തുടങ്ങിയ പ്രണയം. ഞാൻ കണ്ടതിൽ വച്ച് നൂറുശതമാനം സത്യസന്ധതയോടെ  ഉള്ള സ്നേഹം ആയിരുന്നു അവനു അവളോട് ഉണ്ടായിരുന്നത്. പലരും പല പ്രശ്നങ്ങളും ഉണ്ടാക്കിയെങ്കിലുംഅവന്‍ അവന്‍റെ വിശ്വാസത്തില്‍ തന്നെ വിശ്വസിച്ചു.

ഞങ്ങളെന്നും ഒരുമിച്ചായിരുന്നു ഊണ് കഴിച്ചിരുന്നത്  വീട്ടിൽ നിന്നും എനിക്ക് 'അമ്മ തന്നു വിടുന്ന സാമ്പാർ അവനു ഇഷ്ട്ടപെട്ട ഒന്നായിരുന്നു. അതുപോലെ അവന്റെ ഉമ്മയുടെ പയറു ഉപ്പേരി എനിക്കും. പല ദിവസങ്ങളിലും അവന്റെ ബാഗിൽ ആപ്പിളോ, ഓറഞ്ചോ, മിട്ടായികളോ കാണുമായിരുന്നു. രാത്രിയിൽ ജോലികഴിഞ്ഞു വരുന്ന അവന്റെ ഉപ്പ കൊടുക്കുന്നതിൽ നിന്നും എടുത്ത് ബാഗിലിടുന്നതാണ് അത്. 

സെക്കൻഡ്  ഫ്ലോറിൽ ആണ് അറീന, ഗ്രൗണ്ട് ഫ്ലോറിൽ  ആലുക്കാസ് ജ്വല്ലറിയും, ഫസ്റ്റ് ഫ്ലോറിൽ കാനറാബാങ്കും ആണ്. ഞാൻ എന്നും ബസ്സ് ഇറങ്ങുന്ന സമയത്തായിരിക്കും ബാങ്കിലെ മാനേജർ കാറിൽനിന്നും ഇറങ്ങുന്നത്. മിക്ക ദിവസങ്ങളിൽ ഞങ്ങളൊരുമിച്ചായിരുന്നു സ്റ്റെപ്പുകൾ കയറുന്നത്. ഒരുദിവസം എന്താണ് അവിടെ പഠിക്കുന്നതെന്നും എങ്ങനെയാണ് ക്ലാസ് ടൈമിംഗ് എന്നെല്ലാം ചോദിച്ചറിഞ്ഞു. അതുകഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ സമയം കിട്ടുമ്പോൾ ഒന്നു വന്നു കാണാമോ എന്ന് എന്നോട് ചോദിച്ചു. ക്ലാസ് കഴിഞ്ഞു ഞാൻ വരാമെന്നു പറഞ്ഞു. അന്നത്തെ ക്ലാസ് കഴിഞ്ഞു അദ്ദേഹത്തെ പോയിക്കണ്ടു.

കണ്ട വഴി "ഇവിടെ പാർട്ട് ടൈം ജോലി തന്നാൽ ചെയ്യാൻ കഴിയുമോ?" എന്ന് ചോദിച്ചു.

ബാങ്കിലോ... ഞാനോ... എന്തു ജോലി...?

"പേടിക്കൊന്നും വേണ്ട... ഇയാളെക്കുറിച്ചു ഇന്നലെ ഞാൻ നിങ്ങളുടെ സാറിനോട് ചോദിച്ചിരുന്നു. നല്ല അഭിപ്രായം ആണ് കിട്ടിയത്. താല്പര്യം ഉണ്ടെങ്കിൽ ഇന്നുതന്നെ ജോലി തുടങ്ങാം. ഒരു ദിവസം ചെയ്യുന്ന വർക്കിന്‌ അല്ലെങ്കിൽ ഓരോ ദിവസത്തിന് എങ്ങനെ വേണം ശമ്പളം എന്നു തീരുമാനിച്ചാൽ മതി."

"എനിക്ക് ആദ്യമായി കിട്ടുന്ന ജോലിയാണിത്. എന്നെ തേടിവന്ന ജോലി. അതുകൊണ്ടു സാറുത്തന്നെ തീരുമാനിച്ചാൽ മതി" എന്ന് ഞാൻ പറഞ്ഞു.

"അങ്ങനെയെങ്കിൽ ആദ്യത്തെ രണ്ടുമാസം വർക്കിനു പയ്മെന്റ്റ് ആക്കാം കാരണം ഒരുപാട് ജോലി ഉണ്ടാകും തീർക്കാനും കഴിയും. ജോലികൂടുതലും, ശമ്പളം കുറവും ആയിരിക്കും. പിന്നീട് കുറച്ചു വർക്ക്‌ കുറയും ആ സമയം ദിവസ  ശമ്പളം ആക്കാം. വർക്ക്‌ കുറവാണെങ്കിലും ദിവസം 200 രൂപ വച്ച് കിട്ടും. അതല്ലേ നല്ലത്? "

എങ്ങനെ ആണെങ്കിലും കുഴപ്പമില്ല എന്നു ഞാൻ പറഞ്ഞു.

അന്നുതന്നെ ജോലി തുടങ്ങി. 450 രൂപവരെ ഞാൻ ഒരുദിവസം ഉണ്ടാക്കിയിരുന്നു. ഞാൻ അവിടെ ജോലിക്കുകയറിയത് വീട്ടിൽ പറഞ്ഞിരുന്നില്ല. നാട്ടിലുള്ള പലരും എന്നെ ബാങ്കിൽ കണ്ടു അച്ഛനോട് മകൾക്കു ബാങ്കിൽ ജോലികിട്ടി അല്ലെ എന്ന് ചോദിക്കാൻ തുടങ്ങി. ഹേയ് ഇല്ല. അവിടെ വെറുതെ പോയതാണെന്നും കുറച്ചു ഫയലുകൾ ഏൽപ്പിക്കാൻ പോയതാണെന്നും മറ്റും പറഞ്ഞു നിന്ന്. ഓരോ ആഴ്ചയിലായിരുന്നു എനിക്ക് ശമ്പളം കിട്ടിയിരുന്നത്. അതും കയ്യിൽ തരില്ല. അക്കൗണ്ടിൽ ഇടും. അന്നു എനിക്ക് സ്വന്തമായി കാനറാബാങ്കിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയിതു. എല്ലാ ആഴ്ചയും അതിൽ രൂപവന്നുകൊണ്ടിരുന്നു. അകൗണ്ട് നമ്പറും എടിഎം കൂടി രണ്ടാഴ്ച കഴിഞ്ഞു എനിക്ക് തന്നു. അതിലെ ബാലൻസ് കണ്ടു ഞാൻതന്നെ അത്ഭുതപ്പെട്ടു. ആദ്യമായി ഞാൻ ജോലിചെയ്തുകിട്ടിയ സാലറി. അച്ഛനെ അറിയിക്കണം എന്ന് ഉണ്ടായിരുന്നു. എന്നാലും കുറച്ചുനാളത്തേക്കു പറയാതെ ഒരു സംഖ്യ ആയിട്ട് അച്ഛനെ ഏൽപ്പിക്കാം എന്നു വച്ചു.

മൂന്നു മാസം കഴിഞ്ഞപ്പോൾ വേറെ ഒരു ഓഫറും കൂടെ എനിക്ക് കിട്ടി. ഡിസൈനർ ആയി ഒരു പ്രസ്സിൽ. എല്ലാ ദിവസവും ഒരുമണിക്കൂർ ജോലിചെയ്താൽ ആഴ്ചയിൽ ആയിരം രൂപ. എങ്ങനെയെങ്കിലും എനിക്കുവേണ്ടി ബാങ്കിൽ കിടക്കുന്ന വീടിന്റെ ആധാരം അച്ഛനെയോ ഏട്ടനെയോ ബുദ്ധിമുട്ടിക്കാതെ എടുക്കണം എന്നായിരുന്നു എന്റെ ലക്ഷ്യം. ആ പ്രസ്സ് അറീനയിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരെ ആയിരുന്നു. മെയിൻ റോഡിലൂടെ അല്ലാതെ ഉടുവഴി കണ്ടുപിടിച്ചു നാലു മണിക്ക് ബാങ്കിൽ നിന്നും ഇറങ്ങി പത്തു മിനിറ്റ് കൊണ്ടു അവിടെ എത്തുമായിരുന്നു. തിരിച്ചു അഞ്ചേകാലിനുള്ള ബസ്സിൽ വീട്ടിലേക്കു തിരിക്കും.

