കുട്ടിക്കാലം

എവിടെ തുടങ്ങും എങ്ങനെ തുടങ്ങും എന്നൊന്നും അറിയില്ല. ഒരുപാട് ചിന്തിച്ചു. എഴുതാന്‍ വേണ്ടി പലവട്ടം ശ്രമിക്കുകയും ചെയിതു തോറ്റ് പിന്മാറുകയായിരുന്നു. ഇതും എഴുതിത്തീര്‍ക്കാന്‍ കഴിയുമെന്ന് മുഴുവനായും വിശ്വാസമില്ല. എങ്കിലും എവിടെയോ ഒരു പ്രതീക്ഷയുണ്ട്.

ജനിച്ചത് ഒരുപഴയ തറവാട്ടിലായിരുന്നു. എന്‍റെ ജനനം എന്‍റെ എട്ടനൊഴിച്ചു മറ്റാര്‍ക്കും വലിയ സംഭവം ഒന്നും ആയിരുന്നില്ല. വേറെ ഒന്നും അല്ല എനിക്കുമ്പേ ഒരുപാടുപെരവിടെ ഉണ്ടായിട്ടുണ്ട്. അച്ഛമ്മക്കും അച്ചാച്ചനും അച്ഛനടക്കം അഞ്ചു ആണ്മക്കളും രണ്ടു പെണ്മക്കളും ആയിരുന്നു. രണ്ടു പെണ്‍കുട്ടികളും കല്യാണം കഴിച്ചു ഭര്‍ത്താവിന്‍റെ വീട്ടില്‍. മറ്റുള്ളവര്‍ക്കെല്ലാം കൂടി പതിനൊന്നു മക്കള്. അതില്‍ ഞാനടക്കം മൂന്നു പെണ്‍കുട്ടികള്‍. എനിക്ക് നാലുവയസ്സായപ്പോഴേക്കും ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു. പിന്നെ ഞാനായിരുന്നു വീട്ടിലെ ആകെ ഉള്ള പെങ്ങളുകുട്ടി.

ഓര്‍മ്മവച്ച കാലം മുതല്‍ക്കേ ഞാന്‍ നടന്നിരുന്നത് ഏട്ടന്മാരുടെ കൂടെയാണ്. അവരുടെ സുഹൃത്തുക്കള്‍ എന്‍റെയും സുഹൃത്തുക്കളായി. അന്ന് വീട്ടില്‍ ഹോട്ടലും ഒരു ഭഗത്തു പലചരക്കു കടയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അമ്മക്കും എല്ലാവരും നല്ല ജോലിതിരക്കായിരിക്കും. ഞങ്ങളെ ശ്രദ്ധിക്കുവാന്‍ സമയം കിട്ടിയിരുന്നില്ല. എന്നെ എട്ടന്മാരുടെ കൂടെ വിടും ഞാന്‍ അവരുടെ കൂടെ കളിക്കും. അങ്ങനങ്ങനെ ഞാന്‍ നാട്ടിലുള്ള എല്ലാവരുടെയും അനിയതികുട്ടിയായി.

ഒരിക്കൽ എന്റെ ഏട്ടൻ എന്നെ പറ്റിച്ച ഒരു കാര്യം പറയട്ടെ?..
ഏട്ടൻ അന്ന്  രണ്ടാം ക്ലാസ്സിലാണ്. ഒരു ദിവസം ഹോട്ടലില്‍ നല്ല തിരക്കായിരുന്നു. അവിടെ അടുത്തെവിടെയെങ്കിലും  ആളുകൂടുന്ന എന്തെങ്കിലും പരിപാടി പരിസരത്തുണ്ടെങ്കിൽ ഹോട്ടലിൽ നല്ല തിരക്കായിരിക്കും. ഒരു ദിവസം ഏതോ ഒരു പാർട്ടിക്കാരുടെ പരിപാടി നടക്കുന്ന സമയം കുറെ പോലീസുകാർ അവിടെയെത്തി. അവർക്കെല്ലാവർക്കും ഹോട്ടലിൽ ഇരിക്കൻ സ്ഥലം ഇല്ലാത്തതിനാൽ കുറച്ചു പേര്‍ക്ക് തറവാടു വീട്ടില്‍ വച്ചു ഭാഷണം കൊടുത്തു. വന്നത് മുഴുവൻ പോലീസുകാർ . ഞാൻ അവരെ കണ്ടു പേടിച്ചു ഒരു റൂമിൽ പോയി ഒളിച്ചിരുന്നു. അവർ കഴിക്കലെല്ലാം കഴിഞ്ഞു പോയി.
കുറെ കഴിഞ്ഞ് ഞാനും ഏട്ടനും പൂമുഖത്തു ഇരുന്നു കളിക്കുകയായിരുന്നു. അന്നത്തെ ഞങ്ങളുടെ സാഹസികതകൾ, കിടന്നുകൊണ്ട് കസേര എടുത്തു പൊക്കുക, വീടിന്റെ അഴയിൽ കിടന്നു തൂങ്ങി ആടുക ഇങ്ങനെ ഉള്ള ഓരോന്നായിരുന്നു. പണ്ടൊക്കെ വള്ളിക്കസേര ആയിരുന്നു വീട്ടിൽ . നാലു കമ്പികളും വളച്ചു റൌണ്ട് ഷേപ്പിൾ ചെയറും.
അങ്ങനെ കളിച്ചുകൊണ്ടിരിക്കെ ആണ് അറിയാതെആ കാഴ്ച എന്റെ കണ്ണിൽ പെട്ടത്.

ആ കമ്പി കാലിന്റെ അടിവശം കുറച്ചു ഭാഗം നല്ല മിനുസമായിരിക്കുന്നു.
ഞാൻ അപ്പോൾ ഏട്ടനെ വിളിച്ചു ചോദിച്ചു. "ഏട്ടാ ... ഈ കമ്പിക്കാലിന് എങ്ങനെ ഇത്ര മിനുസം വന്നു ?"

ചേട്ടൻ വന്നുനോക്കി. എന്നിട്ട് എന്നോട് പറയുകയാണ് :
"അത് രാവിലെ പോലീസുകര് വന്നില്ലേ? അവർ ഇരുന്നിട്ട് മിനുസമയതാണ്."

അന്ന് മുതൽ പോലീസ് എന്ന എന്റെ പേടി ഇരട്ടിയിലധികമായി. അന്ന് ഞാൻ അത് വിശ്വസിച്ചു. അന്ന് മാത്രമല്ല ഒരുപാടുകാലം.

