Wednesday, 9 October 2019

എണ്ണ തീരാതെ അണഞ്ഞ വിളക്ക്

അതൊരു ഓണക്കാലമായിരുന്നു. എന്റെ എല്ലാ കൂട്ടുകാരും വീട്ടിൽ വന്ന ദിവസം. പക്ഷെ അവൻ മാത്രം വന്നില്ല. കാരണം അന്നവന്റെ സ്വപ്ന വീടിന്റെ വാർപ്പായിരുന്നു . ഒരുപാട് ആഗ്രഹിച്ചിരുന്നു അവൻ എന്റെ വീട്ടിൽ വരാനും വീട്ടുകാരെയും  നാട്ടുകാരെയുമെല്ലാം കാണാനും പരിചയപ്പെടാനുമെല്ലാം ... എല്ലാവരും ഓണസദ്യയും കഴിച്ച് വീട്ടിൽ കുറെ സമയം ചിലവഴിച്ച് വളരെ വൈകിയാണ് തിരികെ പോയത്. നല്ല സന്തോഷമുള്ള ദിവസമായിരുന്നു അത്. എല്ലാവരും പോയിക്കഴിഞ്ഞ് അമ്മയെ കുറച്ചു നേരം അടുക്കളയിൽ സഹായിച്ചു. ശേഷം പതിവുപോലെ അത്താഴവും കഴിച്ചു കിടന്നു.

ഞാൻ നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാണ്‌ അച്ഛൻ എന്നെ വിളിച്ച് എനിക്കൊരു കാൾ ഉണ്ടെന്നു പറയുന്നത്. എനിക്ക് സ്വന്തമായി ഫോണ്‍ ഇല്ലായിരുന്നു. എന്നെ കിട്ടാനായി അച്ഛന്റെ ഫോണിലായിരുന്നു എല്ലാവരും വിളിച്ചുകൊണ്ടിരുന്നത്.  അച്ഛന്റെ കയ്യിൽ നിന്നും ഫോണ്‍ വാങ്ങി ഞാൻ സംസാരിച്ചു. " ഹലോ .. ആരാണ് ?"

മറു തലക്കൽ നിന്നും : " ഇത് ഞാനാടി എൽസു ."

" എന്താ സാർ ഈ അസമയത്ത് ?"

"നിന്റെ കയ്യിൽ ഏതൊക്കെ ഫ്രണ്ട്സിന്റെ നമ്പർ ഉണ്ട് ?  അതൊക്കെയൊന്നു പറഞ്ഞു താ ..:"

ഓർമയിൽ വന്ന മൂന്നാല് നമ്പറുകൾ അപ്പോൾ തന്നെ പറഞ്ഞു കൊടുത്തു .

"താങ്ക്സ്. എന്നാ ഉറങ്ങിക്കോ.. ഗുഡ് നൈറ്റ്‌ " എന്ന് പറഞ്ഞ് സാർ ഫോണ്‍ വെച്ചു .

അതിനു ശേഷവും 2 - 3 തവണ എനിക്ക് വീണ്ടും കാൾ വന്നു. അത് കണ്ടപ്പോൾ അച്ഛൻ ചോദിച്ചു.

"എന്താ നിനക്ക് ഈ രാത്രിയിൽ ഇത്രമാത്രം കാൾ വരുന്നത് ? ഫോണ്‍ നീ തന്നെ വെച്ചോ.. എനിക്ക് ഫോണ്‍ ബെൽ ശബ്ദം കാരണം ഉറങ്ങാൻ പറ്റുന്നില്ല ."

അങ്ങനെ ഫോണ്‍ ഞാൻ എന്റെ അടുത്തു വെച്ച് ഉറങ്ങാൻ കിടന്നു. എവിടെയോ ഒരു പ്രശ്നം ഉള്ളതുപോലെ എനിക്ക് തോന്നി.

രാവിലെ എഴുനേറ്റ് ക്ലാസ്സിൽ പോകാൻ റെഡി ആയിക്കൊണ്ടിരുന്നപ്പോൾ ഇന്ന് ക്ലാസ്സ്‌ ഇല്ല എന്ന് അച്ഛന് മെസ്സേജ് വന്നു. അതെന്റെ ഫ്രണ്ടിനോട് പറയാൻ വേണ്ടി അവരെ വിളിച്ചപ്പോഴാണ് , എന്റെയൊരു കൂട്ടുകാരൻ ഒരു റോഡപകടത്തിൽ പെട്ടെന്നും വന്ന കോളുകൾ എല്ലാം അപകടം ഉണ്ടായതിനു ശേഷമാണെന്നും ഞാൻ അറിയുന്നത്.