രണ്ടു മാസം കഴിഞ്ഞു. വർക്ക്‌ ഒരുപാട് കുറഞ്ഞു. അന്നുപറഞ്ഞപോലെ ദിവസസാലറി ആക്കി. ഏതെങ്കിലും സമയം അവിടെ പോയി അരമണിക്കൂർ ചെയ്താൽ തീരുന്ന ജോലിയേ അവിടെ അപ്പോൾ ഉണ്ടായിരുന്നുള്ളു. അതിനാൽ തന്നെ എനിക്കൊരുപാട് സമയം അറീനയിൽ കിട്ടിയിരുന്നു. ബാങ്കിലെ എല്ലാവരുമായും നല്ല കൂട്ടായി. സുനിലേട്ടൻ, ഉഷാ മാഡം, പ്രിയമാഡം അങ്ങനെ കുറെ പേര്. ഉഷാ മാഡത്തിനു കുട്ടികൾ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം മോളെപോലെ ആയിരുന്നു എന്നോടുള്ള സ്നേഹം. ഒരിക്കൽ സംസാരിക്കുന്നതിനിടയിൽ എനിക്ക് നിന്നെപോലൊരു മോളെകിട്ടിയില്ലല്ലോ എന്നു പറഞ്ഞു. എന്നെ അങ്ങെടുത്തോളു മാഡം എന്ന് ഞാൻ പറഞ്ഞു. അതെന്തോ അവർക്കു വലിയ സന്തോഷമായി. ആ വര്‍ഷം ഓണത്തിനു മാഡം തിരുനന്തപുരത്തുള്ള അവരുടെ വീട്ടിൽ പോയി വരുമ്പോൾ എനിക്ക് പിങ്കും പച്ചയും ഉള്ള നല്ല ഭംഗിയുള്ള ദാവണി സെറ്റ് വാങ്ങിച്ചുതന്നു. അത് അന്നുതന്നെ തൈച്ചു അടുത്തദിവസം ക്ലാസ്സിൽ പോകുമ്പോൾ ഉടുത്തുകൊണ്ടു പോയി. രാവിലെതന്നെ മാഡത്തിനെ കാണിച്ചു. എന്നെ കണ്ടതും അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ചേർത്തുപിടിച്ചു നല്ല ഭംഗിയുണ്ടെന്നും, ഇത്രയും പെട്ടെന്നെങ്ങനെ തയ്ച്ചു കിട്ടി എന്നും   ചോദിച്ചു. ഞാൻതന്നെ ഇന്നലെ രാത്രി തൈയിച്ചതാണെന്നു  പറഞ്ഞപ്പോൾ നന്നായി തൈച്ചിട്ടുണ്ടെന്നും പറഞ്ഞു. അന്ന് അവരുടെ കയ്യിലെ ഫോണിൽ എന്റെ കൂടെ അവരും കൂടി നിന്ന് ഒരു ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ ആയിരുന്നു ഒരുപാടുകാലം അവരുടെ ഫോണിലെ വാൾപേപ്പർ.

സ്വന്തം സഹോദരനെപോലെ ഓരോ കാര്യങ്ങളും പറഞ്ഞുതന്നിരുന്നത് ഒറ്റപാലം കാരനായ സുനിലേട്ടനായിരുന്നു. ഒരുപാട് നിർബന്ധിച്ചു ബാങ്ക് ടെസ്റ്റുകൾ എഴുതാൻ. അതിനോടൊന്നും അന്നെനിക്ക് താല്പര്യം തോന്നിയില്ല. കാരണം അത്രയധികം എന്റെ കമ്പ്യൂട്ടർ ലോകം ഞാൻ ഇഷ്ടപ്പെട്ടിരുന്നു. ബാങ്കിലുള്ളവരെ കുറിച്ച് വളരെ വ്യക്തമായ ഒരു രൂപം തന്നതുതന്നെ സുനിലേട്ടനാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരോടും ഏതുരീതിയിൽ വേണം പെരുമാറാനും എനിക്ക് അറിയാമായിരുന്നു. പിന്നെ ഉള്ളത് പ്രിയ മാഡം. എന്റെ കൊച്ചു എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. പലവഴിക്കും എനിക്കുനേരെ വരുന്ന പണികൾ തടഞ്ഞു നിർത്തിയിരുന്നത് അവരായിരുന്നു. ബാങ്കിൽ സ്ഥിരജോലിക്കാരേക്കാളും കൂടുതൽ ഞാൻ അവിടെ നിറഞ്ഞു നിൽക്കുന്നത് അവിടെ ഉള്ള മറ്റൊരു മാനേജറിന്റെ സമാധാനം കളഞ്ഞിരുന്നു. വേറെ പ്രശ്നമൊന്നും അല്ല. പ്രായത്തിന്റെയായിരുന്നു അത്. പുതിയ അക്കൗണ്ട് ഓപ്പൺചെയ്യാനും,  പുതിയ എടിഎം കാർഡ്, സിഗ്നേച്ചർ അപ്രൂവ് ചെയ്യൽ, തുടങ്ങിയ ഒരുപാട് ജോലികൾ അവിടെ ഏതാനും ദിവസം കൊണ്ട് ഞാൻ ചെയിതു തുടങ്ങി. അതൊന്നും അദ്ദേഹത്തിനത്രക്കു ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം എനിക്ക് കണ്ടു പിടിച്ച ഡി മെറിറ്റ് ഞാൻ കീ ബോർഡിൽ നോക്കിയാണ് ടൈപ്പ് ചെയ്യുന്നത് എന്നതാണ്. അതിനെന്താണെന്ന ഭാവത്തിൽ ഞാൻ നോക്കിയപ്പോൾ പ്രിയ മാഡം സർ നോക്കാതെ ടൈപ്പ്‌ചെയ്യുന്നതുകൊണ്ടാണ് ഒത്തിരി സമയം എടുക്കുന്നതെന്നു പറഞ്ഞു. അതുപോലെ പ്രതികരിക്കാൻ പ്രിയ മാഡം ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.

അതുപോലെതന്നെ എന്നെപോലെ അവിടെ ഉണ്ടായിരുന്ന ഒരാളായിരുന്നു റിയാസ്. എവിടെ പോകാനും ബാങ്ക് ലോൺ അടക്കാൻ ബാക്കിയുള്ളവരെ തപ്പിപിടിക്കുന്നതും അവനായിരുന്നു. എന്റെ അച്ഛൻ പോസ്റ്മാൻ ആണെന്നറിഞ്ഞ അവൻ ആദ്യംതന്നെ അച്ഛനുമായി നല്ലൊരു ബന്ധം ഉണ്ടാക്കി. അമ്പതും ഇരുപത്തെട്ടും ഒരു വ്യത്യാസമായിരുന്നില്ല. നാട്ടിൽ ആരുടെ വിവരങ്ങൾ വേണമെങ്കിലും ആദ്യം അവൻ അച്ഛനെ വിളിച്ചു വീട്ടിലെ ആളുകളുടെ എണ്ണം അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. അങ്ങനെ ഓരോരുത്തരും അവരവരുടേതായ രീതിയിൽ എന്നോട് നല്ല കൂട്ടായിരുന്നു. ഞാൻ ചെന്നതിൽ പിന്നെ കുറച്ചുപേരുടെ കമ്പ്യൂട്ടറിൽ കുറെ നല്ലനല്ല പാട്ടുകൾ കോപ്പി ചെയിതു കൊടുത്തു. ഉച്ചക്കു ഊണു കഴിക്കുന്ന സമയത്തും ഫ്രീ സമയത്തും  അവിടെ പാട്ടുകൾ ഒരു പതിവായി. പലരിൽ നിന്നും വളരെ ആത്മാർത്ഥമായ സ്നേഹം അതായിരുന്നു എനിക്കവിടെ ജോലിചെയിത കാലത്തോളം ലഭിച്ചിരുന്നത്.

ബാങ്കിലെയും പ്രെസ്സിലെയും സാലറി കൂട്ടി ഒരു സംഖ്യയായി ഞാൻ ആ രൂപ അച്ഛനെ ഏൽപ്പിച്ചു. ഇതെവിടുന്നാണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ബാങ്കിലും പ്രസ്സിലും ആളുകൾ എന്നെ കണ്ടിരുന്നത് സത്യമാണെന്നും അവിടെ കുറച്ചു സമയം ജോലി ചെയ്തിരുന്നു എന്ന സത്യവും ഞാൻ പറഞ്ഞു. എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ ഉള്ള അച്ഛന്റെ ആ നിൽപ്പ് ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അച്ഛന് അത്യാവശ്യം ഉണ്ടായിരുന്ന കുറെ കാര്യങ്ങൾ അച്ഛൻ അതുകൊണ്ടു തീർത്തു. വീടിന്റെ ആധാരം തിരിച്ചെടുത്തു.

ആയിടക്കാണ് എല്ലാവരും കൂടി കൊച്ചിയിൽ പോകാൻ തീരുമാനം ആയത്. എന്നെ പോലെ പുതിയതായി ഉള്ളവർക്ക് 3D അനിമേഷൻ സെമിനാർ ഉണ്ടെന്നും, പലർക്കും ഇന്റർവ്യൂ ഉണ്ടെന്നും അതിനു പോകണമെന്നും അറിയിച്ചു. രാവിലെ നേരത്തെ അരീനയിൽ നിന്നും പുറപ്പെട്ടു രാത്രിതന്നെ തിരിച്ചെത്തും എന്നായിരുന്നു പ്ലാൻ. അങ്ങനെ അതിരാവിലെ വലിയേട്ടനും അച്ഛനും കൂടി എന്നെ അറീനയിൽ എത്തിച്ചു. അവിടെ നിന്നും രണ്ടു ബസ്സിലായി കൊച്ചിയിലെത്തി. എനിക്ക് ആകെ ഉണ്ടായിരുന്ന കൂട്ട് ദീപയും റഫിയും, സുരേഷ് സാറും ആയിരുന്നു. അടിച്ചുപൊളിച്ചു തന്നെ ഞങ്ങളവിടെ എത്തി. സെമിനാർ കഴിഞ്ഞതും കുറെ പേര് ഇന്റർവ്യൂനു പോയി. ഞങ്ങളെ കൂടാതെ മറ്റു രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു അറീനയിൽ. ഞങ്ങളുടെ സീനിയർസ് ആയ നർമ്മദയും, ശ്രുതിയും, തടിയില്ലാതെ അത്യാവശ്യം പാട്ടുപാടുന്ന ഒരു നാടൻ പെൺകുട്ടി. നർമ്മദ മലയാളി അല്ല എന്നായിരുന്നു ഞങ്ങൾ വിചാരിച്ചിരുന്നത്. ഒരുദിവസം മലയാളം പറയുന്നത് കേട്ടപ്പോഴാണ് മലയാളി ആണെന്ന കാര്യം മനസ്സിലായത്. അവളെ കണ്ടാൽ മലയാളി ആണെന്ന് ആണെന്ന് പറയില്ല. ഞങ്ങൾ വിചാരിച്ചതു പോലെ തന്നെ അവളുടെ സ്വന്തം നാട് നേപ്പാൾ ആണ്. അച്ഛന്റെ ജോലിക്കാര്യമോ മറ്റോ ആയി ചെറുപ്പത്തിൽ അവൾ കേരളത്തിൽ എത്തിയതാണ്. ദീപയും ഇന്റർവ്യൂനു പോയി. റഫി മറ്റാരോ ആയി സംസാരിച്ചു നിന്നു. സുരേഷ്‌സാർ സീനിയർസ്നോട് സംസാരിച്ചു നിന്നു.