പക്ഷെ ഇപ്പൊ അതൊക്കെ മാറി ... ഇപ്പൊ പോലീസുകാരും എന്‍റെ ഫ്രണ്ട്സാണ്.
-------------------------------------------------------------------------------
സ്കൂളില്‍ പോകുന്നതുവരെ എനിക്ക് പെണ്‍കുട്ടികള്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അതെ പോകുന്നത് എന്നെ പറയാന്‍ കഴിയു. കാരണം എന്നെ സ്കൂളില്‍ ചേര്‍ക്കുന്നതിനു മുന്നെതന്നെ ഞാന്‍ സ്കൂളില്‍ പോയിരുന്നു. ഏട്ടന്മാരെല്ലാം സ്കൂളില്‍ പോയാല്‍ ഞാന്‍ തനിച്ചു വീട്ടില്‍ ആയിരിക്കും. കളിക്കാന്‍ ആരും ഇല്ലാതെ അമ്മയെയും മറ്റും ചുറ്റിപറ്റി നില്‍ക്കും. അവര്‍ക്കാണെങ്കില്‍ എന്‍റെ കൂടെ ഇരിക്കാനേ സമയം ഉണ്ടാവില്ല. അങ്ങനെ ഏട്ടന്‍റെ കൂടെ എനിക്കും സ്കൂളില്‍ പോകണമെന്നു പറഞ്ഞു എന്നും രാവിലെ ബഹളമാകും. ഒരുദിവസം ഇതും കണ്ടോണ്ടു അമ്മയുടെ നാട്ടുകാരിയും സുഹൃത്തും ആയ ഒന്നാം ക്ലാസ്സിലെ ശ്രിദേവി ടീച്ചര്‍ വീട്ടില്‍വന്നു. ഇവളെ ഞാന്‍ നോക്കിക്കോളാം എന്നും സ്കൂളില്‍ വിട്ടോളൂ എന്ന് പറഞ്ഞു അമ്മയോട് ഡ്രസ്സ്‌ മാറ്റിച്ചു എന്നെയും സ്കൂളില്‍ കൊണ്ടുപോയി. ടീച്ചര്‍ എന്‍റെ കൈ പിടിച്ചു കൊണ്ടുപോയി ഒന്നാമത്തെ ബഞ്ചില്‍ ഒന്നാമതായി ഇരുത്തി. ആരൊക്കെയോ പേരു ചോദിക്കുന്നു പരിജയപെടുന്നു. ചിലര്‍ ഒന്നും മിണ്ടാതെ എന്നെത്തന്നെ തറപ്പിച്ചു നോക്കുന്നു. അതിനിടയിലാണ് പരിജയമുള്ള ഒരു മുഖം എന്‍റെ കണ്ണില്‍ പെട്ടത്. വീടിനു തൊട്ടടുത്ത് കടയുള്ള ഹരിയെട്ടന്‍റെ മകള്‍ ഹരിത. അവളുടെ അമ്മ മറ്റൊരു സ്കൂളിലെ അറബി ടീച്ചര്‍ ആണ്. അവള്‍ക്കൊരു ഏട്ടനും അതേ സ്കൂളില്‍ ഉണ്ട്. അവളെന്‍റെ അടുത്തുവന്നു അവളുടെ കൂട്ടുകാരെ പരിജയപെടുത്തി. ബിന്ദു, പ്രിയ, ബബിത, വിനിത അങനെ കുറെ പേരെ. അന്നുമുതല്‍ എനിക്കും സ്കൂളില്‍ ഒരുപാടു കൂട്ടുകാരുണ്ടായി. ഉച്ചക്ക് ഊണു കഴിക്കാന്‍ വീട്ടില്‍ പോകാന്‍ എന്നെ കൂട്ടാന്‍ ഏട്ടന്‍ വന്നു. ഞങ്ങള്‍ രണ്ടുപേരും വീട്ടില്‍ പോയി ഊണുകഴിച്ചു വീണ്ടും ക്ലാസ്സില്‍ വന്നു. അങ്ങനെ അന്നുമുതല്‍ സ്കൂളില്‍ ചേര്‍ക്കാതെ ഞാന്‍ സ്കൂളില്‍ പോയി തുടങ്ങി.

സ്കൂളില്‍ ചേര്‍ക്കാനുള്ള പ്രായപരിധി അഞ്ചു വയസ്സ്. അന്നൊക്കെ ആവശ്യത്തിനു പഠിച്ചിരുന്നത് കൊണ്ട് നാലര വയസ്സുള്ള എന്നെ നവമി ദശമി സമയത്ത് അഞ്ചു വയസ്സാക്കി സ്കൂളില്‍ ചേര്‍ത്ത്. ശേഷം എന്നെയും ഹജേര്‍ പട്ടികയില്‍ പേരുവിളിക്കാന്‍ തുടങ്ങി. ഹജേര്‍ ടീച്ചര്‍ എന്നുപറയുമ്പോള്‍ ഞാനെന്തോ നേടിയെടുത്ത പോലെ തോന്നിയിരുന്നു. കുറെ കൂട്ടുകാരെ കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. ഉച്ചക്ക് കഴിക്കാനുള്ള സമയം ആയാല്‍ വീട്ടിലേക്കൊരു ഓട്ടമാണ്. അവിടെ എത്തുമ്പോഴേക്കും കഴികാനുള്ളത് അമ്മ വിളമ്പിത്തരും അതുകഴിച്ചു തിരിച്ചു സ്കൂളിലേക്കും ഓടും. കാരണം വേറൊന്നും അല്ല കളിക്കാനാണ് ആ ഓട്ടം.

എല്‍ പി സ്കൂളില്‍ പഠിപ്പിച്ചിരുന്ന എല്ലാ ടീച്ചര്‍മാരെയും നല്ല ഇഷ്ട്ടമായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു മാഷായിരുന്നു മൂന്നാം ക്ലാസ്സിലെ ക്ലാസ്സിലെ ഞങ്ങളുടെ  ടീച്ചര്‍ ആയിരുന്ന ബാലസുബ്രമണ്യന്‍ മാഷ്‌. കയ്യില്‍ നിറയെ രോമം ഉണ്ടായിരുന്ന മാഷ ഹജെര്‍ എടുക്കുന്ന സമയത്ത് പതുങ്ങി പതുങ്ങി ചെന്ന് കയ്യിലെ രോമം പിടിച്ചു നിന്ന് വട്ടത്തില്‍ കറങ്ങു മായിരുന്നു ഞാന്‍. വേദനകൊണ്ട് അയ്യോ എന്നുപറയുമ്പോള്‍ പിടിവിട്ട് ഓടി ബഞ്ചില്‍ വന്നിരിക്കും. എത്ര വേദനിച്ചാലും അടുത്തുവന്നൊന്നു "നിന്നെ ഞാന്‍" എന്ന് പറയല്ലാതെ ഒരു ശിക്ഷയും കിട്ടിയിട്ടില്ല. അതുപോലെ തന്നെ മറ്റൊരു മാഷായിരുന്നു നാലാം ക്ലാസ്സില്‍ കണക്കെടുതിരുന്ന രാഘവന്‍ മാഷ്‌. നല്ല പേടിയും, അതുപോലെ നല്ല സ്നേഹവും ആയിരുന്നു ആ മാഷോട്. ഒരു ദിവസം കണക്കിന്‍റെ നോട്ട് ബുക്ക് എടുക്കാന്‍ മറന്ന എന്നെ എണീപ്പിച്ചു നിര്‍ത്തി കുറെ വഴക്കുപറഞ്ഞു. ഇന്നും അന്നെന്നെ വഴക്കുപറയുന്ന ചിത്രം എന്‍റെ മനസ്സിലുണ്ട്.  മാഷെന്നെ വഴക്കുപറയാന്‍ അവസരം ഞാന്‍ ഉണ്ടാക്കിയതിലായിരുന്നു എന്‍റെ വിഷമം.