ആ അപകടത്തിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും കുഴപ്പമില്ലാതെയിരിക്കുന്നു. കുട്ടി. ഞങ്ങൾ എല്ലാവരും അവനെ അങ്ങനെയാണ് വിളിക്കുന്നത്. അവനു മാത്രം കുറച്ചധികം പ്രോബ്ലെംസ് ഉണ്ടായിരുന്നു. എങ്കിലും കുറച്ച് നോർമൽ ആയിക്കഴിഞ്ഞപ്പോ രണ്ടു ദിവസം കഴിഞ്ഞ് നാട്ടിലെ ഹോസ്പിറ്റലിൽ അവനെ കൊണ്ടുവന്നു. ICU വിൽ 8 ദിവസം അവൻ കിടന്നു. രണ്ടു ഏട്ടന്മാരും അമ്മയും അവനുണ്ട്. അമ്മ ഫുൾ ടൈം  ICU - വിന് മുന്നിൽ തന്നെ ആയിരുന്നു. പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യത്തിന് വേണ്ടി കൂടെ ഫ്രണ്ട്സും...

അവൻ ഒരുപാട് മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരുന്നു. അവൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു.

"എന്റെ അമ്മയ്ക്കും എട്ടന്മാർക്കും ആരുമില്ല. ഏട്ടന്മാർ രണ്ടുപേരും അന്ധന്മാരാണ്. അമ്മയ്ക്കും സുഖമില്ല. ഞാൻ മാത്രമാണ് അവർക്കൊരു ആശ്രയം. "

എട്ടാമത്തെ ദിവസം രാത്രി ഞാൻ വീട്ടിൽ വന്നു. സന്തോഷമുണ്ടായിരുന്നു മനസ്സിൽ . കാരണം കുട്ടിക്ക് നല്ല പുരോഗമനം ഉണ്ടെന്ന് ഡോക്റ്റർ പറഞ്ഞിരുന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

അടുത്ത ദിവസം രാവിലെ നേരത്തെ എഴുനേറ്റ് , നേരത്തെ ഹോസ്പിറ്റലിൽ പോയാൽ അകത്തു കയറി അവനെ കാണാമല്ലോ എന്ന് വിചാരിച്ചു. അപ്പോഴാണ്‌ ഒരു ഫ്രണ്ട് വിളിച്ചത്. അവർക്ക് എന്തെങ്കിലും കഴിക്കാൻ കൊണ്ടുപോകാനാവും എന്ന് അമ്മയോട് പറഞ്ഞുകൊണ്ട് ഞാൻ ഫോണ്‍ എടുത്തു. അപ്പോൾ അപ്പുറത്ത് നിന്നും ഒരു കരച്ചിൽ . ഒന്നും മിണ്ടാൻ പറ്റുന്നില്ല. അൽപ സമയത്തെ മൌനത്തിനു ശേഷം അവൻ പറഞ്ഞു. ഒരു പത്തു മണി ആകുമ്പോഴേക്കും നീ കുട്ടിയുടെ വീട്ടിലേക്കു പോന്നോളൂ എന്ന് . എനിക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ല. എന്ത് പറ്റി ? എന്താ കാര്യം എന്ന് ഞാൻ ചോദിച്ചു.

"കുട്ടി പോയി." ഇത്രമാത്രം പറഞ്ഞ് അവൻ ഫോണ്‍ വെച്ചു,. കേട്ടപ്പോൾ ശേരികും വിഷമം വന്നു. അത് സത്യമാവല്ലേ എന്ന് പ്രാർത്ഥിച്ചു . പക്ഷെ എന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടില്ല.


വാടകവീട് 


കുട്ടിയുടെ വീട്ടിൽ ആദ്യമായാണ് ഞാൻ ചെല്ലുന്നത്. അവൻ താമസിക്കുന്നത് ഒരു വാടകവീട്ടിലാണ്. അവൻ എപ്പോഴും പറയുമായിരുന്നു. പുതിയ വീട് വെച്ചിട്ട് നിങ്ങളെ ഞാൻ അവിടേക്ക് കൊണ്ടുപോകും. അതുവരെ എന്റെ വാടകവീട് നിങ്ങൾ കാണണ്ട എന്ന്.

പക്ഷെ സംഭവിച്ചത് വിപരീതമായിരുന്നു. ആ വീട്ടിലേക്ക് കയറി ചെന്നതും കുട്ടിയുടെ അമ്മ ഞങ്ങളെ കെട്ടിപ്പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി. എങ്ങനെ അവരെ ആശ്വസിപ്പിക്കും എന്നോർത്ത് ഞങ്ങൾ വല്ലാത്ത ഒരവസ്ഥയിൽ നിന്നുപോയി.

പണി തീരാതെ കിടക്കുന്ന അവന്റെ വീട്. ആ വീട് അവന്റെയൊരു സ്വപ്നമായിരുന്നു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോ അവന്റെ ബോഡി ആംബുലൻസിൽ കൊണ്ടുവന്നു. ശേഷം ആ ശവ ശരീരം അവന്റെ പണി തീരാത്ത വീടിനു മുന്നിൽ കിടത്തി. നെഞ്ച് പൊട്ടുന്ന ആ കാഴ്ച കാണാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞങ്ങൾ അവിടെ നിന്നും മടങ്ങി.