പിന്നെ ഞാൻ ഒറ്റപ്പെട്ടു. സെമിനാർ കഴിഞ്ഞു എല്ലാവർക്കും വേണ്ടുവോളം ഫ്രീയായി ഫ്രൂട്ടി കൊടുത്തിരുന്നു. കൂട്ടത്തിൽ എനിക്കും കിട്ടി രണ്ടെണ്ണം. അത് കുടിച്ചു ഞാൻ ആ ബോക്സ്‌ എന്ത് ചെയ്യണം എന്ന് നോക്കി നിൽക്കുമ്പോൾ ഉത്സവം കഴിഞ്ഞ പറമ്പ് പോലെ ഫ്രുട്ടി ബോക്സ്‌ നിരന്നു കിടക്കുന്നു.

എന്റെ അടുത്താ ണെങ്കിൽ ആരും ഇല്ല. റഫിയും സാറും കുറച്ചകലെ നില്ക്കുന്നു. എന്റെ മനസ്സിൽ ഒരു ആഗ്രഹം വഴിയിൽകിടക്കുന്ന ഫ്രുട്ടി ബോക്സ്‌ ഒരെണ്ണം ചവിട്ടി.പൊട്ടിക്കാൻ.

ഞാൻ സാവധാനം താഴെ കിടന്ന ഒരു ബോക്സ്‌ നടുത്ത് പോയി നിന്നു. ആരും ശ്രദ്ധിക്കുന്നില്ല. ഞാൻ അതിൽ കുറച്ചു ഉറക്കെ ചവിട്ടി. "ട്ടോ .."

ആ ശബ്ദം എനിക്ക് ഇഷ്ട്ടമായി. ഞാൻ അടുത്തതും പൊട്ടിച്ചു. അതിനടുത്തത് അടുത്തത് അങ്ങനെ എല്ലാം.

പിന്നെ ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി. ഞാൻ പൊട്ടിച്ച ബോക്സ്‌ കളുടെ സ്ഥാനത് വീണ്ടും ബൊക്സുകൾ . അതും പൊട്ടിച്ചുകൊണ്ടു തിരിച്ചു നടക്കുമ്പോൾ ചുമ്മാ ഒന്ന് തരിഞ്ഞു നോക്കി. ആരെങ്കിലും എന്റെ ഈ പൊട്ടത്തരം കാണുന്നുണ്ടോ എന്ന് അറിയാൻ.

ആ കാഴ്ച കണ്ടു ഞാൻ ഞെട്ടിപ്പോയി.ഒരാൾ ഞാൻ പോന്ന വഴിയിലൂടെ വീണ്ടും ഫ്രുട്ടി ബോക്സ്‌ തട്ടി ഇടുന്നു.

ഞാൻ അയാളെ ഒന്ന് നോക്കി. അയാൾ ഒന്നും അറിയാത്തപോലെ ഒരേ ഒരു നില്പ്പ്. ഞാൻ നേരെ സർനോടു ചെന്ന് പറഞ്ഞു.

" സർ അയാളെനിക്ക് പട്ടികുട്ടിക്കു എല്ലുകഷ്ണം ഇട്ടു കൊടുക്കുന്നപോലെ എനിക്ക് ഫ്രുട്ടി ബോക്സ്‌ ഇട്ടുതരാണ്. "

ആഹാ അവൻ അങ്ങനെ ചെയിതോ?? എങ്കിൽ വാ നമുക്കൊന്ന് ചോദിക്കാം.

അങ്ങനെ അയാളെ ഇന്ന് സർ  ശരിയാക്കും എന്നാ ഭാവത്തിൽ ഞാൻ സർന്റെ കൂടെ ചെന്നു. കൂടെ റഫിയും ഉണ്ട്. അയാളുടെ അടുത്തെത്തിയതും സർ അയാളുടെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു ഞങ്ങളെ നോക്കിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

ഇതെന്റെ അനിയൻ സുനിൽ. നിങ്ങളെ പരിജയപെടുത്താൻ മറന്നു. പിന്നെ അനിയനു ഞങ്ങളെ പരിജയപെടുത്തി. ഒന്ന് ചിരിച്ചു കൊണ്ട് ഞങ്ങൾ പിരിഞ്ഞു.

തിരിച്ചു പോരുമ്പോൾ ഞാൻ ഒന്നുമാത്രമേ സർ നോട് പറഞ്ഞുള്ളൂ.

"എന്നാലും ഇത്രക്കും വേണ്ടിയിരുന്നില്ല."

അങ്ങനെ ഞങ്ങൾ എല്ലാവരും തിരിച്ചു വീട്ടിലെത്തി.

അടുത്ത ദിവസം ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പേ അനിയന് സുഖമാണോ? ചോദിച്ചതായി പറയു ട്ടോ എന്ന്  ഞാന്‍ സാറിനോട് പറഞ്ഞു.

വേണ്ട അവനൊരു പാവമാണ് എന്നായിരുന്നു അപ്പോള്‍ സാറിന്റെ മറുപടി. പിന്നീട് പലവട്ടം ഞാന്‍ സുനിലെട്ടനെ കണ്ടിട്ടുണ്ടെങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല.


ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കാണുന്ന സിനിമ യന്തിരൻ ആണ്. 2010 ഒക്ടോബർ മൂന്നാം തീയ്യതി ചെർപ്പുളശേരി ദേവി തിയ്യേറ്ററിൽ വല്യച്ഛന്റെ ചെറിയ മകനായ സജിയേട്ടന്റെ കൂടെ. എഡിറ്റിങ്ങും, 3ds Max, Maaya ഇതൊക്കെ പഠിക്കാൻ പോകുന്ന ഞാൻ അന്നുവരെ തീയേറ്റർ കടില്ലെന്നു പറഞ്ഞാൽ വിശ്വസിക്കില്ല. ഏട്ടന്മാരൊക്കെ പോകുമായിരുന്നു. പക്ഷെ അവരെന്നും അവരുടെ ഫ്രണ്ട്സിന്റെ കൂടെ ആയിരുന്നു പോയിരുന്നത്. അച്ഛനോ അമ്മയോ തീയേറ്റരിൽ പോയി സിനിമ കാണുകയും ഇല്ല. റഫീഖിന്റെ കൂടെ പോകാമായിരുന്നെങ്കിലും എന്റെ മനസ്സിലെ തീയേറ്ററിനുള്ളിലെ ഒരു രൂപം വളരെ വികൃതമായിരുന്നു. അങ്ങനെ ആദ്യമായി കണ്ട സിനിമ അതെന്തായാലും ഞാൻ നന്നായി ഇഷ്ട്ടപെട്ടു. പലരും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നത് നമ്മളുടെ അടുത്തു നിന്നു ആളുകൾ നിന്ന് അഭിനയിക്കുന്ന പോലെ ആയിരിക്കും എന്നൊക്കെ ആയിരുന്നു.

വീട്ടിൽ പറഞ്ഞാൽ സമ്മദിച്ചില്ലെങ്കിലോ എന്ന് പേടിച്ചു ഞാനും സജിയേട്ടനും വലിയേട്ടന്റെ ഭാര്യ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. അങ്ങനെ സിനിമയും കണ്ടു അവരുടെ വീട്ടിലും പോയി ഞങ്ങൾ തിരിച്ചു വന്നു.

ഇക്കാര്യം അച്ഛനോട് പറയാതെ ഒരു വീർപ്പുമുട്ടൽ. അവസാനം വരുന്നത് വരട്ടെന്നും വച്ച് ഞാനിന്നു തീയേറ്ററിൽ പോയിപോയി സിനിമകണ്ടു എന്ന് പറഞ്ഞു. ഏതു സിനിമ എന്ന് അച്ഛൻ ചോദിച്ചു. യന്തിരനാണെന്നും നല്ല രസമായിരുന്നെന്നും തീയേറ്റർ ഇങ്ങനെയൊക്കെ ആയിരുന്നെന്നും പറഞ്ഞു. ആരോടാ ഞാൻ പറയണത്? അച്ഛൻ പണ്ട് കൂട്ടുകാരുടെ കൂടെ സിനിമക്ക് പോയി പാതിരാത്രിയിൽ ആയിരുന്നത്രേ വന്നിരുന്നത്. എന്തായാലും പ്രതീക്ഷിച്ചതു പോലെ ഒന്നും ഉണ്ടായില്ല. അച്ഛന്റെ സമയക്കുറവും, കാശിന്റെ കുറവും മറ്റും ആണ് ഞാനിതൊന്നും അറിയാതിരുന്നതെന്നു എനിക്ക് മനസ്സിലായി. തീയേറ്ററിൽ പോയിസിനിമ കാണുന്നത് അന്നുവരെ നല്ലതല്ല എന്ന് എന്നോട് ആരും പറഞ്ഞിരുന്നില്ല. എല്ലാം എന്റെ തോന്നലായിരുന്നു. ഞാൻ തന്നെ ഉണ്ടാക്കിയെടുത്ത വിശ്വാസം.