സ്പോട്സും ആര്‍ട്സും ഒരുപോലെ ഇഷ്ട്ടമായിരുന്നു എനിക്ക്. ആദ്യമായി ഞാന്‍ ആര്‍ട്സ്നു സ്റ്റേജില്‍ കയറുന്നത് രണ്ടാം ക്ലാസ്സില്‍ യുവജനോത്സവത്തിനു ഗ്രൂപ്പ്‌ ഡാന്‍സിനാണ്. ഡാന്‍സിനോട് എന്നും എനിക്ക് ഹരമായിരുന്നു. അമ്മ എപ്പോഴും എന്നെ വഴക്കുപറഞ്ഞിരുന്നു പെണ്ണിന് ഒരുസ്ഥലത്ത് വെറുതേ നില്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു. അന്നൊക്കെ ഞങ്ങളെന്നും വൈകുന്നേരം കുറച്ചപ്പുറത്തുള്ള പുഴയില്‍ പോയാണ് കുളിച്ചിരുന്നത്. അയല്‍വാസികളടക്കം ഞങ്ങള്‍ ആറോ എട്ടോ പേരു എപ്പഴും കാണും. പുഴയില്‍ പോകുന്നവഴിക്കാണ് ഡാന്‍സ് പഠിപ്പിച്ചിരുന്ന പങ്കാജന്‍ മാഷുടെ വീട്. എന്നും വീട്ടില്‍ നിന്നും അമ്മയും മറ്റും കുളിക്കാന്‍ ഇറങ്ങിയാല്‍ ഞാന്‍ മുന്നേ ഒടി ഡാന്‍സ് മാഷിന്റെ വീട്ടില്‍ പോയി ഇരിക്കും. അവിടെ തോം തിത്തിത്തൈ എന്നൊക്കെ പറഞ്ഞു പഠിപ്പിക്കല്‍ കേമാമായിരിക്കും. അമ്മയെല്ലാം പുഴയിലെത്താന്‍ നേരത്തേക്ക് ഞാന്‍ അവിടെ നിന്നും ഓടി അവരുടെ കൂടെ എത്തും. പെട്ടന്ന് കുളികഴിഞ്ഞു വീണ്ടും മാഷടെ വീട്ടിലേക് തന്നെ. ഒരുദിവസം ഒരുകുട്ടിക്ക് എത്രപറഞ്ഞു കൊടുത്തിട്ടും സ്റ്റെപ്പുകള്‍ മനസ്സിലാകാതെ പാടുപെടുന്നസമയത്തു അങ്ങനല്ല ചേച്ചി ഇങ്ങനെ എന്നും പറഞ്ഞു ഞാന്‍ ആ സ്റ്റെപ്പ് പറഞ്ഞുകൊടുത്തു. ഇത് കണ്ട് മാഷ് എന്നെവന്നെടുത്ത് മിടുക്കിയാണല്ലോ എന്നൊക്കെ പറഞ്ഞു. അമ്മയും കൂട്ടരും തിരിച്ചു വരുന്നസമയത്തു നല്ല ഭാവിയുണ്ട് ഡാന്‍സ് പഠിപ്പിക്കണം, നല്ല നല്ല ഡാന്‍സ് സ്കൂളുകള്‍ ഉണ്ട് അവിടെ കൊണ്ടുപോയി ചേര്‍ക്കു എന്നൊക്കെ പറഞ്ഞു. ഒരു ആഴ്ചകൊണ്ട് ഡാന്‍സ് പഠിച്ചെടുത്  ആ വര്‍ഷത്തെ ഉവജനോത്സവത്തിനു എന്നെയും ആ ഗ്രൂപ്പ്‌ ഡാന്‍സിനു ചേര്‍ത്തു. എവിടെ നിര്‍ത്തിയാലും തീരെ ചെറുതായതുകൊണ്ട് എന്‍റെ സ്ഥാനം സെന്റെറില്‍ ആക്കി. അങ്ങനെ ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറി. അന്ന് ഡാന്‍സ് പഠിക്കാന്‍ 50 രൂപ ആയിരുന്നു ഒരുമാസം. അച്ഛന്‍റെ കയ്യില്‍ അന്നത് തുടര്‍ന്നു കൊടുക്കാന്‍ ഇല്ലാത്തതോണ്ട് അതവിടെ നിര്‍ത്തിവച്ചു. ആ മാഷ്ടെ കീഴിലോ മറ്റെവിടെയെങ്കിലോ ഡാന്‍സ് തുടര്‍ന്നു പഠിക്കല്‍ ഉണ്ടായില്ലെങ്കിലും ഡിഗ്രി കഴിയുന്നവരെയും എങ്ങനെയെങ്കിലും തട്ടികൂട്ടി ഞാന്‍ യുവജനോത്സവത്തില്‍ കുറഞ്ഞത് മൂന്നു പരിപാടിക്കെങ്കിലും പങ്കെടുക്കും.

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് വീടിനു കുറച്ചു അടുത്തായി എല്ലാ ഞായറാഴ്ച്ചയും ഒരു ടീച്ചര്‍ വന്നു ഡാന്‍സ് പഠിപ്പിക്കുന്നുണ്ടായിരുന്നു. ഓരോദിവസം മുന്നോട്ടുകൊണ്ടുപോകാന്‍ അച്ഛന്‍ കഷ്ട്ടപെടുന്നത് കാണുമ്പോള്‍  അച്ഛനോട് എനിക്കും ഡാന്‍സ്പഠിക്കാന്‍ ആഗ്രഹം ഉണ്ടെന്നു പറയാന്‍ തോന്നിയിരുന്നില്ല. ഒരുപാട് കുട്ടികളുണ്ടായിരുന്നു അവിടെ. മറ്റുകുട്ടികള്‍ക്കു ഒരു കൂട്ടെന്ന രീതിയില്‍ അവരുടെ കൂടെ ഞാനും പോകാന്‍ തുടങ്ങി. കുട്ടികളുടെ കൂടെ പോയി ഒരുഭാഗത്ത് ഇരിക്കും, അവിടുന്ന് തിരിച്ചു വീട്ടിലെത്തിയാല്‍ അന്നവിടെ പഠിപ്പിച്ച സ്റ്റെപ്പുകള്‍ ഞാനും പഠിക്കും. സത്യം പറഞ്ഞാല്‍ ആരും അറിയാതെ ഫീസില്ലാത്തൊരു പഠിത്തം. അങ്ങനെ ഒരുദിവസം ടീച്ചര്‍ കുട്ടികള്‍ക്ക് മുദ്ര പഠിപ്പിക്കുമ്പോള്‍ മുദ്ര എങ്ങനെ എന്ന് ഞാന്‍ സ്വയം ശ്രമിച്ചു നോക്കുന്നത് ടീച്ചര്‍ കണ്ടു. അന്ന് തിരിച്ചു പോരുന്ന സമയത്ത് എന്നെ വിളിച്ചു ഇനി മുതല്‍ ഫീസ്‌ തരുന്നവരെ ഇവിടെ വരെ വരാന്‍ പാടുള്ളൂ എന്നു പറഞ്ഞു. ആദ്യം അതൊരു ഞെട്ടലുണ്ടാക്കിയെങ്കിലും പെട്ടന്ന് തന്നെ അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. അങ്ങനെ കട്ടുപഠിക്കുന്ന എന്‍റെ ഡാന്‍സ് പഠിത്തവും അവസാനിച്ചു.

