Wednesday, 9 October 2019

ആദ്യത്തെ ഉത്സവപറമ്പ്

ആദ്യമായി ഞാൻ ഉത്സവം കാണാൻ പോകുന്നത് എന്റെ അയൽവാസിയും ബാല്യകാല സുഹൃത്തുമായ അവളുടെ കൂടെ ആണ്. അന്നു ഞാൻ പ്ലസ്‌ വണ്‍നു പഠിക്കുന്ന സമയം. ക്ലാസ്സ്‌ കഴിഞ്ഞു എത്തിയപ്പോഴേക്കും ഞങ്ങളുടെ ഭാഗത്തുനിന്നും ഉള്ള വേല പോയിരുന്നു. അന്നൊക്കെ അവളുടെ വീടിന്റെ മതിലിൽ കയറിയാണ് ഞങ്ങൾ വേല കാണാറുണ്ടായിരുന്നത്. വേല കാണാൻ കഴിയാത്തതിൽ എന്തോ വല്ലാത്ത വിഷമം തോന്നി.

ഞാൻ അവളോട് ചോദിച്ചു മ്മക്ക് ഉത്സവപറമ്പിൽ പോയി ഉത്സവം കണ്ടാലോ എന്ന്.

ഹാ!!..  പോവാം..  എന്ന് അവളും,

ഞങ്ങളുടെ സംസാരം കേട്ട് വീട്ടുകാർ അത് തമാശക്ക് പറയാവും എന്നു കരുതി നിങ്ങൾ പോയിട്ട് വരുമ്പോൾ പൊരിയും  മുറുക്കും കൊണ്ടുവരാൻ മറക്കല്ലേ എന്ന് പറഞ്ഞു.

ശരി കൊണ്ടുവരാം എന്നും പറഞ്ഞു ഞങ്ങളിറങ്ങി.

സാധാരണ ഞങ്ങളുടെ വീട്ടിലെ സ്ത്രീകൾ ആരും ഉത്സവപറമ്പിൽ പോയി ഉത്സവം കാണില്ലായിരുന്നു. തിരക്കാവും, അടിപിടി ഉണ്ടാവും, ആളുകൾ ശല്യം ചെയ്യും, അങ്ങനെ എല്ലാം ഉള്ള കാരണങ്ങൾ പറഞ്ഞു അച്ഛനോ മറ്റുള്ളവരോ ഞങ്ങളെ കൊണ്ടു പോകില്ല.

കുറച്ചു ദൂരം പോയി ഞങ്ങൾ തിരിച്ചു വരും എന്നാണ് വീട്ടുകാരു വിചാരിച്ചത്. പക്ഷെ ഞങ്ങളു പോയി. ആൾക്കൂട്ടത്തിൽ എത്തുന്നതിനു മുന്നേ ഞങ്ങളുടെ കൈകലിലെ ചൂണ്ടു വിരലുകൾ പരസ്പരം മുറുകെ പിടിച്ചിരുന്നു. ആൾക്കൂട്ടതിനുള്ളിലൂടെ ഞങ്ങൾ മുന്നോട്ട് പോയി ഒഴിഞ്ഞ ഒരു സ്ഥലത്ത് സ്ഥാനം പിടിച്ചു. അവിടെ നിന്നു ഉത്സവം കണ്ടു. തിരിച്ചു പോരുന്ന വഴി പൊരിയും മുറുക്കും വാങ്ങിച്ചു.

അപ്പോൾ ഞങ്ങൾക്ക് തോന്നി, വെറുതെ ഇത് വാങ്ങിച്ചോണ്ട്‌ ചെന്നാൽ ആരും ഞങ്ങൾ ഉത്സവ പറമ്പിൽ പോയെന്ന് വിശ്വസിക്കില്ല . അതിനൊരു തെളിവു വേണ്ടേ? അപ്പൊ ദേ നിൽക്കുന്നു ഞങ്ങളുടെ മുന്പിൽ അവളുടെ ഏട്ടൻ നിങ്ങളാരോടൊപ്പാ വന്നേന്നും ചോദിച്ച്‌.

ഞങ്ങൾ രണ്ടുപേരും കൂടെ എന്ന് പറഞ്ഞു. അപ്പോൾ ആ ഏട്ടന്റെ മുഖത്ത് വന്ന ആ ഭാവം ഭയമോ, അത്ഭുതമോ എന്തായിരുന്നു എന്ന് എനിക്കിന്നും അറിയില്ല. ഏട്ടൻ  ഞങ്ങൾക്കു ഐസ് ക്രീം വാങ്ങിച്ചു തന്ന് ഞങ്ങളെ പറഞ്ഞു വിട്ടു.

ആ ആൾകൂട്ടത്തിൽ നിന്നും വീട്ടിൽ വന്നതിനു ശേഷമാണ് ഞങ്ങളുടെ കൈകളിലെ പിടുത്തം വിട്ടത്. വീട്ടിൽ വന്നു പൊരിയും മുറുക്കും കൊടുത്തപ്പോ വീട്ടുകാർ ആകെ അത്ഭുതപ്പെട്ടു. പിന്നെ അവളുടെ ഏട്ടൻ വന്നു ഞങ്ങളെ കണ്ടെന്നു പറഞ്ഞപ്പോ അതിലും വലിയ ഷോക്കായിരുന്നു വീട്ടുകാർക്ക്.

അതിൽ പിന്നെ എവിടെ എങ്ങോട്ട് വേണമെങ്കിലും ഞങ്ങളെ വിടാൻ തുടങ്ങി. എവിടെ പോയാലും ഞങ്ങൾ തിരിച്ചെത്തും എന്നു അവരുറപ്പിച്ചു. ഞങ്ങൾക്ക് ഞങ്ങളുടേതായ ഫ്രീഡം കിട്ടിത്തുടങ്ങി. ഇന്ന് ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അവൾ കല്യാണം കഴിച്ചു,  രണ്ടു കുട്ടികളുടെ അമ്മയാണ്, സന്തോഷത്തോടെ ഒരു കുടുംബം നല്ലരീതിക്ക് മുന്നോട്ടു കൊണ്ടുപോകുന്നു.

No comments:

Post a Comment