16/01/2017


ആദ്യ സെമെസ്റ്ററില്‍പെട്ട ഗ്രാഫിക് ഡിസൈന്‍ കഴിഞ്ഞപ്പോള്‍ അവിടെത്തന്നെ ഉള്ള ആളുകളെ വച്ച് ഒരു ചെറിയ ചിത്രകഥ അടങ്ങുന്ന ചെറിയൊരു ബുക്ക്‌ ഞാനും റഫിയും കൂടി ചെയിതു. "മൊട്ടുസൂചി" എന്നായിരുന്നു ആ ബുക്കിനു ഞങ്ങളിട്ട പേരു. പേരുപോലെ തന്നെ അതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ കുത്തു കൊടുക്കുന്ന രീതിയിലായിരുന്നു അതിലെ കഥകള്‍. ആ പ്രൊജക്റ്റ്‌ ചെയിതത്തിനു അറിനയില്‍ നിന്നും ട്രോഫിയും സര്‍ട്ടിഫിക്കറ്റും കിട്ടി. സുരേഷ് സര്‍ ആയിരുന്നു അത് സമ്മാനിച്ചത്. അതുകഴിഞ്ഞ് അധികം താമസിയാതെ സുരേഷ് സാറിന് ബാംഗ്ലൂരില്‍ ജോലികിട്ടി. എങ്കിലും ഞങ്ങളുടെ ടീമുമായി നല്ലൊരു ബന്ധം അദ്ദേഹം തുടര്‍ന്നു. നാട്ടില്‍ വന്നാല്‍ ഞങ്ങളെ കാണാനായി അറിനയില്‍ വരുമായിരുന്നു. അവിടെ വന്നു കുറച്ചു സമയം ഞങ്ങളുടെ കൂടെ ചിലവഴിച്ചു പിരിയുമ്പോള്‍ നന്നായി പഠിക്കണം, ‌പഠിക്കുമ്പോഴെ പ്രൊജക്റ്റ്‌ ചെയ്യണം, അല്ലെങ്കില്‍ ജോലിക്ക് കയറുമ്പോള്‍ കാണിക്കാന്‍ പ്രൊജക്റ്റ്‌ ഉണ്ടാകില്ല, പ്രൊജക്റ്റ്‌ ചെയിതില്ലെങ്കില്‍ പഠിക്കുന്ന കാര്യം പെട്ടന്ന് മറന്നു പോകും എന്നൊക്കെ പറഞ്ഞു തരുമായിരുന്നു. അതുകൊണ്ടുതന്നെ ഓരോ പുതിയ സോഫ്റ്റ്‌വെയര്‍ പഠിക്കുമ്പോഴും  പ്രോജെക്ട്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ രണ്ടാമത്തെ സെമെസ്റെര്‍ തുടങ്ങി. അതില്‍ 2D അനിമേഷന്‍ ആയിരുന്നു പഠിക്കാനുണ്ടായിരുന്നത്. സുരേഷ്സാറു പോയതിനു ശേഷം വിശ്വമോഹന്‍സാര്‍ ആയിരുന്നു പിന്നീട് ഞങ്ങള്‍ക്കു ക്ലാസ്സ്‌ എടുത്തിരുന്നത്. അദ്ദേഹവും നന്നായിത്തന്നെ ക്ലാസ്സെടുതിരുന്നു. ക്ലാസ്സ്‌ പകുതി ആയപ്പോള്‍ പ്രൊജക്റ്റ്‌ തുടങ്ങി. അനിമേഷനുവേണ്ട കഥയും സ്റ്റോറി ബോര്‍ഡും വരച്ചു. പ്രൊജക്റ്റ്‌ തുടങ്ങുമ്പോള്‍ കുറച്ചു പേരൊക്കെ അതില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിലെ താല്‍പര്യം എല്ലാവര്‍ക്കും വിട്ടു. പിന്നീട് ഞാന്‍ തനിച്ചു കുറച്ചൊക്കെ ചെയിതെങ്കിലും അതും അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് വീണ്ടും സുരേഷ്സര്‍ ഞങ്ങളെ കാണാന്‍ വന്നു. ചെയിത അത്രയും അദ്ധേഹത്തെ കാണിച്ചു. നന്നായിട്ടുണ്ടു അത് മുഴുവനാക്കണം എന്നും പറഞ്ഞു. ശ്രമിക്കാമെന്നു പറഞ്ഞെങ്കിലും അതുമുഴുവനാക്കിയില്ല. ഒരുദിവസം വിസവമോഹന്സര്‍ പ്രൊജെക്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ കുറ്റബോധവും, തീര്‍ക്കാന്‍ കഴിയാത്ത വിഷമവും കൊണ്ടു ആരും കൂടുന്നില്ല എനിക്ക് തനിച്ചത് മുഴുമിക്കാനും കഴിയുന്നില്ലെന്ന് പറഞ്ഞു. അപ്പോഴേക്കും ഞാന്‍ കരയാന്‍ തുടങ്ങിയിരുന്നു. അതുകണ്ട് ഇപ്പൊ ശരിയാക്കിതരാമെന്നും പറഞ്ഞു വിശ്വമോഹന്‍ സാര്‍ റഫിയും, ജിനേഷിനെയും, ദീപയും മറ്റും വിളിച്ചു സംസാരിച്ചു. അതിനു ശേഷം എല്ലാവരും കൂടി സൌണ്ടും, ബാക്ക്ഗ്രൌണ്ട് സൌണ്ടും കൊടുത്ത് പ്രൊജക്റ്റ്‌ തീര്‍ത്തു.

ഓരോ പ്രൊജക്റ്റ്‌ തീരുമ്പോഴും ഞാന്‍ ആറിനയിലെ പഠനം ഞാന്‍ ആസ്വതിക്കാന്‍ തുടങ്ങി.

പഠിച്ചത് വച്ച് കുട്ടികളുടെ കഴിവുകൾ ഉൾക്കൊള്ളിച്ചു ഒരു മാഗസിൻ ഇറക്കാൻ ഞങ്ങൾ തീരുമാനിച്ചു. എല്ലാവരും സഹകരിക്കുകയും ചെയിതു. പ്രിൻറ്റിങ് ഒഴികെ ബാക്കിയെല്ലാം അവിടെ ഉള്ള കുട്ടികൾ തന്നെ ആയിരുന്നു ചെയ്തിരുന്നത്. മാഗസിൻന്റെ വർക്കിനു വേണ്ടി ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ടൈപ്പിങ്ങും, മറ്റു ചെറിയ വർക്കുകളും ഞാൻ ചെയിതു കൊടുത്തിരുന്നു. ഞാനും കൊടുത്തിരുന്നു ഒന്നു രണ്ടു രചനകൾ. മാഗസിൻന്റെ അവസാനമായപ്പോഴേക്കും വളരെ കുറച്ചു പേരെ അതിൽ ഉണ്ടായിരുന്നുള്ളു. പലരും പാതിവഴിയിൽ നിർത്തി. ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നത് രവിന്ദ്രൻ എന്ന ഞങ്ങളുടെ രവിയും, അവനു മുഴുവൻ സപ്പോർട്ടുമായി നവാസ് സാറും ആയിരുന്നു.

മാഗസിൻ വർക്ക് തുടങ്ങുന്നതുവരെ രവിയുമായി അധികം പരിചയമില്ലായിരുന്നു. വർക്ക് തുടങ്ങി ഓരോ കുട്ടികളുടെയും രചനക്ക് അനുസരിച്ചു അവൻ വരയ്ക്കുന്ന ചിത്രങ്ങൾ ആയിരുന്നു അവനുമായി ഒരു കൂട്ടുകെട്ടുണ്ടാക്കിയത്. ഏതു രീതിയിലുള്ള കലയായാലും അതിനെ അതിന്റേതായ രീതിയിൽ ആസ്വദിക്കാൻ പലപ്പോഴും എനിക്ക് കഴിറുണ്ട് . അതുപോലതന്നെ ദൈവം അറിഞ്ഞു കൊടുക്കുന്ന കഴിവിനെ സ്വയം അറിയുന്ന കലാകാരനോടും / കലാകാരിയോടും വളരെ വലിയ ബഹുമാനമാണ്.

രവിയുടെ ഓരോ വരയിലും ജീവനുണ്ടായിരുന്നു. പലപ്പോഴും ക്ലാസ്സുകഴിഞ്ഞു അവൻ വരക്കുന്നത് ഞാൻ നോക്കി ഇരുന്നിട്ടുണ്ട്.