സ്പോട്സ് എന്നു ഓര്‍ക്കുമ്പോള്‍ തന്നെ ആനിടീച്ചറെയാണ് ഓര്‍മ്മ വരിക. സ്പോട്സ് ദിവസത്തിന്‍റെ അന്ന് രാവിലെതന്നെ ഗ്രൗണ്ടില്‍ എത്തി പരിപാടിയുടെ തുടക്കം മുതല്‍ അവസാനം വരെ എത്ര വെയിലായാലും മഴയായാലും അതൊന്നും കാര്യമാക്കാതെ ഓരോ പരിപാടിയും ഭംഗിയായി കൊണ്ടു നടത്താന്‍ ടീച്ചര്‍ ഇല്ലാതെ കഴിയില്ല എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. വൈകുന്നേരം ആകുമ്പോഴേക്കും വെയിലുകൊണ്ട് മുഖമൊക്കെ ചുവന്നു ശബ്ദമെല്ലാം മാറി തീരെ വയ്യാതായിരിക്കും.

സ്പോട്സില്‍ ഓട്ടം, ലോങ്ങ്‌ ജംബ്. ഇതിനു രണ്ടിനും ഒന്നാമത് അല്ലെങ്കില്‍ രണ്ടാമത് അതില്‍ അപ്പുറം ഒന്നില്ലായിരുന്നു. ആളുതീരെ വലിപ്പപില്ലെങ്കിലും കാന്താരിയാണ് എന്നായിരുന്നു പൊതുവേ ഉള്ള സംസാരം. ഞങ്ങളുടെ സ്കൂളില്‍ സ്പോട്സിനു പ്രത്യേകം ടീച്ചറോ ഗ്രൌണ്ടോ ഇല്ലായിരുന്നു. സ്പോട്സിനു പ്രാക്ടീസ് എന്നത് സ്പോട്സ് ദിവസത്തിന് രണ്ടു ദിവസം മുന്നേ സ്കൂള്‍ ഗ്രൗണ്ടില്‍ കൊണ്ടുപോയി നാല് റൌണ്ട് ഓടിക്കും. അതുകഴിഞ്ഞാല്‍ കഴിഞ്ഞു. എങ്കിലും ഒമ്പതാം ക്ലാസ്സില്‍ സ്പോട്സ്നു ഞാനും ആശ എന്ന കുട്ടിയും ജില്ലാതലത്തില വരെ എത്തി. രണ്ടു മൂന്നു ആണ്‍കുട്ടികള്‍ക്ക് വിവിധ ഇനത്തില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കിട്ടിയിരുന്നു.

സ്കൂളിന് രണ്ടു കിലോമീറ്റർ അകലെ ആയിരുന്നു ഗ്രൗണ്ട്. ആ ഗ്രൗണ്ടിന്റെ അടുത്താണ് ഞങ്ങളുടെ വീട്. പരിപാടിക്ക് വരുന്ന മിക്ക ടീച്ചേഴ്സും ഊണ് കഴിച്ചിരുന്നതും അവിടെയുള്ള എല്ലാവർക്കും കുടിക്കാനുള്ള വെള്ളം കൊടുത്തിരുന്നതും വീട്ടിൽനിന്നും ആയിരുന്നു. അങ്ങനെ ആ സ്കൂളിലെ ഞങ്ങളുടെ അവസാന വര്‍ഷം ആയ പത്താം ക്ലാസ്സില്‍ എത്തി. ആ വര്‍ഷത്തെ സ്പോട്സിനു എല്ലാ വര്‍ഷത്തെയും പോലെ നാലു ടീം ആയി തിരിച്ചു റഡ്, ഗ്രീന്‍, യെല്ലോ, ബ്ലൂ. ഞാനും ആശയും അടങ്ങുന്ന കുറച്ചു പേര്‍ ഗ്രീന്‍ ടീമില്‍ ആയിരുന്നു. ആ വര്‍ഷം ജയിച്ചതും ഗ്രീന്‍ ടീം തന്നെ. അന്നത്തെ ആഘോഷമെല്ലാം കഴിഞ്ഞു തിരിച്ചു വീട്ടില്‍ എത്തി. അവിടെ കുറെ കുട്ടികള്‍ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് കേറി വരുന്നവഴി ഫസ്റ്റ് കിട്ടിയതും മറ്റും അമ്മയോടു വിളിച്ചു പറഞ്ഞാണ് എന്‍റെ വരവ്. അന്നേരം കൂട്ടത്തില്‍ നല്ല വലുപ്പം ഉണ്ടായിരുന്ന ഹക്കിമ എന്ന കുട്ടി അടുത്തവര്‍ഷം ഞങ്ങള്‍ക്കും പങ്കെടുക്കണം എന്നു പറഞ്ഞു. അപ്പൊ എന്തെ ഈ വര്‍ഷം പങ്കെടുത്തില്ലേ എന്ന് അമ്മ ചോദിച്ചു. ഇല്ല... പങ്കെടുത്തിട്ടെന്താ ഫസ്റ്റും സെകെന്റും ഇവര്‍ക്കല്ലേ എങ്ങനെ നോക്കിയിട്ടും ഞങ്ങള്‍ക്ക് കിട്ടില്ല. ഇവര്‍ ഉള്ളതുകൊണ്ട് മൂന്നു വര്‍ഷമായി ഞങ്ങള്‍ ഒരുപരിപാടിക്കും കൂടാറില്ല. അടുത്തവര്‍ഷം എന്തായാലും ഞങ്ങള്‍ക്കു കിട്ടുമല്ലോ. കാര്യം അറിയാതെ ഞാനും അമ്മയും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. പിന്നെ ആനിടീച്ചര്‍ പഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്. വേറെ ഏതോ സ്കൂളില്‍ അഞ്ചാം ക്ലാസ്സുവരെ ഓട്ടത്തില്‍ ഫസ്റ്റ് വാങ്ങിച്ചിരുന്ന കുട്ടിയാനത്രേ അവള്‍. ഞങ്ങളുടെ സ്കൂളില്‍ വന്നതിനു ശേഷം എപ്പഴും മൂന്നോ നാലോ സ്ഥാനത്തെ എത്താന്‍ കഴിഞ്ഞിട്ടുള്ളത്രേ. അതിന്‍റെ ദേഷ്യം ആണതെന്ന്.