വീണ്ടും ഹൊസ്പിറ്റലി ലേക്ക്... അവിടെ കിടക്കുന്ന ഞങ്ങളുടെ മറ്റു ഫ്രണ്ട്സിനെ കാണാനായിരുന്നു ആ യാത്ര. കുട്ടി മരിച്ച വിവരം അവർ അറിഞ്ഞിരുന്നില്ല. അവരുടെ മുൻപിൽ ഒരു കുഴപ്പവും സംഭവിക്കാത്ത മട്ടിൽ ഞങ്ങൾ ചിരിച്ചും കളിച്ചും സംസാരിച്ചു. ഞാൻ തിരികെ വീട്ടിലേക്കു പോവാണെന്ന് പറഞ്ഞിറങ്ങിയപ്പോൾ ഒന്ന് നില്ക്കൂ എന്ന് പറഞ്ഞുകൊണ്ട് ഒരു ഫ്രണ്ട് വന്നു. എന്റെ കയ്യിൽ ഒരു മോതിരം തന്നു. സൂക്ഷിച്ചു വെച്ചോളൂ എന്നും പറഞ്ഞു. ഞാൻ ആ മോതിരം വാങ്ങി. അതുവരെ അടക്കിപ്പിടിച്ചിരുന്ന വിഷമം അറിയാതെ ഒരു പൊട്ടിക്കരച്ചിലായി.


മോതിരം!



ആ മോതിരത്തിന്റെ പേരിൽ അവനെ ഞാൻ ഒരുപാട് ഓടിച്ചിട്ടുണ്ട്. വെള്ളിയിൽ ഉണ്ടാക്കിയ ആ മോതിരം അവനു പ്രിയപ്പെട്ട ഒന്നായിരുന്നു. ഇടക്ക്, അതൊന്നു താ , ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ഞാൻ അത് വാങ്ങിക്കും. പിന്നീട് അത് തിരിച്ചു കൊടുക്കില്ല എന്ന് പറഞ്ഞ് അവനെ ദേഷ്യം പിടിപ്പിക്കും. കുറച്ചു സമയം അവനതു കാര്യമാക്കില്ല. പെട്ടെന്ന് അവന്റെ ശ്രെദ്ധ എവിടെയെങ്കിലുമാക്കി ഞാൻ മുങ്ങും. പാവം പിന്നെ തിയറി, ലാബ്‌, ഫാക്കൽറ്റി റൂം എന്നിങ്ങനെ എല്ലായിടത്തും എന്നെ തിരച്ചിലാവും. അവസാനം വിഷമം കൊണ്ട് അവൻ എല്ലാവരോടും ദേഷ്യപ്പെടാൻ തുടങ്ങും. അത് കാണുമ്പോ ഞാൻ പ്രത്യക്ഷപ്പെട്ട് മോതിരം തിരിച്ചു കൊടുക്കും. അത് കയ്യിൽ കിട്ടിയാൽ അവൻ എന്നെ ഓടിക്കും.

അറിയാതെ ആണെങ്കിലും ആ മോതിരം എന്റെ കയ്യിൽ തന്നെ തിരിച്ചു കിട്ടി. അല്ല. അവൻ തന്നു. അതായിരിക്കും സത്യം.

അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു. ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ പോയില്ല. കാരണം എല്ലാവരും അവിടെ ഉണ്ടായിരിക്കുമല്ലോ... പതിനേഴാമത്തെ ദിവസം ഞങ്ങൾ കുറച്ചു പേർ അവിടെ പോയി. അവരുടെ വീടുപണി പാതിയിൽ മുടങ്ങിയത് തുടരാൻ എല്ലാവരും കൂടി തീരുമാനിച്ചിരുന്നു. അങ്ങനെ ഏതാനും ദിവസങ്ങൾ കൊണ്ട് വീടിന്റെ എല്ലാ പണിയും തീർത്തു .

ഇപ്പോഴവിടെ കയറി ചെന്നാൽ ആദ്യം കാണുന്നത് മാലയിട്ട് വെച്ചിരിക്കുന്ന അവന്റെ ഫോട്ടോയാണ്. കുറച്ചു കാലം കൊണ്ട് ഒത്തിരി സന്തോഷം എല്ലാവർക്കും നൽകുകയും എല്ലാവരുടെയും സ്നേഹം പിടിച്ചു പറിക്കുകയും ചെയ്തുകൊണ്ട് ഇന്ന് എല്ലാവരുടെയും അരികിൽ ഒരു നിഴൽ പോലെ അവൻ .... എണ്ണ തീരാതെ അണഞ്ഞു പോയ വിളക്കുപോലെ...

No comments:

Post a Comment