വളരെ നന്നായി തന്നെ ആ മാഗസിൻ ഇറങ്ങി. അതിന്റെ പബ്ലിഷിനുവേണ്ടി രണ്ടുമൂന്നു പേരു വന്നിരുന്നു. പബ്ലിഷിംഗ് കഴിഞ്ഞു ഞങ്ങൾക്കൊരു സർപ്രൈസിങ് ഗിഫ്റ്റും കിട്ടി. അവിടെ പുതുതായി തുടങ്ങുന്ന ഒരു കമ്പനിയിലേക്ക് ഞാനടക്കം ആറുപേരെ തിരഞ്ഞെടുത്തിരിക്കുന്നു. ആ കമ്പനി തുടങ്ങി കുറച്ചു ആയപ്പോഴേക്കും കേരളത്തിലെ എല്ലാ അറീനയും കൂടി കൊച്ചിയിൽ വച്ചു ഒരു സെമിനാർ നടത്തുന്നതായും അതിൽ "യൂണിറ്റി ഈസ് സ്ട്രങ്ത്ത്" തീം ആയി ഒരു മിനുട്ട്  അനിമേഷൻ മത്സരവും ഉണ്ട്. ആ മത്സരത്തിൽ നമുക്കും പങ്കെടുക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു. അതിനു വേണ്ടി കഥയും, സ്റ്റോറി ബോർഡ് ഉണ്ടാക്കലും തിരക്കായി. ആ പ്രൊജക്റ്റ് ചെയ്യുന്നത് രണ്ടു പേർ മാത്രമായിരിക്കണം, മുപ്പതു സെക്കൻഡിൽ അധികമാകാനും പാടില്ല. അതുകൊണ്ടു ഞങ്ങളുടെ ടീം മൂന്നു ഗ്രൂപ്പ് ആയി മാറി. ഡിസൈനിങ് കോഴ്സ് മാത്രമായി പഠിക്കാൻ വന്ന ദിൽഷയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. യൂണിറ്റിഎന്നത് കേൾക്കുമ്പോൾ തന്നെ ആദ്യം കിട്ടുന്നത് ഉറുമ്പുകളെ ആയിരിക്കും, ഞങ്ങളുടെ രണ്ടു വർക്കിലും ഉറുമ്പുകൾ ആയിരുന്നു മൂന്നാമതെത്തി തേനീച്ചയും. പ്രൊജക്റ്റ്  ചെയ്താൽ മാത്രം പോരാ അവിടെ ചെന്ന് അതിനെക്കുറിച്ച് സംസാരിക്കുകയും വേണം, അതും ഇംഗ്ലീഷിൽ. ദിൽഷാ നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. അവൾ ഗൾഫിലായിരുന്നു കുറെ കാലം ലീവിനു വന്നിരിക്കുന്നതാണിപ്പോ.

രാത്രിയും പകലും വ്യത്യാസം ഇല്ലാതെ എല്ലാവരും വർക്ക്‌ ചെയ്തുകൊണ്ടിരുന്നു. രവി, സനൂപ്, രാഹുൽ, ജിനേഷ് എന്ന കെ. ക്കെ ഇവർ പലപ്പോഴും വീട്ടിൽ പോലും പോയിരുന്നില്ല. കിടത്തവും ഉറക്കവും എല്ലാം അവിടത്തന്നെ രാവിലെ നേരത്തെ കുറച്ചധികം ഭക്ഷണം ഞാൻ വീട്ടിൽനിന്നും കൊണ്ടു വരും അത് എല്ലാവരും കൂടെ കഴിക്കും. പത്തു ദിവസംകൊണ്ടു പ്രൊജക്റ്റ് തീർന്നു.

ഞങ്ങൾ കൊച്ചിയിലെത്തി. പ്രതീക്ഷിച്ചതിലും വലിയ പരിപാടി ആയിരുന്നു അത്. സ്റ്റേജിൽ കയറുമ്പോഴേ വിറക്കാൻ തുടങ്ങി. അവിടെയും ഇവിടെയും ആർക്കും ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞു. ദിൽഷാ നന്നായി അവതരിപ്പിച്ചു. അന്നത്തെ ആ മത്സരത്തിൽ ഞങ്ങൾക്ക് സമ്മാനമൊന്നും ലഭിച്ചില്ല. പക്ഷെ അത്രയും ആളുകൾ ഉണ്ടായിരുന്നതിൽ ഞങ്ങളെ ആറുപേരെയും, ഞങ്ങളുടെ വർക്കും നല്ല വർക്ക് ആയിരുന്നു പക്ഷേ, അതിൽ ഞങ്ങളെടുത്ത ഉറുമ്പിനും തേനിച്ചക്കും പകരമായി മറ്റെന്തെങ്കിലും ആകാമായിരുന്നു എന്നതാണ് അവരുപറഞ്ഞത്. ഞങ്ങളെ ഓരോരുത്തരെയും പേര് ഓർമ്മിച്ചു ഞങ്ങളെപ്പറ്റിയും, വർക്കിനെ കുറിച്ചും കുറച്ചു സമയം സംസാരിച്ചതിനേക്കാൾ വലിയ ഒരു സമ്മാനം ഞങ്ങൾക്ക് വേറെ കിട്ടാനിലായിരുന്നു.




06/02/2017 

അരിനയിലെ പഠനം ഏതാനും തീര്‍ന്നു. സ്ഥിരമായി ജോലിനോക്കാനുള്ള സമയമായി. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഫീല്‍ഡ് 2D / 3D അനിമേഷന്‍ ആയിരുന്നു. എങ്കില്‍ അതെനിക്കു കഴിയില്ലെന്നും എന്നെപോലുള്ള സാധാരണ പെണ്‍കുട്ടികള്‍ക്ക് ചേരുന്ന ഫീല്‍ഡ് അല്ല അനിമേഷന്‍ എന്നും പറഞ്ഞു പലരും എന്നെ മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിച്ചു. ആയിടക്കു ഒരു അനിമേഷന്‍ ഇന്റര്‍വ്യൂനു ഞങ്ങളെ കൊണ്ടുപോയി. അതോടെ  അനിമേഷന്‍ ജോലി എന്ന ആഗ്രഹം മാറ്റിവച്ചു. അധികം താമസിയാതെ തന്നെ കൊച്ചിലെ മറ്റൊരു കമ്പനിയില്‍നിന്നും ഓഫര്‍ കിട്ടി. ഇന്റര്‍വ്യൂനു പോകാന്‍ ഞാന്‍ തനിയെ പോകണം. കാരണം അച്ഛനു കൂടെ വരാന്‍ സമയമില്ല. അന്ന് ഏട്ടന്‍ കൊച്ചിയില്‍ ആയിരുന്നു. അങ്ങനെ ഞാന്‍ കൊച്ചിയിലെത്തി ഏട്ടനെ കണ്ടു. ഏട്ടനെന്നെ ഇന്റര്‍വ്യൂ ഉള്ള കമ്പനിയില്‍ കൊണ്ടുപോയാക്കി. ഡിസൈനിങ്ങില്‍ ആദ്യത്തെ ഇന്റര്‍വ്യൂ. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നെ അവിടെ വിട്ടു ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ വിളിക്കെന്നും പറഞ്ഞു ഏട്ടന്‍ എങ്ങോട്ടോ പോയി. ഇന്റര്‍വ്യൂ നടത്താന്‍ വന്ന ആളെ കണ്ടാല്‍ത്തന്നെ പേടിയാകുന്ന നോട്ടം. അങ്ങനെ ടെക്നിക്കല്‍ ടെസ്റ്റ്‌ എന്നുപറഞ്ഞു ഒരു പ്രൊജക്റ്റ്‌ ചെയ്യാന്‍ തന്നു. അത് ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ ചെയിതു കൊടുത്തു. നന്നായി ചെയിതിട്ടുണ്ടെന്നു ഉള്ള സര്‍ട്ടിഫിക്കറ്റ്  അപ്പോള്‍ തന്നെ കിട്ടി. പിന്നീട് സാലറിയെപറ്റി ആയിരുന്നു സംസാരം. എത്ര വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ടെന്ന ചോദ്യത്തിനു ഫ്രെഷേര്‍ ആണെന്ന് പറഞ്ഞു. അതോടെ സാലറി വെട്ടികുറച്ചു. അങ്ങനെ മൂവ്വായിരം രൂപ സാലറി ആയി എന്‍റെ ആദ്യത്തെ ജോലിയില്‍ കിട്ടി.