------------------------------------------------------------------------------------------------------

ഞങ്ങളുടെ ഒരുദിവസം തുടങ്ങുന്നത് രാവിലെ എണീറ്റ് മുഖം കഴുകി മുസ്തഫമാമ പാച്ചായ (പാൽ ചായ) എന്ന് പറഞ്ഞോണ്ടായിരുന്നു. അന്ന് വീട്ടിൽ ഹോട്ടൽകച്ചവടം ഒരു ഭാഗത്തും പലചരക്കുകച്ചവടം ഒരുഭാഗത്തും നടത്തിയിരുന്നു. വീട്ടിൽ ഉള്ളവരെല്ലാവരും ഹോട്ടലിൽ നിന്നും തന്നെ ആണ് കഴിച്ചിരുന്നത്. ഞങ്ങളവിടെ ചെല്ലുന്ന മിക്കസമയത്തും നാട്ടിലെ ബസ്സുകാരും കഴിക്കുന്നുണ്ടായിരിക്കും. ആ ഹോട്ടലിനു മുന്നിലായിരുന്നു ലാസ്റ്റ് ബസ്‌സ്റ്റോപ്. അതുകൊണ്ടു തന്നെ ബസ്സുകാരെ എല്ലാം ഞങ്ങൾക്ക് നല്ല പരിചയമായിരുന്നു. രാവിലെ കഴിക്കൽ കഴിഞ്ഞു കുറെ സമയം കടയുടെ മുമ്പിൽ മുറ്റത്ത്‌ കളിക്കും. കാരണം വീട്ടിൽ കേറിപോയാൽ അവിടെ ഉള്ളവർക്ക് ഉച്ചക്ക് ഹോട്ടലിലേക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ല. എല്ലാ ജോലികളും കഴിഞ്ഞു അമ്മ ഞങ്ങളെ വിളിക്കുമ്പോഴാണ് വീട്ടിലേക്കു പോകുന്നത്.

അച്ഛൻ എന്നും രാവിലെ നേരത്തെ ജോലിക്കുപോകും. അന്നും അച്ഛന്‍ പോസ്റ്റ്മാന്‍ ആയിരുന്നു. അമ്മ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ പ്രായമാണ് അച്ഛന്റെ ജോലിക്കെന്നു. അന്നൊന്നും അറിയില്ലായിരുന്നു അച്ഛന്റെ ജോലിക്കു എത്രത്തോളം ബുദ്ധിമുട്ടുണ്ടെന്ന്. വളരെ കുറഞ്ഞ ശമ്പളത്തിനായിരുന്നു അന്നത്തെ അച്ഛന്റെ പോസ്റ്റ്‌. എങ്കിലും ഗവര്‍മെന്റ് ജോലിആണല്ലോ കുറച്ചു കഴിയുമ്പോള്‍ കാര്യം ഉണ്ടാകും എന്ന് പറഞ്ഞു കയറിയതാനത്രേ. അന്ന് ഈ ജോലിക്ക് പോകണ്ട കടനോക്കിയാല്‍ മതിയെന്ന് പറഞ്ഞു വലിയച്ചന്‍ കുറെ നിര്‍ബ്ബന്ധിചെങ്കിലും അച്ഛന്‍ ജോലിക്ക് ജോയിന്‍ ചെയിതു.

കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു അച്ഛാച്ചാനു തീരെ സുഖമില്ലാതെ കിടപ്പിലായി. ഓരോന്നു പിച്ചും പേയും പറയുകയും, രാത്രിയിലും മറ്റും ഇറങ്ങി എങ്ങോട്ടെങ്കിലും പോകുകയുംചെയ്യും. പിന്നെപിന്നെ ആരെങ്കിലും സഹായം ഇല്ലാതെ കിടക്കുന്നിടത്തുനിന്നുപോലും എണിക്കാന്‍ വയ്യാതായി. സ്നേഹത്തോടെ ഉള്ള കുട്ടിയേ എന്ന നീട്ടിവിളി എല്ലാം നിന്നു. എല്ലാവരെയും നന്നായി വഴക്ക് പറഞ്ഞിരുന്നെങ്കിലും എന്നെ എന്നും കുട്ടിയേ എന്നെ വിളിച്ചിരുന്നുള്ളു. ഒരുദിവസം നല്ല ഉറക്കത്തില്‍ ആയിരുന്ന എന്നെ അമ്മ വന്നു  എടുത്തുകൊണ്ട് അച്ഛാച്ചന്‍ കിടക്കുന്ന മുറിയില്‍ കൊണ്ടുപോയി. അപ്പോഴവിടെ അമ്മായിമാരും വലിയച്ചനും കുട്ടിയച്ചനും എല്ലാവരും കൂടിയിരിക്കുന്നു. പലരും കരയുന്നു. അച്ഛാച്ചനു വെള്ളം വായില്‍കൊടുക്കുന്നു. അമ്മ എന്നെകൊണ്ടും കൊടുപ്പിച്ചു. എന്തിനാ ഇവരൊക്കെ കരയുന്നത് വയ്യാത്ത അച്ഛച്ചന്‍ എണീക്കും എന്നു പറഞ്ഞപ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചു അച്ഛച്ചന്‍ മരിച്ചു എന്ന് അമ്മപറഞ്ഞു. എന്താണു ഈ മരിച്ചു എന്നത് അറിയില്ലെങ്കിലും പിന്നെ ഒന്നും ചോദിച്ചില്ല. ഒന്നും മിണ്ടാതെ പൂമുഖത്തു സൈഡില്‍ കസേരയിൽ ഇരുന്നു. കുറെ ആളുകൾ വരുന്നു പോകുന്നു. അവസാനം അച്ചാച്ഛനേയും ആരൊക്കെയോ ചേർന്ന് എടുത്തോണ്ട് പോയി. പിന്നീട് വെള്ളത്തുണിയിൽ പൊതിഞ്ഞു മുറ്റത്തു കിടത്തി താമസിയാതെ എടുത്തോണ്ട് പോകുകയും ചെയിതു. അടുത്തദിവസം എവിടേക്കാണ് അച്ഛാച്ഛനെ കൊണ്ടുപോയതെന്നു അമ്മയോട് ചോദിച്ചപ്പോൾ  അമ്മ പറഞ്ഞു കുടിയിലത്തൊടി (അച്ഛന്റെ കുട്ടിക്കാലത്തു താമസിച്ചിരുന്ന വീടും,സ്ഥലവും)യിലേക്കാണെന്നും അവിടെ സുഖമായി ഉറങ്ങുകയാണെന്നും പറഞ്ഞു.

അച്ചാച്ഛന്റെ മരണശേഷം അച്ഛാച്ചന്റെ കല്യാണം കഴിക്കാത്ത ഒരു അനിയത്തി കുറച്ചു ദിവസം വീട്ടില്‍ നിന്നിരുന്നു. എല്ലാവരും അമ്മായി എന്ന് വിളിച്ചിരുന്ന ചിന്നമ്മായി. അവര് വീട്ടില്‍ വന്നതിനു ശേഷം അമ്മക്ക് തീര്‍ത്താല്‍ തീരാത്ത പണികള്‍ ആയിരുന്നു. വീട് മൊത്തം അടിച്ചു തുടച്ചു തീരാന്‍ നേരത്ത് ആയിരിക്കും ചളിയെല്ലാം ചവിട്ടി വൃത്തിയാക്കിയിട്ട തറയെല്ലാം വീണ്ടും വൃത്തികേടാക്കും. അലക്കി അടുക്കിവച്ച തുണികളെല്ലാം എടുത്ത് വീണ്ടും അലക്കാതത്തില്‍ കൂടി കൂട്ടിയും, അടുത്ത വീടുകളിലെല്ലാം പോയി ഓരോന്നു പറഞ്ഞു വഴക്കുണ്ടാക്കും അങ്ങനെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നിരുന്നു. അവരെ കാണുന്നത് തന്നെ എനിക്ക് പേടിയാണ്. കുറെ ദിവസങ്ങള്‍ക്കുശേഷം അവരുടെ ചേച്ചിതന്നെ അവരെ കൊണ്ടുപോയി. ഭര്‍ത്താവു മരിച്ച വീട്ടില്‍ തനിച്ചായപ്പോള്‍ കൂട്ടിനെന്നും പറഞ്ഞു കൂട്ടിയതാണ്. പിന്നെ അവരെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.

വീട്ടില്‍ കിണറോ, പൈപ്പു വെള്ളമോ ഇല്ലാത്ത കാലമായിരുന്നു അത്. ഒന്നുകില്‍ സ്കൂള്‍ കിണറില്‍ നിന്നോ അല്ലെങ്കില്‍ രണ്ടു കിലോമീറ്റര്‍ അകലെ അച്ഛച്ചന്‍ ഉറങ്ങുന്ന സ്ഥലത്തിനു തൊട്ടടുത്ത് ഉള്ള വലിയച്ഛന്റെ സ്ഥലതുനിന്നോ വേണമായിരുന്നു വെള്ളം കൊണ്ടുവരാന്‍. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവനവനു ചേരുന്ന വലുപ്പമുള്ള കുടങ്ങള്‍ ഉണ്ടായിരുന്നു. മഴക്കാലം ആയാലും വേനല്‍ക്കാലം ആയാലും വെള്ളം കൊണ്ടുവരുന്നത് ഒഴിവാകാന്‍ ആകാത്ത ഒന്നാണന്ന്. അതിരാവിലെ തുടങ്ങും അമ്മ വെള്ളം ചുമക്കാന്‍. തലയിലും ഒക്കത്തും ആയി രണ്ടു കുടം. ഹോട്ടലില്‍ പോലും ആ വെള്ളം ആണ് ഉപയോഗിച്ചിരുന്നത്. എല്ലാ പണികളും കഴിഞ്ഞു വയികുന്നേരം കുളിക്കാന്‍ പോകും. വേനല്‍കാലത്ത് പുഴയിലും, മഴക്കാലത്തു കുളത്തിലും. കുളം കുടിയിലത്തോടിയുടെ തൊട്ടടുത്താണ്. ഇരുട്ടുവീഴാന്‍ തുടങ്ങുമ്പോഴും അമ്മയെ കാണാനില്ലെങ്കില്‍ ഞാനും ഏട്ടനും കുളത്തിലേക്ക് പോകും അപ്പോഴും വീട്ടിലെ എല്ലാവരുടെയും ഒരുലോഡ് തുണി അലക്കികൊണ്ടേ ഇരിക്കുന്നുണ്ടാകും. എല്ലാം കഴിഞ്ഞു ഞങ്ങളൊരുമിച്ചു വീട്ടിലേക്കു പോരും. ഇത്രയൊക്കെ പണിയെടുക്കുന്നുണ്ടെങ്കിലും വരുമാനം ഒന്നും വീട്ടിലേക്കു ആയിരുന്നില്ല. വലിയച്ചനായിരുന്നു മുതലാളി. പണമായി ഒന്നും ഇല്ലെങ്കിലും വീട്ടുകാരുടെ അന്നന്നത്തെ ചിലവുകള്‍ അന്നവിടെ നിന്നായിരുന്നു. ഹോട്ടല്‍ തുടങ്ങിയ കാലം മുതല്‍ ജോലികിട്ടുന്നവരെയും അച്ഛനും, അമ്മയെ കല്യാണം കഴിച്ചു കൊടുന്നപ്പോള്‍ മുതല്‍ അമ്മയും അവിടെ വേണ്ടുവോളം പണി എടുത്തിട്ടുണ്ട്. എന്നാല്‍ എന്നും വലിയച്ഛന്റെ ജോലി പത്തുമണിവരെ കിടന്നുറങ്ങി പതിനൊന്നുമണിക്ക് കടയില്‍വരുക പണപ്പെട്ടിക്കു അടുത്തിരുന്നു അത് കണക്കാക്കുക, അത് തീര്‍ന്നാല്‍ ഒരുമണിക്ക് ഊണു കഴിഞ്ഞു വീണ്ടുംപോയി ഉറങ്ങി അഞ്ചുമണിക്കു വീണ്ടും പണപ്പെട്ടിക്കു കാവലിരിക്കുക, എല്ലാം കഴിഞ്ഞു കട അടക്കാന്‍ നേരം പണമെല്ലാം എടുത്ത് കൊണ്ടുപോകുക എന്നതായിരുന്നു.

പിന്നീട് എന്നോ എന്തോ കാരണം കൊണ്ട് ഹോട്ടല്‍ നിര്‍ത്തി. പലചരക്കുകച്ചവടം മാത്രമായി. അമ്മ കുറച്ചു ഫ്രീ ആയെന്നുതന്നെ പറയാം. കാരണം വീട്ടിലെ പണികള്‍ മാത്രം അമ്മക്ക് നോക്കിയാല്‍ മതിയായിരുന്നു. പിന്നീട് കടയുടെ അവകാശം മുഴുവന്‍ വലിയച്ചനായി. വലിയച്ഛന്റെ രണ്ടാമത്തെ മകനായിരുന്നു പിന്നീട് അവിടെ നിന്നിരുന്നത്. ഒരു ഒഴിവുകാലത്ത് ഞങ്ങള്‍ അമ്മയുടെ വീട്ടില്‍പോയി വന്നപ്പോള്‍ വീട്ടില്‍ ഉണക്കമുളകില്ലായിരുന്നു. സാധാരണ കടയില്‍ പോയി ആവശ്യത്തിനുള്ളത് എടുക്കാറായിരുന്നു പതിവ്. അന്ന് ഞാനാണ് അവിടെ മുളകിനു വേണ്ടി പോയത്. എടുക്കാന്‍ നേരം മനസ്സില്ല മനസ്സോടെ ആ ഏട്ടന്‍ എന്നോട് പറഞ്ഞു അച്ഛനോട ചോദിച്ചിട്ട് എടുത്താല്‍ മതിയെന്ന് വലിയച്ചന്‍ പറഞ്ഞിട്ടുണ്ടെന്ന്. ഞാനതെടുക്കാതെ വീട്ടില്‍വന്നു പറഞ്ഞു. അന്ന് മുതല്‍ അവിടെനിന്നും കാശ് കൊടുത്ത് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി.