തിരിച്ചു വീട്ടില്‍വന്നു എല്ലാം പായ്ക്ക് ചെയിതു കൊച്ചിയിലേക്ക് പുറപ്പെട്ടു. ആദ്യമായി വീട്ടില്‍നിന്നും വിട്ടുനില്‍ക്കുന്നു. രണ്ടു ആഴചയില്‍ ഒരിക്കല്‍ വീട്ടില്‍ വരാമല്ലോ എന്നോരാസ്വാസം മാത്രം ആയിരുന്നു അപ്പോള്‍ ഉണ്ടായിരുന്നത്. അന്ന് പോകുമ്പോള്‍ അച്ഛനും കൂടെ വന്നു. കൊച്ചിയിലെത്തി ഏട്ടനും അച്ഛനും ഞാനും കൂടി താമസിക്കാനുള്ള ഹോസ്റ്റല്‍ തിരഞ്ഞു നടന്നു. അവസാനം 700 രൂപ മാസം rent നു നെസ്റ്റ് നടുത്തുള്ള മദേര്‍ തെരേസ്സ ഹോസ്റ്റലില്‍ എന്നെ കൊണ്ടുപോയാക്കി. ഒരു ബക്കെറ്റ്, കപ്പ്‌, ബെഡ് അങ്ങനെ ഉള്ള കുറച്ചു സാധനങ്ങളും വാങ്ങിച്ചു തന്നു. എന്നെ അവിടെ ആക്കി അച്ഛനും ഏട്ടനും തിരിച്ചു പോയി. ആദ്യത്തെ ദിവസം വലിയകുഴപമില്ലായിരുന്നു. ആദ്യമായി വീട് വിട്ടുനില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടപ്പോള്‍ അറിഞ്ഞില്ല. കാരണം എന്‍റെ കൂടെ റൂമില്‍ ഉണ്ടായിരുന്ന സിമി എന്ന തൃശൂര്‍കാരി നല്ലൊരു കൂട്ടായിരുന്നു എനിക്ക്. അവിടെ ഉള്ള സ്ഥലത്തെ കുറിച്ചും അടുത്ത ദിവസം ഓഫീസില്‍ പോകേണ്ട വഴിയെ കുറിച്ചും അവളെനിക്കു പറഞ്ഞു തന്നു. ഹോസ്റ്റലിനെ പറ്റിയും നല്ലൊരു വിവരണം അവളെനിക്കു തന്നു. ഏട്ടന്റെയും അച്ഛന്റെയും കൂടെ ഓട്ടോയില്‍ ആദ്യമായി അങ്ങോട്ട്‌ വന്നപ്പോള്‍ എത്രത്തോളം ദൂരമുണ്ടെന്നോന്നും അറിഞ്ഞില്ല. അടുത്തദിവസം ഓഫീസില്‍ പോകാന്‍ ഇറങ്ങി. എത്ര നടന്നിട്ടും ഓഫീസില്‍ എത്തുന്നും ഇല്ല. കുറെ പേരോട് ചോദിച്ചു. അവരെല്ലാം മുന്നോട്ട് ചൂണ്ടികാണിച്ചു കൊണ്ടിരുന്നു. പിന്നെ ആരും ഇല്ലാതെ വിജനമായ ഒരു സ്ഥലം. ഒരാളുപോലും കാണുന്നില്ല. റോഡിലും, സൈഡിലും എല്ലാം നിറയെ വൈസ്റ്റ്‌കള്‍ നിറച്ച കവറുകള്‍ കിടക്കുന്നു. അതില്‍ നിന്നും എന്തൊക്കെയോ കടിച്ചു വലിച്ചുകൊണ്ട് നിറയെ തെരുവ് നായിക്കള്‍ കടിപിടി കൂടുന്നു. നടക്കുമ്പോള്‍ കാലുകള്‍ മുന്നോട്ടു നീക്കാന്‍ കഴിയാത്ത അത്രയും ഭാരം വന്നതുപോലെ തോന്നി. ഉറക്കെ കരയണോ, ഓടണോ എന്നൊന്നും അറിയാതായി. എങ്ങനെയൊക്കെയോ ആ ഭാഗം കഴിഞ്ഞു മെയിന്‍ റോഡിലെത്തിയപ്പോള്‍ ആശ്വാസമായി. വീണ്ടും കുറച്ചുകൂടെ നടക്കണമായിരുന്നു ഓഫീസിലെത്താന്‍. ആദ്യദിവസം സമയതുതന്നെ ഓഫീസിലെത്തി. എനിക്കായി കാത്തിരിക്കുന്ന എന്‍റെ സീറ്റില്‍ ഞാനിരുന്നു. ചെറിയ കമ്പനി ആയിരുന്നു അത്. അനു, ടോണി, എലിസ്സബത് പിന്നെ ബോസ്സ്, ബോസ്സിന്റെ ഭാര്യ.

അനു ആയിരുന്നു അവിടെ സീനിയര്‍. ആ കമ്പനിയില്‍ വേണ്ടതെല്ലാം എനിക്ക് അനു പഠിപ്പിച്ചു തന്നു. ടോണി ഒരു പ്രത്യേക സ്വഭാവമായിരുന്നു. ആരോടും അധികമൊന്നും മിണ്ടാറില്ലായിരുന്നു. എന്നാല്‍ എനിക്ക് ഓഫീസിനു അടുത്തുള്ള കുറച്ചു സ്ഥലങ്ങള്‍ പറഞ്ഞുതന്നതും അവിടെ കാണിച്ചുതന്നതും ടോണി ആയിരുന്നു. ഓഫീസില്‍ നിന്നും ആറുമണി ആകാതെ ഇറങ്ങാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ആറുമണിക്ക് ഇറങ്ങിയാല്‍ നിറയെ ഹിന്ദിക്കാരും വെള്ളമടിച്ചു സ്വഭോധം നഷ്ട്ടപെട്ട കുറെ ആളുകളും ആ വഴി നടന്നുപോകുന്നത്‌ സ്ഥിരം കാഴ്ചയായിരുന്നു. വല്ലപ്പോഴും ബൈക്കില്‍ വരുന്ന ആളുകളുടെ കമന്റുകളും മറ്റും കാരണം ഞാന്‍ ആ വഴിയിലൂടെ ഓടാന്‍ തുടങ്ങി. പലപ്പോഴും ആലോചിച്ചു എന്തിനാണ് അച്ഛനും ഏട്ടനും എന്നെ ഇങ്ങനൊരു സ്ഥലത്ത് കൊണ്ടുവന്നു ആക്കിയതെന്നു. ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ എനിക്ക് ഒരു ചേച്ചിയെ കൂടി സുഹൃത്തായി കിട്ടി. സ്മിത ചേച്ചി. അവരും തൃശ്ശൂര്‍ക്കാരി ആയിരുന്നു. ഹോസ്റ്റലില്‍ നിന്നും കിട്ടുന്ന ഭക്ഷണം സഹിക്കാന്‍ കഴിയാതെ ആയി. പുറത്തുപോയി ഒരുനേരം കഴിക്കനമെങ്കിലോ കയ്യില്‍ രൂപയും ഇല്ല. അങ്ങനെ ഒരുമാസം ആയി എനിക്ക് സാലറിയും കിട്ടി. ഹോസ്റ്റലില്‍ കൊടുക്കാനുള്ള 700 രൂപ മാറ്റിവച്ചു. വന്നിട്ട് മൂന്നാഴ്ച്ച ആയി. ആ ആഴ്ചയില്‍ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. വീട്ടില്‍ എത്തി ആദ്യ ശമ്പളത്തില്‍ നിന്നും 300 രൂപ മാറ്റിവച്ചു ബാക്കി അച്ഛനെ ഏല്‍പ്പിച്ചു. അടുത്ത ദിവസം തന്നെ ഓഫീസില്‍ തിരിച്ചു കേറണം. അതിനായി ഒറ്റപ്പാലത്തു താമസിക്കുന്ന അമ്മായിടെ വീട്ടില്‍ വയികുന്നേരം പോയി രാവിലെ അഞ്ചേ മുക്കാലിനുള്ള  ചെന്നൈ ആലപ്പുഴ എക്സ്പ്രസ്സ്‌ ട്രെയിനില്‍ പോകണം. വീട്ടില്‍ ഒന്ന് വന്നു ഉണ് കഴിച്ചു തിരിച്ചു പോകുന്നു.

എന്തായാലും അമ്മയെ കണ്ട സന്തോഷം, രാവിലെ ആലുവയില്‍ ഇറങ്ങി ബസ്സ്‌ കയറി ഓഫീസിലെത്തി. തനിച്ചുള്ള ആ യാത്രയില്‍ എന്തെന്നില്ലാത്ത ഒരു ധൈര്യം എനിക്ക് കിട്ടിയിരുന്നു. ഓഫീസിലെത്തി അന്നത്തെ ജോലികഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ടോണി പറഞ്ഞു അവന്‍ റിസൈന്‍ ചെയ്യാന്‍ പോവാനെന്നും മറ്റൊരു ജോലി കിട്ടിയിട്ടുണ്ടെന്നും പിന്നെ പോകുന്നത് ഇവിടെ പറയുന്നില്ലെന്നും പറഞ്ഞു. രണ്ടുമൂന്നു ദിവസം കൊണ്ടു ടോണി പോയി.

ടോണിക്കു പകരമായി താമസിയാതെ തന്നെ റോഹന്‍ എത്തി. അവിടെ അധികം കൂട്ടുകാരൊന്നും ഇല്ലാത്ത ആളായിരുന്നു റോഹന്‍. സ്ഥലത്തെ കുറിച്ച് അധികം പരിജയവും ഇല്ല. താമസിക്കാനുള്ള സ്ഥലം തിരഞ്ഞു കൊണ്ടിരിക്കുന്നു. താല്‍ക്കാലികമായി ദിവസവും രൂപ കൊടുത്ത് നില്‍ക്കുകയാണ്. ഒരു വൈകുന്നേരം ഓഫീസ് കഴിഞ്ഞു ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് ബോയ്സ് ഹോസ്റ്റല്‍ കിട്ടാന്‍ ഉണ്ടാകുമോ എന്ന് നോക്കാന്‍ എന്‍റെ കൂടെ റോഹനും വന്നു. വിജനമായ ആ സ്ഥലത്തെത്തിയപ്പോള്‍ അവന്റെ മുഖത്തു കാണാമായിരുന്നു അവനിലെ ഭയം. നീയെന്നും ഈ വഴിയാണോ ഈ സമയത്ത് വരുന്നതെന്ന ചോദ്യത്തിലെ ശബ്ദത്തില്‍ അവന്‍റെ ഭീതിയും വ്യക്തമായിരുന്നു. റോഹനെന്റെ കൂടെ ഹോസ്റ്റല്‍ വരെ വന്നു. ഒരുപാട് സംസാരിച്ചിരുന്ന അവന്‍ പിന്നെ കുറെ സമയം ഒന്നും മിണ്ടിയില്ല. തിരിച്ചു പോകുന്ന ഒരു ഓട്ടോയില്‍ കയറി നാളെ കാണാം എന്നും പറഞ്ഞു പോയി. അന്നുതന്നെ ഓഫീസിനടുത്തുള്ള മറ്റൊരു ഹോസ്റ്റലിലേക്ക് അവന്‍ മാറുകയും ചെയിതു. പക്ഷേ അന്നുമുതല്‍ എന്നും വയികുന്നേരം പാതിവഴിവരെ എന്‍റെ കൂടെ ഓഫീസ് കഴിഞ്ഞു അവന്‍ വന്നിരുന്നു. ആളില്ലാത്ത വഴി തീരുന്നിടം വരെ ആക്കി തിരിച്ചു പോകുമായിരുന്നു. ഞാന്‍ ഹോസ്റ്റലില്‍ എത്തിയാല്‍ ഒരു മിസ്സ്‌ കാള്‍ കൊടുത്താല്‍ ആ ഓഫീസ് ദിവസം അവിടെ തീര്‍ന്നു.