അച്ഛന്റെ ശമ്പളം എത്രയെന്ന് ഞങ്ങളിന്നെവരെ ചോദിച്ചിട്ടില്ല. ആ ജോലിയായിരുന്നു ഞാനും ഏട്ടനും അമ്മയും അച്ഛനും ചാച്ചനും, അച്ഛമ്മയും, അടങ്ങുന്ന കുടുംബത്തിന്റെ വരുമാനം. അധികം താമസിയാതെ തന്നെ ചാച്ചനു ജോലികിട്ടി. എന്റെ ഓർമ്മയിൽ ചാച്ചന്റെ അധ്യാപകജീവിതം തുടങ്ങുന്നത് വയനാട്ടിലാണ് അവധിക്കു വീട്ടിൽ വരുന്ന ചാച്ചനെ ഞാനും ഏട്ടനും കാത്തിരിക്കും. ഒരുപാടു കഥകളുണ്ടാവും ചാച്ചനു പറയാനും ഞങ്ങള്‍ക്കു കേള്‍ക്കാനും. ചാച്ചന്റെ കഥയില്‍ എന്നും ആനയുണ്ടാകും. താമസിച്ചിരുന്ന സ്ഥലത്തിനു അടുത്തു ആനവെള്ളം കുടിക്കാന്‍ വരുന്നതും ചിലപ്പോള്‍ ആനകളുടെ വികൃതിയായി അവ വെള്ളം തുമ്പിക്കൈയിലാക്കി ജനലഴികളിലൂടെ ഊതുന്നതും വളരെ കൌതുകത്തോടെ ഞങ്ങള്‍ കേട്ടിരിക്കും. ചാച്ചന്‍ വീട്ടിലുള്ളപ്പോള്‍ മിക്കസമയവും ഞങ്ങളുടെ കൂടെ ചിലവഴിക്കും.

ഒരു ദിവസം എന്നോട് ഒരു ചോദ്യം ചോദിച്ചു. "നമുക്കെന്തിനാ മൂക്ക്?"

എടുത്തവഴിയെ ഞാന്‍ ഉത്തരം പറഞ്ഞു. "പൊട്ടുതൊടാന്‍"

ഞാന്‍ പറഞ്ഞത് സത്യമായിരുന്നു. ഞാന്‍ മൂക്കിന്‍റെ നടുക് നോക്കി ആണ് പൊട്ടു തൊട്ടിരുന്നത്. അല്ലാതെ ഇട്ടാല്‍ വേറെ ഏതെങ്കിലും ഭാഗത്തോട്ട് ചെരിഞ്ഞിരിക്കും. അതിനുള്ള പോംവഴി ആയിരുന്നു മൂക്കിന്‍റെ നടുക്ക് നോക്കി പൊട്ടുവക്കല്‍.

എന്‍റെ ഉത്തരം കേട്ട് അന്നവിടെ ആശാരിപണി എടുത്തിരുന്ന വേശുഏട്ടനും, ഏട്ടനും, ചാച്ചനും എല്ലാരും ചിരിയോടു ചിരിയായിരുന്നു. എനിക്ക് കാര്യം മനസ്സിലായതും ഇല്ല. എന്‍റെ ഉത്തരം ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിച്ചു.

പിന്നീട് ചാച്ചനു സ്കൂള്‍ മാറ്റം കിട്ടി. അങ്ങനെ എന്നും വീട്ടില്‍ നിന്നും പോകാനുള്ള സൗകര്യമായി. ചാച്ചനു എന്നും പൊതിച്ചോറും വൈകുന്നേരം വരുമ്പോള്‍ എന്തെങ്കിലും ചായക്ക്‌ സ്പെഷ്യല്‍ ഉണ്ടാക്കണമായിരുന്നു. ചായ സ്പെഷ്യലില്‍ നിന്ന് വല്ലപ്പോഴും കുറച്ചു ഞങ്ങള്‍ക്കും കിട്ടും. അല്ലങ്കില്‍ ചാച്ചന്റെ ചായകുടി കഴിയുന്നത്‌ വരെ ഞാനും ഏട്ടനും അതിലെ ചുറ്റിപറ്റി നില്‍ക്കും.

അതുപോലെതന്നെ ചാച്ചന്റെ പൊതിച്ചോറും ഞങ്ങള്‍ക്കു പ്രിയപ്പെട്ടതായിരുന്നു. ചില ദിവസങ്ങളില്‍ എന്തെങ്കിലും കാരണം കൊണ്ടു കൊണ്ടുപോയ ഭക്ഷണം കഴിക്കാതെ തിരിച്ചുകൊണ്ടുവരും. പിന്നെ ആ ഭക്ഷണം എനിക്കും ഏട്ടനും ഉള്ളതാണ്. വാട്ടിയ വാഴയിലയുടെ മണവും കറി ഒഴിച്ചു ഇളക്കിയ ചോറും, മുട്ടയും, ഉപ്പേരിയും അച്ചാറും ഓര്‍ക്കുമ്പോഴേ വായില്‍ വെള്ളം ഒഴുകും. ആ പൊതിച്ചോറില്‍ മാത്രമേ അത്രയും വിഭവങ്ങള്‍ ഉണ്ടായിരിക്കുകയുള്ളു.

എന്നും അമ്മയാണ് അവിടെ അവസാനം ഭക്ഷണം കഴിക്കുന്നത്. ഒരുദിവസം രാത്രി അമ്മ ഉണ് കഴിക്കുമ്പോള്‍ ഞാനും അടുത്തിരുന്നു. അപ്പോഴാണ്‌ കാണുന്നത് അമ്മയുടെ പാത്രത്തില്‍ വെറും കഞ്ഞിവെള്ളമേ ഉള്ളു എന്ന്. അന്നു ഒന്നും മിണ്ടാതെ അവിടെനിന്നും ഞാനെനീട്ടുപോയി. അടുത്തദിവസം മുതല്‍ എനിക്ക് വിളമ്പിത്തരുന്ന ഭക്ഷണത്തിന്‍റെ ഒരുഭാഗം ഞാന്‍ ഭാക്കിവക്കാന്‍ തുടങ്ങി. അതെങ്കിലും അമ്മയ്ക്കു കഴിക്കാന്‍ കിട്ടുമല്ലോ എന്നായിരുന്നു എന്‍റെ ആശ്വാസം. അമ്മ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കുക എന്നല്ലാതെ ഇനിയും വേണം എന്നു പറയാറില്ല. അഥവാ വേണമെന്നു പറഞ്ഞാല്‍ അമ്മക്ക് കഴിക്കാനുള്ളതായിരിക്കും എടുത്തു തരുന്നത്.

ഹോട്ടല്‍ ഉണ്ടായിരുന്ന സമയത്ത് ഭക്ഷണം ബാക്കി വന്നാല്‍പോലും കളയുക എന്നല്ലാതെ അച്ചമ്മ ഒരാള്‍ക്കും ആ ഭക്ഷണം കൊടുക്കാന്‍ സമ്മതിച്ചിരുന്നില്ല. അന്നൊക്കെ ഒരുനേരത്തെ ഭക്ഷണത്തിനു കഷ്ട്ടപെടുന്ന കുടുംബങ്ങള്‍ അടുത്തുതാമാസിച്ചിരുന്നു. അമ്മയും വലിയമ്മയും കൂടി ഭക്ഷണം പാത്രത്തിലാക്കി അടുത്തുള്ള കല്‍പൊത്തില്‍ വക്കും. അവിടെ അതുവച്ചാല്‍ ആ പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ അതുവന്നെടുത്തു കൊണ്ടുപോയി ആരും കാണാതെ ആ പാത്രം തിരികെ വക്കുകയും ചെയ്യുമായിരുന്നു.

അച്ഛന്റെ കയ്യില്‍ പണമില്ല എന്നത് അറിഞ്ഞുകൊണ്ടുതന്നെ ആണ് ഞങ്ങള്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും വസ്തുക്കള്‍ വേണമെന്ന വാശിയോ ആഗ്രഹമോ മറ്റെന്തെങ്കിലും ദുര്‍വാശ്ശികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ഉണ്ടെങ്കില്‍ തന്നെ അതു മനസ്സില്‍ സൂക്ഷിക്കുകമാത്രമേ ചെയിതിരുന്നുള്ളൂ. എന്നെങ്കിലും സാധിക്കുകയാണെങ്കില്‍ കിട്ടിയേക്കാം എന്നൊരു പ്രതീക്ഷ എന്നും ഉണ്ടായിരിക്കും.

രാവിലെ ഞങ്ങള്‍ എണീക്കുന്നതിനു മുന്നേ ജോലിക്ക് പോകുന്ന അച്ഛനെ വൈയികുന്നേരം ആയിരുന്നു ഞങ്ങള്‍ കാണുന്നത്. അന്നൊന്നും അച്ഛനോടു അധികം സംസാരിക്കില്ല. ഭയങ്കര പേടിയായിരുന്നു ഞങ്ങള്ക്ക് . എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ തന്നെ അമ്മയാണ് അച്ഛനോട്പറഞ്ഞു നടത്തിതന്നിരുന്നത്. പിന്നെ പിന്നെ വൈകുന്നേരവും, ഒഴുവുദിവസങ്ങളിലും എല്ലാം അച്ഛന്‍ തിരക്കിലായി. ഒരുദിവസം അച്ഛനെന്തേ എന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു അച്ഛന്‍ ചാച്ചനു പെണ്ണാലോചിച്ചു പോയിരിക്കാണെന്ന്. അങ്ങനെ ഒരുപാടു കാലം അച്ഛനും ഞങ്ങളുടെ മാമനും പെണ്ണാലോചിച്ചു നടന്നിട്ടുണ്ട്.

ആയിടക്കാണ് നാട്ടില്‍ ജലനിധി വഴി എല്ലാവീടുകളിലും കുടിവെള്ളം എത്തിക്കുന്ന പുതിയ പദ്ധതി വന്നത്. 2500രൂപ കൊടുത്താല്‍ വീട്ടില്‍ പൈപ്പു വെള്ളം വരും. മാസാമാസം അമ്പതു രൂപ കൊടുക്കണം. വെള്ളക്ഷാമവും തീരും. അമ്മ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ടു ആടുകളെ വിറ്റു ആ പണം കൊടുത്ത് തറവാട്ടിലും ഒരു ജലനിധി കണക്ഷന്‍ എടുത്തു. അങ്ങനെ അമ്മയുടെ വെള്ളം ചുമക്കുന്ന ജോലിക്കു പരിഹാരമായി.

എനിക്ക് ഒമ്പതു വയസ്സുള്ളപ്പോഴാണ് ചാച്ചന്റെ കല്യാണം കഴിഞ്ഞത്. കല്യാണം കഴിഞ്ഞു ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞതും അച്ഛമ്മ ചെറിയചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അതു സാധാരണ എല്ലാ വീട്ടിലും ഉണ്ടാകുന്ന പോലെ പുതിയ മരുമകളെ കിട്ടുമ്പോള്‍ പഴയമരുമകളെ കണ്ണില്‍ പിടിക്കാത്ത അവസ്ഥ. എങ്കിലോ അച്ഛമ്മയുടെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത് അമ്മയും. അച്ഛമ്മക്ക്‌ രണ്ടായി കാണാനുള്ള മറ്റൊരു കാരണം ചെറിയമ്മക്കു ഒരു സ്കൂളില്‍ ആയിടെ താല്‍ക്കാരലിക ജോലി കിട്ടി. അവരു വരുമാനമുള്ളവരായപ്പോള്‍ അമ്മ വരുമാനം ഇല്ലാത്തവളായി. അതങ്ങനെ വളര്‍ന്നു വളര്‍ന്നു അമ്മക്ക് എത്ര വയ്യെങ്കിലും അമ്മ ഒരു അടുക്കളക്കാരിയും, ചെറിയമ്മ ജോലിക്കാരിയും ആയി. ഒരുദിവസം തലവേദനയുമായി എണീക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് അമ്മ. അന്ന് എല്ലാപണിയും തീര്‍ത്തു ഒന്ന് കിടക്കാന്‍ വേണ്ടി പോയപ്പോഴായിരുന്നു അച്ഛന്‍ മീനു കൊണ്ടുവന്നത്. അതിലേക്കുള്ള അരവെല്ലാം അരച്ച് ചെറിയമ്മ വന്നാല്‍ അതുനന്നാക്കി വറുത്തെടുക്കാന്‍ പറയാമെന്നു വിചാരിച്ചു അമ്മയിരുന്നു. അന്നു ചെറിയമ്മ വന്നപ്പോള്‍ അമ്മപറയാന്‍ വേണ്ടി ചെന്നസമയം അച്ഛമ്മ ചെറിയമ്മയോട് നീപോയികിടന്നോ എന്നുപറഞ്ഞു റൂമിലേക്ക്‌ ആക്കുന്നതാണ് കണ്ടത്. അത്രയും ദിവസം ഒരുപരാതിയും പറയാതിരുന്ന അമ്മ ഇക്കാര്യം അച്ഛനോട് പറഞ്ഞു. അതിനെ കുറിച്ച് അച്ഛന്‍ അച്ഛമ്മയോട് ചോദിച്ചപ്പോള്‍ എന്റെ് മകനെകൊണ്ട് ഒരുചാക്ക് അരിവാങ്ങി എല്ലാവരെയും തീറ്റിപോറ്റാന്‍ ആകില്ല എന്നുപറഞ്ഞു. ശരിയായിരിക്കാം ഞങ്ങളന്നു നാലുപേരാണ്. അവരു രണ്ടുപേരും. അരിയുടെ കണക്കുമാത്രേ അവിടെ ഉണ്ടായിരുന്നുള്ളൂ. മറ്റുവീട്ടുചിലവുകള്‍ ഒന്നും വീട്ടുകണക്കില്‍ ഇല്ലായിരുന്നു. പിന്നെ ഒന്നും അച്ഛനു പറയാനോ ചോദിക്കാനോ ഉണ്ടായില്ല.

ആ നിമിഷം അവിടുന്ന് ഇറങ്ങണമെന്ന് ഉണ്ടായിരുന്നെങ്കിലും രണ്ടുകുട്ടികളെയും, ഭാര്യയേയും വച്ച് എങ്ങോട്ട് എന്ന ചോദ്യം ബാക്കിയായി. എങ്കിലും ആ ആഴ്ചയില്‍ തന്നെ ഞങ്ങളാ വീട്ടില്‍ നിന്നും ഇറങ്ങി. 

No comments:

Post a Comment