എനിക്ക് വേണ്ടി അവനങ്ങനെ ചെയ്യേണ്ടതിന്‍റെ ഒരു ആവശ്യവും ഇല്ലായിരുന്നു. ഓഫീസില്‍നിന്നും കണ്ട ഒരാള്‍. അതിലപ്പുറം നല്ല സുഹൃത്ത്‌ പോലും അല്ല. പക്ഷേ അവനങ്ങനെ തോന്നിയത് എന്‍റെ ഭാഗ്യം.

കയ്യിലെ രൂപയുടെ കുറവ് മാസത്തില്‍ ഒരുതവണ നാട്ടില്‍ പോക്കായി കുറച്ചു. അതുകൊണ്ടുതന്നെ ഞായറാഴ്ച്ച ഭയങ്കര ബോറടിയായിരിക്കും. അതുകൊണ്ടുതന്നെ ഉച്ചക്കുള്ള ഉണ് കഴിഞ്ഞു സ്മിത ചേച്ചിയുടെ കൂടെ എങ്ങോട്ടെങ്കിലും പോകും. മെറിന്‍ ഡ്രൈവില്‍ പ്രണയിനികളുടെ ഇടയിലൂടെ ഞങ്ങളങ്ങനെ നടക്കും. ഞങ്ങളുടെ കൂടെ ചിലപ്പോള്‍ മറ്റൊരു ചേച്ചി കൂടി ഉണ്ടായിരുന്നു മിനി ചേച്ചി. സ്മിതചെചിയുടെ സുഹൃത്ത് ആയിരുന്നു അവര്‍. അങ്ങനെ ഒരു ദിവസം ഞങ്ങളൊരു സിനിമക്ക് പോകാന്‍ തീരുമാനമായി. സീനിയേര്‍സ്. ഞാന്‍ കാണുന്ന രണ്ടാമത്തെ സിനിമ. ഫ്രണ്ട്ന്‍റെ കൂടെ പോയി കാണുന്ന ആദ്യസിനിമ.

ആ ഹോസ്റ്റലില്‍ എന്‍റെ പ്രിയപ്പെട്ട സുഹൃത്ത് ആയിരുന്നു സ്മിതച്ചേച്ചി. വിളിക്കുന്നത് പോലെത്തന്നെ അവരെനിക്ക് ഒരു ചേച്ചിതന്നെ ആണ്. എന്നും അത്താഴം കഴിഞ്ഞു കുറച്ചുസമയം ഹോസ്റ്റലിനു മുറ്റത്തു ഞങ്ങളിരിക്കും. ഒരുപാട് പേര് അവിടെ ഉണ്ടായിരുന്നെങ്കിലും ഞാൻ എപ്പോഴും സ്മിതച്ചേച്ചിയുടെ കൂടെ ആയിരിക്കും. ആ സമയത്താണ് സ്മിതച്ചേച്ചി അവരുടെ വീട്ടിൽ വിളിക്കുന്നത്. അച്ഛനും, അമ്മയും, ഒരു ഏട്ടനും അടങ്ങുന്ന ആ കൊച്ചു കുടുംബം വളരെ സ്നേഹത്തോടെ ജീവിക്കുന്നവരാണ് എന്നത് ചേച്ചിയുടെ സംസാരത്തിലറിയാം. ആ ദിവസം തുടങ്ങിയപ്പോഴുള്ള കാര്യങ്ങൾ മുതൽ സംസാരിച്ചുകൊണ്ടിരിക്കുന്ന നിമിഷം വരെയുള്ള എല്ലാ കാര്യങ്ങളും അവർ പരസ്പരം സംസാരിക്കും. ഇത്രയും സ്നേഹമുള്ള ഏട്ടനും അനിയത്തിയും അപൂർവ്വമാണ്.


രണ്ടുമാസം കഴിഞ്ഞതേ ഉള്ളു പുതിയ കമ്പനിയിൽ ജോയിൻ ചെയ്തിട്ട്. അപ്പോഴാണ് കൊരട്ടി ഇൻഫോപാർക്കിൽ നിന്നും ഒരു ഇന്റർവ്യൂ കാൾ വന്നത്. ഇക്കാര്യം സ്മിത ചേച്ചിയോട് പറഞ്ഞപ്പോൾ ഇന്റർവ്യൂ നു പോയിനോക്കാം, അത് കഴിഞ്ഞു ചേച്ചിയുടെ വീട്ടിലും പോകാം അന്നവിടെ നിന്ന് അടുത്ത ദിവസം വൈകീട്ട് തിരിച്ചു വരാം എന്ന് പറഞ്ഞു. നല്ല തീരുമാനം സ്മിതച്ചേച്ചിയുടെ വീടും വീട്ടുകാരെയും കാണാനുള്ള അവസരം. കൂടാതെ ജോലി കിട്ടിയാൽ നല്ല സാലറിയും കിട്ടും. അങ്ങനെ ശനിയാഴ്ച രാവിലെ കൊച്ചിയിൽനിന്നും ബസ്സ് കയറി ഇൻഫോപാർകിലെത്തി. നല്ല പച്ചപ്പും കുളിർമയുള്ള ശാന്ത സുന്ദരമായ സ്ഥലം. മന്ദാരം, ചെമ്പകം, അശോകം, ദേവതാരം എന്നിങ്ങനെ നിറയെ പൂക്കളുടെ പേരുകളുള്ള  വില്ലകൾ. നിറയെ മരങ്ങൾ ഓരോ വില്ലകളിൽ പല കമ്പനികൾ. ആകെ നല്ല പച്ചപ്പുള്ള ഒരു സ്ഥലം. ഇന്റർവ്യൂ സ്ഥലത്തെത്തി. എനിക്കായി കാത്തിരിക്കുന്ന ബോസ്സിനോട് പ്രതീക്ഷിച്ചതിലും കൂടുതൽ ഒരുപാട് താമസിച്ചതിൽ ആദ്യം തന്നെ സോറിപറഞ്ഞു. ചിരിച്ച മുഖത്തോടെ. സാരമില്ല എന്ന് പറഞ്ഞു. പെട്ടന്നുതന്നെ ഇന്റർവ്യൂ തുടങ്ങി. കുറച്ചു ചോദ്യങ്ങളൊക്കെ ചോദിച്ചു അതെല്ലാം ഓക്കേ ആയപ്പോൾ പെട്ടന്ന് തന്നെ ഒരു ടെക്‌നിക്കൽ ടെസ്റ്റ് നടത്തിയാലോ എന്ന് ചോദിച്ചു. അങ്ങനെ ആണെങ്കിൽ ഇന്നുതന്നെ റിസൾട്ട് അറിഞ്ഞിട്ടു പോകാം എന്ന ഒരു ഓപ്ഷൻ അദ്ദേഹം തന്നു. എന്നാൽ പിന്നെ കുറച്ചു താമസിച്ചാലും അങനെ ആയിക്കോട്ടെ എന്ന് സ്മിതച്ചേച്ചിയും പറഞ്ഞു. വൈകീട്ട് ആറുമണി ആയപ്പോഴേക്കും ഇന്റർവ്യൂ എല്ലാം കഴിഞ്ഞു പോസിറ്റീവ് ആയിട്ടുള്ള ഉത്തരമായിരുന്നു കമ്പനിയുടെ ഭാഗത്തുനിന്നും വന്നത്. അടുത്ത സാലറി. അവരുപറഞ്ഞ സാലറി എനിക്ക് ഒക്കെ ആയിരുന്നു. കാരണം 3000 രൂപയിൽ നിന്നും 8000 രൂപയിലേക്കു ആയിരുന്നു കൂട്ടിയത്. അപ്പൊ പിന്നെ ഒന്നും ആലോചിച്ചില്ല. ജോയ്‌നിങ് തീയതി കൊടുത്തു അവിടെ നിന്നും ഇറങ്ങി. സ്മിതച്ചേച്ചിയുടെ വീട്ടിൽ പോകുന്ന കാര്യം മാത്രമേ ഞാൻ അച്ഛനെ അറിയിച്ചിരുന്നുള്ളു. ഇന്റർവ്യൂ ഉള്ളത് എന്താകുമെന്ന് അറിയാത്തതുകൊണ്ട് അതറിയിച്ചില്ല. ജോയിൻ ചെയ്യാം എന്ന് സമ്മതിച്ചു അവിടെ നിന്നും ഇറങ്ങിയപ്പോൾ തന്നെ എനിക്ക് വേറെ ജോലി കിട്ടി എന്ന് അച്ഛനെ വിളിച്ചു പറഞ്ഞു. ജോലിയുടെ കാര്യങ്ങളെല്ലാം അച്ഛനോട് പറഞ്ഞു പിന്നെ നേരിട്ട് സ്മിതച്ചേച്ചിയുടെ വീട്ടിലേക്കു പോകാൻ ബസ്സ് കയറി.

വീട്ടിൽ ചെന്നപ്പോൾ എനിക്ക് തോന്നിയില്ല ഞാനവിടെ ആദ്യമായി ചെല്ലുകയാണെന്നും, അവരെന്നെ ആദ്യമായി കാണുകയാണെന്നും ഉള്ള കാര്യം. ഞാൻ ആ വീട്ടിൽ തന്നെ ഉള്ള ഒരാളായിട്ടാണ് എനിക്ക് തോന്നിയത്. അത്രയധികം അവർക്കെങ്ങനെ കുറിച്ച് അറിയാം. അത്രയും ഫ്രീഡം ആ വീട്ടിൽ എനിക്ക് കിട്ടി. അടുത്ത ദിവസം അവിടെ നിന്ന് ഇറങ്ങുന്നത് വരെ സ്വന്തം വീട്ടിൽ എന്ന തോന്നലായിരുന്നു എനിക്ക്. തിരിച്ചു വീണ്ടും കൊച്ചിയിലെത്തി ഞാൻ അധികം താമസിയാതെ തന്നെ കൊച്ചി വിട്ടു. രണ്ടുമാസം ജോലിചെയ്ത കമ്പനിയിൽ പറയാതെ ആയിരുന്നു ഞാനിറങ്ങിയത്. ശരിക്കും ഒരു ഒളിച്ചോട്ടം. ജോയിൻ ചെയ്യാൻ ഒരു ആഴ്ച സമയമുള്ളതിനാൽ ആ ദിവസം വീട്ടിൽ പോയി നിൽക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും ഹോസ്റ്റൽ ശരിയാക്കാം എന്നും പുതിയ കമ്പനിയിൽ നിന്നും പറഞ്ഞിരുന്നു.

വീട്ടിലെത്തി അടുത്ത ദിവസം തന്നെ ഹോസ്റ്റലിന്റെ വിവരങ്ങൾ കമ്പനി അയച്ചു. പക്ഷെ അവരെ വിളിച്ചു നോക്കിയപ്പോൾ കുറച്ചു ദിവസത്തെ സമയം കൂട്ടി വേണം എന്നാലേ ഹോസ്റ്റലിന്റെ വർക്കുകൾ തീരുകയുള്ളു എന്നായിരുന്നു പറഞ്ഞത്. താമസിക്കാൻ എത്ര പേരായാലും ഒരു ഭാഗം ശരിയാക്കി തന്നാൽ മതി എന്ന് പറഞ്ഞു അവസാനം ഒരു വിധം അവർ സമ്മതിച്ചു. ഞായാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങി. അതായിരുന്നു തനിച്ചുള്ള യാത്രയുടെ ആരംഭം. ഹോസ്റ്റലിലെ നമ്പറിൽ വിളിച്ചു ബസ്സ് ഇറങ്ങാനുള്ള സ്ഥലം മറ്റും ചോദിച്ചറിഞ്ഞു. തനിച്ചാണ് വരുന്നതെന്നും സ്ഥലം അറിയില്ലെന്നും ഞാനവരോട് പറഞ്ഞു. ബസ്സ് ഇറങ്ങിയാൽ വിളിച്ചാൽ മതിയെന്നും അവർ ബസ്സ് സ്റ്റോപ്പിൽ വരാമെന്നും പറഞ്ഞു.

അങനെ കൊരട്ടിയിൽ ബസ്സിറങ്ങി ഞാൻ അവരെ വിളിച്ചു. ഒരു കാർ വന്നു. ഡ്രൈവർക്കു പുറമെ ഒരമ്മയും അതിലുണ്ടായിരുന്നു.ആ കാർ കുറച്ചു ദൂരം പോയി ഒരു വീടിനു മുന്നിൽ നിന്ന്. നല്ലൊരു വീട്. അവിടെ എന്നോട് ഇറങ്ങിക്കോളൂ എന്ന് പറഞ്ഞു. കൂടെ ആ അമ്മയും ഇറങ്ങി. എന്റെ ബാഗുകൾ എടുത്തു കയറി ചെല്ലുമ്പോൾ ഞാൻ മുന്നത്തെ ഹോസ്റ്റലിലെ പോലെ ഒരുപാട് പേരെ ആണ് പ്രതീക്ഷിച്ചത്. ഞാനും ആ അമ്മയും ഡ്രൈവറും ഒഴികെ വേറെ ആരും അവിടെ ഇല്ലായിരുന്നു. ആ സമായും ഡ്രൈവറുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. എന്നോട് പറഞ്ഞ പോലെ തന്നെ ഇപ്പോൾ വരാമെന്നു പറഞ്ഞു അദ്ദേഹം കാറെടുത്തു പോയി. പത്തു മിനിറ്റിനുള്ളിൽ രണ്ടു പെൺകുട്ടികളെ കൂടി അവിടെ കൊണ്ടുവന്നാക്കി. രമ്യ, ആഷ്മി.

അവരെ എനിക്കും എന്നെ അവർക്കും പരിചയപെടുത്തുന്നതിനിടക്ക് അവർ സ്വയം അവരെ പരിചയപ്പെടുത്തി. അമ്മയും മൂത്ത മകൻ സുശാന്ദ് ഏട്ടനും ആയിരുന്നു അത്, അമ്മക്ക് ഇദ്ദേഹത്തിന് താഴെ ഒരു മകൻ കൂടി ഉണ്ട് നിശാന്ദ്. അവരുടെ തന്നെ ആണ് ഹോസ്റ്റൽ. ഞങ്ങളാണവിടെ ആദ്യമായി വരുന്ന ആളുകൾ. ഞങ്ങളുടെ നിർബദ്ധം കൊണ്ടാണ് അന്നവർ ആ ഹോസ്റ്റൽ തുടങ്ങിയത്. അല്ലെങ്കിൽ കുറച്ചു ദിവസം കൂടി കഴിഞ്ഞേ തുടങ്ങുമായിരുന്നുള്ളു. എന്തായാലും ഞങ്ങൾ മൂന്നുപേരും അന്ന് മുതൽ അവിടത്തെ ആളുകളായി. വൈകുന്നേരം ആയതിനാൽ ഞങ്ങൾക്കുള്ള ഭക്ഷണം അവരുടെ വീട്ടിൽ നിന്നും കൊണ്ടുവരികയാണ് ചെയ്തത്.  'അമ്മ എന്നാണു ഞങ്ങളവരെ വിളിച്ചിരുന്നത്. അമ്മ തന്നെയാണ് ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തന്നിരുന്നത്. രാവിലെ ഹോസ്റ്റലിൽ കാർ വരും അവർ തന്നെ ഓഫീസിൽ കൊണ്ട് പോയി ആക്കും. വൈകുന്നേരം അവർ തന്നെ കൊണ്ടുവരുകയും ചെയ്യും. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മറ്റു രണ്ടുകുട്ടികൾ കൂടി അവിടെ വന്നു. കാസർകോട് നിന്നും രമ്യ, അഖില. ഞങ്ങൾ അഞ്ചുപേരും നല്ല കൂട്ടുകാരായി. നല്ല ഭക്ഷണമായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്. ഞങ്ങളെ ആ അമ്മയ്ക്കും, ഏട്ടന്മാർക്കും വലിയ കാര്യമായിരുന്നു. രണ്ടു മൂന്നു മാസത്തിനുള്ളിൽ ഹോസ്റ്റലിൽ ആവശ്യത്തിന് ആളുകളായി. പുതിയതായി വരുന്നവർക്ക് പലരീതിയിലും ഉള്ള പരാതികൾ ആയി. അന്നും ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. മിക്കപ്പോഴും എല്ലാ വീക്കെന്ഡിലും ഞാനും രമ്യയും അഖിലയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾ മാത്രമാകുമ്പോൾ അന്നത്തെ ഭക്ഷണത്തിനു സ്പെഷ്യലായി എന്തെങ്കിലും അമ്മയുടെ വക ഉണ്ടായിരിക്കും. അതിനു പുറമെ സുശാന്ദ് ഏട്ടന്റെ രണ്ടു ആൺകുട്ടികളും പൊന്നൂസും, അപ്പൂസും അവിടെ വരും. പൊന്നൂസ്സ് UKG യിൽ പഠിക്കുന്നു. അപ്പൂസ് രണ്ടു വയസ്സ് ആവുന്നു. എല്ലാവരും കൂടി നല്ല സന്തോഷമായി വീക്കെൻഡ് ആഘോഷിക്കും. ഏതാനും മാസങ്ങൾക്കു ശേഷം തൊട്ടടുത്ത കമ്പനിയിലെ ഒരു കുട്ടി എന്നോട് അവരുടെ കൂടെ താമസിക്കാൻ വരുന്നോ എന്ന് ചോദിച്ചു. അവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ പോയി. ഒരു പിജി ആണ്. വേണമെങ്കിൽ എനിക്ക് അവരുടെ കൂടെ കൂടാം. മൂന്നുപേർക്ക് ഒരു മാസം 3000 രൂപ, ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കണം. ആലോചിച്ചിട്ട് അറിയിക്കാൻ പറഞ്ഞു.

അങ്ങനെ ഞാനതു ആലോചിച്ചു.ഇപ്പോൾ കൊടുക്കുന്നത്






































അത് കൊണ്ടുതന്നെ അതുകൊണ്ടുതന്നെ പലയിടത്തും ജോലിക്കായി അപേക്ഷകള്‍ കൊടുത്തു. എക്സാം കഴിഞ്ഞു. നല്ല രീതിയില്‍ത്തന്നെ ഞങ്ങള്‍ വിജയിച്ചു.









1 comment: