ആനമങ്ങാട് എട്ടുവര്‍ഷത്തെ പോസ്റ്റുമാന്‍ സര്‍വിസിനു ശേഷം സ്വന്തം നാട്ടിലേക്ക് അച്ഛനു സ്ഥലം മാറ്റം കിട്ടിയ സമയമായിരുന്നു അത്. സ്ഥലം മാറ്റം കിട്ടിയപ്പോള്‍ വളരെയധികം സന്തോഷത്തിലായിരുന്നു ഞങ്ങള്‍. സ്വന്തം നാട് ജനങ്ങള്‍ ഒരുപാടു പ്രതീക്ഷകളായിരുന്നു. പുതിയ വീടിന്‍റെ പണി എതാനും തീര്‍ന്നു കൊണ്ടിരിക്കുന്നു. അന്നൊരു വൈകുന്നെരേം അച്ഛനും, ഞാനും, പണിക്കുവന്ന കുഞ്ഞയ്യപ്പന്‍ ചേട്ടനും പുതിയ വീടിന്‍റെ മുറ്റത്തു നില്‍ക്കുമ്പോള്‍ വല്ല്യേട്ടന്‍ ഒരാളേയും കൂട്ടി അവിടേക്കു വന്നു. അച്ഛനോട് അയാള്‍ എന്തൊക്കെയോ സംസാരിച്ചു. അച്ഛന്‍ പെട്ടന്ന് വീട്ടിലേക്കു പോയി. കൂടെ ഞാനും, വല്ല്യേട്ടനും, അവരുടെ കൂടെവന്ന ആളും. വീട്ടിലെത്തിയപ്പോള്‍ തറവാട് നിറയെ പോലിസ്. ഞങ്ങള്‍ കിടക്കുന്ന ബെഡ്, തലയിണ, അച്ഛന്റെ കുറെ പേപ്പര്‍സ്, അങ്ങനെ ആ വീട്ടിലുല്ലതെല്ലാം അവരു തിരയുന്നു. ഇതെന്താണെന്നു മനസ്സിലാകാതെ കുളിക്കാന്‍ പോയ അമ്മയുടെ അടുത്തേക്ക് ഞാന്‍ ഓടി. അവിടെ എത്തി വീട്ടില്‍ നിറയെ പോലീസ് ഉണ്ടെന്നു പറഞ്ഞു. കാര്യം ഏതാണെന്ന് അമ്മക്കും മനസ്സിലായില്ല. അമ്മ പെട്ടന്ന് തുണികളെല്ലാം എടുത്തു വീട്ടിലേക്ക് എന്നേം കൂട്ടി ഓടി.
വീട്ടിലെത്തിയപ്പോള്‍ വളരെ സ്നേഹത്തോടെ ഒരു പോലീസുകാരനെന്നോട് ചോദിച്ചു "അച്ഛനെവിടെ പൈസ വച്ചിരിക്കുന്നത്?"
"ബാഗില്"ന്നു ഞാന്‍ കൂളായി പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ വളരെ സ്നേഹത്തോടെ ഒരു പോലീസുകാരനെന്നോട് ചോദിച്ചു "അച്ഛനെവിടെ പൈസ വച്ചിരിക്കുന്നത്?"
പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് ജീപ്പില്‍ കേറിപോകുന്ന അച്ഛനെയും, വലിയച്ഛന്റെ രണ്ടാമത്തെ മകന്‍ അനിയെട്ടനെയും ആണ് കണ്ടത്. ആളുകളൊക്കെ കൂടിനില്‍ക്കുന്നു. എല്ലാം കൂടെ കണ്ടപ്പോള്‍ കാര്യങ്ങള്‍ അത്ര ശരിയല്ലെന്ന് എനിക്ക് തോന്നി. അമ്മ തിരക്കിട്ട് അമ്മാവനെ കാണാന്‍ ഓട്ടോ വിളിച്ചു പോയി. രാത്രി അമ്മാവനും, ചാച്ചനും, അച്ഛനും, അനിയേട്ടനും തിരിച്ചു വന്നു. പിറ്റേന്ന് സ്കൂളില്‍ പോയപ്പോള്‍ കുട്ടികളെല്ലാം എന്നില്‍നിന്നു എന്തൊക്കെയോ മറച്ചുവക്കുന്നെന്നും, എന്നെപറ്റി എന്തൊക്കെയോ പറയുന്നുണ്ടെന്നും എനിക്ക് തോന്നി. തോന്നിയതല്ല അങ്ങനെ ആയിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കാര്യം മനസ്സിലായി. നാട്ടിലെ ഒരാള്‍ അയാളുടെ വീട്ടിലേക്കു സാധാരണ കത്തയക്കുന്ന കവറില്‍ ഇട്ടു ചെക്ക് അയച്ചിട്ടുണ്ട്. അത് അയാളുടെ വീട്ടില്‍ കിട്ടിയില്ല എന്നതായിരുന്നു പരാതി. ആ ചെക്ക് അനില്‍കുമാര്‍ എന്നു പേരുള്ള ആരോ മാറ്റിയിട്ടുണ്ടെന്നും അവര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. അനില്‍കുമാര്‍ എന്ന ഏട്ടന്റെ മകനും പോസ്റ്റുമാന്‍ ആയ അച്ഛനും അതുമതിയല്ലോ തെളിവ്. പോരാത്തതിന് നാട്ടിലെ പേരുകേട്ട ഒരാള്‍ക്ക് അച്ഛനോടു ഒരു മുഷിപ്പും ഉണ്ടായിരുന്നു. കാരണം വേറെ ഒന്നും അല്ല. അയാള്‍ക്ക് വരുന്ന ലെറ്ററുകളും, രെജിസ്റ്ററുകളും മറ്റും അയാള്‍ തുറന്നു വായിച്ചു നോക്കി ചിലതുമാത്രം എടുത്തു മറ്റുള്ളവ അതുപോലെ ഒട്ടിച്ചു തിരിച്ചയക്കാന്‍ പറഞ്ഞു തിരികെ കൊടുക്കും. അത് പറ്റില്ലെന്ന് അച്ഛന്‍ തീര്‍ത്തു പറഞ്ഞു. അങ്ങനെ നിയമത്തിനനുസരിച്ച് അച്ഛന്‍ നില്‍ക്കുമ്പോള്‍ അച്ഛനെതിരെ ആളുകളും ആയി.
അതുകൊണ്ടുതന്നെ ഇങ്ങനൊരു പ്രശ്നം വന്നപ്പോള്‍ അവനങ്ങനെ ചെയിതുകാണും എന്നുപറഞ്ഞു നടക്കാനും ആളുണ്ടായിരുന്നു. അച്ഛന്റെ പേരില്‍ ഇങ്ങനൊരു പ്രശനം ഉണ്ടായത് അറിഞ്ഞു അടുത്തദിവസം ആനമങ്ങാട് ഉണ്ടായിരുന്ന പോസ്റ്റ്‌മാഷ് വീട്ടിലും, പോസ്റ്റ് ഓഫീസിലും പോയി ഞങ്ങളുടെ അച്ഛനങ്ങനെ ചെയ്യില്ലെന്നും, എട്ടുവര്‍ഷത്തെ സര്‍വീസ് നല്ലരീതിയില്‍ ചെയിത ആളാണ് എന്നും, അത് താനെവിടെവേണമെങ്കിലും പറയാമെന്നും പറഞ്ഞു. പിന്നെ നഷ്ട്ടപെട്ടെന്നു പറയുന്ന തുക മുപ്പതിനായിരം രൂപയുടെ ചെക്ക് ആണ്. ഇവിടെ എത്തിയിട്ടുണ്ടോ എന്നതിന് പോലും തെളിവില്ല. പിന്നെ എങ്ങനെ അതെടുത്തു എന്നുപറഞ്ഞു പോലീസിനു കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നൊക്കെ ചോദ്യമായി. ആര്‍ക്കും മനസ്സിലാകാതെ ശരിക്കും എന്തോ ഒരു നാടകമാനവിടെ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടയിലാണ് വൈയികുന്നേരം വലിയച്ചന്‍ വീട്ടില്‍വന്നു കാശ് എടുത്തിട്ടുണ്ടെങ്കില്‍ തിരികെ കൊടുത്തേക്ക് നീ മാത്രമല്ല എന്‍റെ ചെക്കനും ആഴിയെണ്ണേണ്ടി വരും എന്നൊക്കെ പറഞ്ഞു. ഞാന്‍ ജയിലില്‍ കിടന്നാലും ചെയ്യാത്തകുറ്റം ഞാനെറ്റെടുക്കില്ല, നിന്‍റെ മകനെന്തായാലും ജയിലില്‍ കിടക്കേണ്ടി വരില്ല ഇക്കാര്യത്തില്‍ എന്നും അച്ഛന്‍ പറഞ്ഞു. സ്വന്തം കൂടപ്പിറപ്പുകള്‍ പോലും കുറ്റപെടുതുമ്പോളും തളരാതെ അച്ഛന്‍ പിടിച്ചുനിന്നു. അന്നത്തെ ആ സംഭവത്തിനു ശേഷം പിന്നെ ഇന്നേവരെ ആ മുപ്പതിനായിരം രൂപയുടെ ചെക്കോ, പോലീസോ കേസോ ഒന്നും കേട്ടിട്ടില്ല. ഞങ്ങളതിനെ കുറിച്ച് സംസാരിക്കാരും ഇല്ല. പിന്നീട് എന്നോ അറിഞ്ഞു ആ കേസ് തെളിവുകളുടെ അഭാവത്താല്‍ തള്ളിപോയെന്നു. കോടതിയില്‍ അത് തള്ളിപോയെങ്കിലും അന്നു ആ ഒരു സംഭവത്തോടെ സ്വന്തം നാടും സ്വന്തം ജനങ്ങളെയും മനസ്സിലാക്കാന്‍ സാധിച്ചു. ഇത്രേം വലിയ മാനക്കേട് ഉണ്ടായിട്ടും ഞങ്ങളുടെ അച്ഛന്‍ പിടിച്ചു നിന്നത് എനിക്കും ഏട്ടനും വേണ്ടി മാത്രമാണ്.
ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും ആ മഴക്കാലത്ത് നേരെ അച്ഛാച്ചന്‍ ഉറങ്ങുന്ന മണ്ണിലേക്ക്. പറങ്കി മൂച്ചികളും, പ്ലാവും, മാവും, വാകമരങ്ങളും, മുളകളും, എല്ലാം നിറഞ്ഞ ഒരുകാട്. പകലുപോലും തനിച്ചു പുറത്തിറങ്ങാന്‍ പേടിതോന്നുന്ന സ്ഥലം. ഒരു ഓലമേഞ്ഞ വീട്. നടക്കുമ്പോള്‍ വെള്ളം കിനിയുന്നനിലം. പ്ലാസ്റ്റിക് കവറുകള്‍ നിലത്തുവിരിച്ച് അതിലൂടെ നടത്തം. കിടക്കാന്‍ നാലു ഇഷ്ട്ടിക വച്ച് മരകഷ്ണങ്ങള്‍ അടുക്കിവച്ച കട്ടിലുകള്‍. കാര്‍ഡ്ബോര്‍ഡ് നിലത്തുവിരിച്ച് ചിമ്മിണി വിളക്കിന്‍റെ വെളിച്ചത്തിലുള്ള പഠനം. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അതിനെ എല്ലാം ഉള്‍ക്കൊണ്ടു. പലപ്പോഴും കിടക്കുമ്പോഴോ, രാവിലെ എണീക്കുമ്പോഴോ, അല്ലെങ്കില്‍ പുറത്തുപോയി വരുപോഴോ ആ വീട് ഒരുപാമ്പെങ്കിലും കയ്യേറിയിട്ടുണ്ടാകും. മഴനനയാതെയും, വെയിലേല്‍ക്കാതെയും കിട്ടുന്ന സ്ഥലമല്ലേ അവയെ പറഞ്ഞിട്ട് കാര്യമില്ല. കിടക്കുന്നതിനു താഴെ പാമ്പിനെ കണ്ടാല്‍ അമ്മ പുറത്തിറങ്ങി ഉറങ്ങികിടക്കുന്ന ഞങ്ങളെ ഏതെങ്കിലും കാണിക്കാനോ അത്യാവശ്യമെന്നോ തോന്നും പോലെ വിളിക്കും. ഞങ്ങള്‍ എണീറ്റ് ഓടിചെല്ലുമ്പോള്‍ ആയിരിക്കും അമ്മക്കു സമാധാനത്തിന്‍റെ ശ്വാസം വീഴുന്നത്. ഞങ്ങളോട് പറഞ്ഞാല്‍ പേടിച്ച് പാമ്പിനുമേലെങ്ങാനും ചവിട്ടിയാല്‍ അതു കടിക്കും. അതൊഴിവാക്കാനുള്ള വഴിയായിരുന്നു പുറത്തിറങ്ങി ഉള്ള ആവിളി.
ആ വീട്ടില്‍ വന്നതിനു ശേഷം ചക്ക, മാങ്ങ തുടങ്ങിയ എല്ലാതരം സാധനങ്ങളും, മതിയാവുവോളം ഭക്ഷണവും വയറുനിറയെ കഴിക്കാന്‍ കിട്ടുമായിരുന്നു. സത്യത്തില്‍ സമാധാനാമായ ജീവിതം. അന്നവിടെ അയല്‍വാസികള്‍ വളരെ കുറവായിരുന്നു. വളരെ ചെരുതായരുന്നപ്പോള്‍ മുതല്‍ എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു ഹസീബ. തറവാട്ടില്‍ ആയിരുന്ന സമയത്ത് വല്ലപ്പോഴും മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അതൊരു ആത്മാര്‍ത്ഥ സൗഹൃതം ആയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ പുതിയവീട്ടിലേക്കുള്ള മാറ്റത്തിനു ശേഷം ഞങ്ങള്‍ നല്ല കൂട്ടുകാരായി. എവിടെ പോകുമ്പോഴും എന്തു വാങ്ങുമ്പോളും ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും അവകാശപ്പെട്ടതാണ്. അവളൊരു മുസ്ലിം കുട്ടി ആണെങ്കിലും ഒരുപാടു നിയന്ത്രണങ്ങളൊന്നും അവളുടെ മേല്‍ ആരും അടിച്ചേല്‍പ്പിച്ചിരുന്നില്ല. ഏട്ടന്മാരുടെ കൂടെ ഉള്ള കറക്കം കുറെ കുറഞ്ഞു. ഞങ്ങള്‍ക്കു ഞങ്ങളുടേതായ ഒരു ലോകം ഉണ്ടായി.
ഓണത്തിനു പൂക്കളമൊരുക്കാനും, പുത്തനുടുപ്പിട്ട് ഓണസദ്യകഴിക്കാനും വിഷുക്കണിവക്കാനും എല്ലാം അവളും കുടുംബവും കൂടെ ഉണ്ട്. അതുപോലെ പെരുന്നാളിനു അവളുടെ വീട്ടില്‍ ഞങ്ങളും കൂടും. എനിക്കു വീട്ടിലുള്ള സ്വാതന്ത്ര്യം പോലെതന്നെ അവളുടെ വീട്ടിലും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. തിരിച്ചു അവള്‍ക്കും അതുപോലെ തന്നെ.
വീട്ടില്‍ കരണ്ടോ, ടി.വിയോ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ഏക ആശ്രയം റേഡിയോ ആയിരുന്നു. രാവിലെ അമ്മയുടെ ജോലികളെല്ലാം തീര്‍ന്നിരുന്നത് റേഡിയോയിലെ പരിപാടി കേട്ടോണ്ടായിരുന്നു. ഓരോ പരിപാടി തുടങ്ങുമ്പോളും സമയം പോയി എന്നുപറഞ്ഞു അമ്മ അടുക്കളയില്‍ കിടന്നോടുന്നതു കാണാം. അങ്ങനെ മൂന്നുനാലു വര്‍ഷം കഴിഞ്ഞു വലിയച്ചനും വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന അകലത്തു പുതിയ വീടുവച്ചു.
വീടുമാറി വന്നതിനു ശേഷം വെള്ളം ചുമക്കുന്ന ജോലി അമ്മക്കു വീണ്ടും കിട്ടി. തറവാട്ടില്‍ ആയിരുന്നപ്പോള്‍ അമ്മക്കു മാത്രമായിരുന്നെങ്കില്‍ ഇവിടെ ഞങ്ങള്‍ക്കും ആ ജോലി ഉണ്ടായിരുന്നു. പുതിയ വീട്ടില്‍ വന്നപ്പോള്‍ മുതല്‍ വെള്ളം എടുത്തിരുന്നത് വലിയച്ഛന്റെ വീട്ടില്‍ നിന്നും ആണ്. നോക്കിയാല്‍ കാണുന്ന ദൂരമാണെങ്കിലും വീട്ടില്‍ നിന്നും വലിയൊരു ഇറക്കമായിരുന്നു വലിയച്ഛന്റെ വീട്ടിലേക്ക്. അതുകൊണ്ട് തന്നെ വെള്ളം ചുമന്നുകൊണ്ടു വീട്ടിലെത്തുമ്പോഴേക്കും ഒരുപാടു ക്ഷീണിച്ചിരിക്കും.
കിണറിനും ഒരുപാടു വിശേഷങ്ങളുണ്ട്. കുറഞ്ഞത് ഇരുപത്തഞ്ചു വീട്ടിലേക്കെങ്കിലും അതില്‍നിന്നും വെള്ളം കൊടുക്കുന്നുണ്ട്. വേനലോ മഴയോ ഭേദമില്ലാതെ എന്നും അതില്‍ വെള്ളം ഉണ്ടാകും. ഒരുപാടു ആഴവും, വട്ടവും ഉള്ള കിണറിനടിയില്‍ ആമകള്‍ തുരന്നും മണ്ണിടിഞ്ഞും അടിയില്‍ തുരംഗങ്ങള്‍ ഉണ്ടായിരുന്നു. വെള്ളം കോരിയെടുക്കാന്‍ കപ്പി ഉണ്ടായിരുന്നില്ല. കയറും ബക്കെറ്റും ഇട്ടു വലിച്ചു കോരുകയാണ് ചെയിതിരുന്നത്. വെള്ളം കോരുന്ന സമയത്ത് വക്കില്‍ തട്ടി മുകളില്‍ വരുമ്പോള്‍ വെള്ളം നിറയെ മണ്ണ് നിറഞ്ഞിരിക്കും. അതൊഴിവാക്കാനായി അമ്മ ഒരു തടി കിണറിനു കുറുകെ ഇട്ടിരുന്നു. അതിനു മുകളില്‍ കയറിയാണ് വെള്ളം മുക്കുന്നത്. കാലൊന്നു തെന്നിയാല്‍ നേരെ വീഴുന്നത് കിണറിലേക്ക്. വലിയച്ചന്‍റെ വീട്ടില്‍ മോട്ടോര്‍ അടിച്ചു കേറ്റുന്നുണ്ടെങ്കിലും ആ പൈപ്പില്‍ നിന്നും ഞങ്ങള്‍ക്കു വെള്ളം എടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. കാരണം കരണ്ടുബില്‍ അടക്കുന്നത് അവരായിരുന്നു എന്നത് തന്നെ.
ആയിടക്കാണ് അമ്മക്ക് വീണ്ടും സുഖമില്ലാതായത്. പിന്നെ മുഴുവന്‍ വെള്ളവും ഞാനും ഏട്ടനും കൂടി കൊണ്ടുവരും. ഏട്ടന്‍ വെള്ളം മുക്കി കൊണ്ടുവന്നു പകുതിക്കു തരും. അവിടെ നിന്നും ഞാന്‍ വീട്ടില്‍ കൊണ്ടുപോയി ഒഴിച്ച് തിരിച്ചെത്തുമ്പോഴേക്കും ഏട്ടന്‍ വീണ്ടും എത്തിയിരിക്കും. അമ്മക്കു ഏട്ടന്‍ വെള്ളം കോരി എടുക്കുന്നത് നല്ല പേടിയായിരുന്നു. വെള്ളം കൊണ്ടുവരുന്നത് തീരുന്നത് വരെ മുറ്റത്ത് തന്നെ നില്‍ക്കും.
വീട്ടില്‍ എന്നും ഒന്നോ രണ്ടോ നായകുട്ടികള്‍ ഉണ്ടായിരുന്നു. കാരണം വേറെ ഒന്നും അല്ല. പലപ്പോഴും ഞങ്ങളില്‍ ആരെങ്കിലും തനിച്ചായിരിക്കും. ഞാനും ഏട്ടനും സ്കൂളിലും, അച്ഛന്‍ ജോലിക്കും പോയാല്‍ അമ്മ തനിച്ചായിരിക്കും. അതുകൊണ്ടുതന്നെ ഒരു ധൈര്യത്തിനു വളര്‍ത്തിയിരുന്നതാണ്. സാധാരണ ചെറിയ കുട്ടികളെ ആണ് കൊണ്ടുവന്നു വളര്‍ത്തിയിരുന്നത്. അടുത്ത വീട്ടിലെ ഒരാള്‍ നല്ല മിടുക്കന്‍ നായ ആണെന്ന് പറഞ്ഞു ഒരു നായയെ വീട്ടില്‍ കൊണ്ടുവന്നു. കാണാന്‍ നല്ല സുന്ദരന്‍ നായ. ഞങ്ങളതിനെ വീട്ടില്‍ നിര്‍ത്തി. വീടിനു മുറ്റത്ത് രണ്ടു മരങ്ങളിലായി ഒരു കമ്പി നീളത്തില്‍ കെട്ടി അതില്‍ ചങ്ങലയിട്ടു അവനെ അതില്‍ കെട്ടിയിട്ടു. ദിവസങ്ങള്‍ കുറെ കഴിഞ്ഞെങ്കിലും അവനധികം ഇണക്കം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെ അധികം അവനോടൊപ്പം കൂടാന്‍ അച്ഛന്‍ സമ്മദിച്ചിരുന്നില്ല.
ഒരു ദിവസം വലിയച്ഛന്‍റെ വീട്ടില്‍ എല്ലാവരേയും വിളിച്ചു രാത്രിയില്‍ ഒരു ചെറിയ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചു. എല്ലാവരും വരുമ്പോള്‍ ഒരുപാടു ഭക്ഷണം ഉണ്ടാക്കണം അതുകൊണ്ട് അമ്മ അടുക്കളയില്‍ സഹായത്തിനായി അവിടേക്കു പോയി. സ്കൂള്‍ വിട്ടു വന്നു അമ്മ എടുത്തുവച്ച ചായയും കുടിച്ചു അമ്മയുടെ അടുത്തേക്ക് പോയി. അമ്മയും വലിയമ്മയും അടുക്കളയില്‍ ചിക്കന്‍ കറി വക്കാനുള്ള തയ്യാറെടുപ്പിലാണ്. അമ്മായിമാരും വന്നിട്ടുണ്ട്. ഞാനും അവരുടെ കൂടെ കൂടി അമ്മായി മാരോട് സംസാരിച്ചിരുന്നു. അപ്പോഴാണ് വീട്ടില്‍നിന്നും നായ കുരക്കുന്ന ശബ്ദം കേട്ടത് അമ്മ വീട്ടില്‍ പോയി എന്താന്നു നോക്കിയിട്ട് വാ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഒന്നും കണ്ടില്ല. മുട്ടത്തു നിന്ന് എല്ലായിടവും നോക്കി. ഒന്നും കണ്ടില്ല. തിരിച്ചു വരുമ്പോള്‍ മുറ്റത്തിനു ഒരുഭാഗത്ത് ഉണ്ടായിരുന്ന പപ്പായയില്‍ നിന്നും വീണ തണ്ടെടുത്തു പുറത്തേക്കിടാന്‍ നോക്കിയതും കെട്ടിയിട്ട നായ കുരച്ചുകൊണ്ടു എന്‍റെ നേരെ ചാടി. ഞാന്‍ മുന്നോട്ടോടിയപ്പോള്‍ അതെന്‍റെ പുറകെ മുറ്റം നിറയെ കെട്ടിയ കമ്പിയിലൂടെ വന്നു കാലിന്‍റെ തുടയില്‍ കടിച്ചു ഞാനവിടെ വീണു. വീണിടത്തുനിന്നും എണീറ്റപ്പോഴേക്കും വലതുകൈതണ്ടയില്‍ കടിച്ചു. അപ്പോഴേക്കും കമ്പിയില്‍ നിന്നും എത്താതെ രണ്ടുകാലില്‍ നിന്ന് എന്‍റെ കയ്യിലെ കടി വിടാതെ തൂങ്ങിയിരിക്കുന്നു. ഇടതുകൈ ചുരുട്ടി മൂക്കിനിട്ടൊരു ഇടികൊടുത്തു. വേദനകൊണ്ടോ ഭാഗ്യം കൊണ്ടോ കടിവിട്ടതും അമ്മാ.... എന്ന് വിളിച്ചോണ്ട് ഓടി. ഈ ബഹളമൊന്നും അമ്മയോ അവിടെ ഉള്ള മറ്റാരും കേട്ടില്ല. അവിടെ പാടത്ത് കിളച്ചു കൊണ്ടിരുന്ന മണിയേട്ടന്‍ എന്‍റെ നിലവിളികേട്ട് ഓടി വന്നു. എന്താ കുട്ടിയേ.. എന്ന് ചോദിച്ചു എന്നെ പിടിച്ചു അപ്പോഴേക്കും സ്കൂളില്‍ നിന്നും വന്നിട്ട് മാറ്റിയിട്ടില്ലാത്ത വെള്ളയും മെറൂണും യുണിഫോം മുഴുവന്‍ ചോരയില്‍ കുളിച്ചിരുന്നു. അമ്മ അവടെന്നു പറഞ്ഞു വലിയച്ഛന്‍റെ വീട്ടിലേക്കു ചൂണ്ടിയത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. പിന്നെ ഉണര്‍ന്നപ്പോ അമ്മയും വലിയമ്മയും അവിടെ ഉണ്ടായിരുന്നവരോക്കെയും കരയുന്നത് കണ്ടു. എനിക്കൊന്നും ഇല്ല അമ്മ എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചു. അച്ഛനപ്പോഴെക്കും വന്നു. ഒരു ഓടോയും വിളിച്ചു പെട്ടന്ന് ഹോസ്പിറ്റലില്‍ പോയി. പിന്നെ കുറച്ചു ദിവസം സ്കൂളിലും പോയില്ല.
അന്നുവരെ അത്യാവശ്യത്തിനു പഠിച്ചിരുന്ന ഞാന്‍ ഉഴപ്പാന്‍ തുടങ്ങി. എനിക്കുതന്നെ അറിയുന്നുണ്ടായിരുന്നു ആ കാര്യം. ക്ലാസ്സില്‍ ടീച്ചര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം അറിയാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. എന്നാല്‍ കുറെ ദിവസം ക്ലാസ്സ് നഷ്ട്ടപെട്ടതുകൊണ്ട് എനിക്ക് ഒരു ക്ലാസ്സിലും ഒപ്പമെത്താന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി. ആരും കാണാതെ രാത്രില്‍ കിടന്നു കരയും. പക്ഷെ ആര്‍ക്കും എന്‍റെ അവസ്ഥ മനസ്സിലായില്ല. പിന്നെ പിന്നെ പരീക്ഷപേപ്പറിലും അത് കാണാന്‍ തുടങ്ങി. താളം തെറ്റിയ ആ അവസ്ഥ എനിക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഒരു ക്ലാസ്സിലും ഞാന്‍ തൊറ്റിട്ടില്ല. എന്നും വീട്ടില്‍നിന്നും പഠിക്കാത്തവള്‍ എന്ന പേരായി. ഒമ്പതാം ക്ലാസ്സില്‍ എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി എന്‍റെ അമ്മ ഒരുപാട് ശ്രമിച്ചു. എന്‍റെ ക്ലാസ് ടീച്ചര്‍ ആയ മോഹനന്‍മാഷോട് പരീക്ഷക്ക് വിടുന്നില്ല അവളെ തോല്‍പ്പിക്കണം എന്നുവരെ അമ്മ പറഞ്ഞു. അന്ന് അമ്മയോട് മാഷുപറഞ്ഞു അവള്‍ തോല്‍ക്കില്ല നിങ്ങള്‍ തോല്‍പിചാലും അവള് തോല്‍ക്കില്ല. ഞാനതിനു കൂട്ടു നില്‍ക്കുകയും ചെയ്യില്ല. അവളുടെ അത്രയും പഠിക്കാത്ത എത്രയോ കുട്ടികളുണ്ട്. ഇതുവരെ മുന്‍നിരയില്‍ ഉണ്ടായിരുന്നെങ്കില്‍ അവളത്രയും പിറകിലോന്നും അല്ല ഇന്നും. അങ്ങനെ അമ്മയുടെ ആ ശ്രമം നടന്നില്ല. പത്താം ക്ലാസ് വലിയ മോശമില്ലാതെതന്നെ കടന്നു.
അധികം കുഴപ്പങ്ങളൊന്നും ഇല്ലാതെ ഇരിക്കുന്നതിനിടയിലാണ് അമ്മമ്മയുടെ മരണം. അമ്മമ്മ മരിച്ചപ്പോള്‍ പല ചടങ്ങുകളും ഉള്ളതിനാല്‍ അമ്മ അമ്മമ്മയുടെ വീട്ടില്‍ പതിനാറു ദിവസം നില്‍ക്കേണ്ടി വന്നു. അന്ന് ഏട്ടന്‍ പത്താം ക്ലാസ്സില്‍ ഞാന്‍ എട്ടാം ക്ലാസ്സില്‍. ഏട്ടന്‍ നന്നായി പഠിക്കുന്ന കൂട്ടത്തിലാണ്. അതുപോലെ തന്നെ ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍ ഭയങ്കര ഉഴപ്പും ആണ്. ഇതറിയാവുന്ന ഹരിമാഷ് അത്യാവശ്യം പഠിക്കുന്ന നാലഞ്ചു കുട്ടികളെ വച്ച് എന്നും വൈകീട്ട് ഒരു കുട്ടിയുടെ വീട്ടില്‍ ഗ്രൂപ്പ്‌സ്റ്റഡി ചെയ്യിപ്പിച്ചു. അതെനിക്കു നല്ലൊരു അടിയായി. കാരണം അച്ഛന്‍ ജോലിക്കു പോയാല്‍ വരുന്നത് രാത്രിയിലാണ്. അതുപോലെ ഏട്ടന്‍ ഗ്രൂപ്പ്‌സ്റ്റഡി പോകുമ്പോള്‍ അവരാരെങ്കിലും വരുന്നതുവരെ ഞാന്‍ തനിച്ചായിരിക്കും വീട്ടില്‍. നടന്നുതന്നെ ആണ് അച്ഛന്‍ ജോലിക്കുപോകുന്നത്. സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിയാത്ത വഴികളായിരുന്നു മിക്കതും. ഊടു വഴികളും, കുന്നിന്‍ പ്രദേശങ്ങളും നടന്നു കൊണ്ടായിരുന്നു കത്തുകള്‍ കൊടുത്തിരുന്നത്. ചിലപ്പോള്‍ ഒരുപാടു വൈകിട്ടായിരിക്കും കത്തുകള്‍ കൊടുത്തു കഴിയുന്നത്. അന്നേരമാണ് ഞാന്‍ തനിച്ചാണല്ലോ വീട്ടില്‍ എന്നോര്‍മ്മവരിക. പിന്നെ ഒരോട്ടമാണു. വീട്ടിലെതുമ്പോഴേക്കും ഒരുപാടു ക്ഷീണിച്ചുകാണും. കുളികഴിഞ്ഞു ഭക്ഷണം കഴിച്ചു അങ്ങനെ കിടക്കും. ഏട്ടനും ഞാനും പഠനാമൊക്കെ കഴിഞ്ഞു സാവധാനം കിടക്കും.
രാവിലെ ഞാന്‍ എണീക്കുമ്പോള്‍ ഏട്ടനേയും പഠിക്കാന്‍ വിളിച്ചു എണീപ്പിക്കും. ദോശയും, ചട്ണിയും, ചോറും ഉണ്ടാക്കി വക്കും. കറിക്കുള്ളതെല്ലാം കഷ്ണങ്ങളാക്കി വലിയമ്മയുടെ അടുത്തു കൊടുത്താല്‍ ഉണിന്‍റെ സമയത്തേക്ക് അതുകറിയാക്കി വലിയമ്മ വക്കും. അങ്ങനെ ഒരുദിവസം ഉച്ചക്ക് കറി വാങ്ങിക്കാന്‍ പോയപ്പോള്‍ ടി വി യില്‍ ടൈറ്റാനിക്ക് സിനിമ വലിയേട്ടന്‍ കാണുന്നുണ്ടായിരുന്നു. വീട്ടില്‍ ടി വി ഒന്നും ഇല്ലാത്തതുകൊണ്ട് മിക്ക സിനിമയുടെയും കുറച്ചുകുറച്ചു ഭാഗങ്ങളെ ഞാന്‍ കണ്ടിരുന്നുള്ളൂ. കഴിക്കാനുള്ള സമയം ആകുന്നവരെ ആ സിനിമ കാണാമെന്നു വിചാരിച്ചു കറി അപ്പുറത്തു വച്ച് ഞാന്‍ അവിടെ നിന്നു. ഇടക്കെപ്പോഴോ വലിയേട്ടന്‍ എണീറ്റുപോയി. പിന്നെ ഞാന്‍ തനിച്ചായി സിനിമ കാണാന്‍. പെട്ടന്നാണ് ഞാന്‍ വച്ച കറി താഴെ വീഴുന്ന ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോള്‍ വലിയച്ചന്‍ അവിടെ നില്‍ക്കുന്നത് കണ്ടു. എനിക്ക് വലിയമ്മ ഉണ്ടാക്കിത്തന്ന പയറു ഉപ്പേരിയും കറിയും എല്ലാം താഴെ. ഞാനൊന്നും മിണ്ടാതെ അവിടെ വൃത്തിയാക്കു പാത്രം എടുത്തുകൊണ്ടു വീട്ടിലേക്കു പോന്നു. വിഷമം തോന്നിയെങ്കിലും എന്തുകൊണ്ടോ ഒരുതുള്ളി കണ്ണുനീരു വന്നില്ല.
അച്ഛനും ഏട്ടനും ചോറിനു കൂടെ കൊടുക്കാന്‍ ഒന്നും ഇല്ല. അവരു വരുമ്പോഴേക്കും ഉപ്പേരി ഉണ്ടാക്കാന്‍ വീടിനു അടുത്തുള്ള അപ്പുണ്ണി പണിക്കരുടെ സ്ഥലത്തു നിന്നും ഒരു ഇടിച്ചക്ക ഇട്ടു. ഇടിച്ചക്ക കയ്യില്‍ കിട്ടിയിട്ടു അത് മുറിച്ചെടുക്കാന്‍ കഴിയാതെ പാടുപെടുന്നത് അടുത്തവീട്ടിലെ സിന്ധുചേച്ചി കണ്ടു. ഞാന്‍ ശരിയാക്കി തരാം എന്നുപറഞ്ഞു അവരെനിക്കത്തു കഷ്ണങ്ങളാക്കി ഉപ്പേരി വച്ച് തന്നു. അതിനു കൂടെ ഇങ്ങനെ ഓരോന്നുകാണിച്ചു കയ്യോ കാലോ കേടുവരുതണ്ട നാളെ മുതല്‍ വീട്ടില്‍ ഉണ്ടാക്കുന്ന കറിയില്‍നിന്നും തരാം എന്നൊരു ഓഫറും. അതു വേണ്ട, ഞാന്‍ ഉണ്ടാക്കിക്കൊള്ളാം ആവശ്യം ഉണ്ടെങ്കില്‍ ചോദിക്കാം എന്നും പറഞ്ഞു. എന്നാല്‍ ശരിയെന്നു പറഞ്ഞു ചേച്ചിപോയപ്പോള്‍ വാര്‍ത്തു വച്ച ചോറിലേക്ക് കഞ്ഞി വെള്ളം ഒഴിച്ച് ഒന്നുടെ നന്നായി തിളപ്പിച്ച് കുറച്ചു തേങ്ങയെടുത്ത് ചമ്മന്തിയും അരച്ചു അച്ഛനും ഏട്ടനും വന്നപ്പോള്‍ കഞ്ഞിയും ചമ്മന്തിയും, ഇടിച്ചക്ക ഉപ്പേരിയും വിളമ്പി കൊടുത്തു. കഴിക്കാനിരിക്കുമ്പോള്‍ ചോറല്ലേ എന്ന് ഏട്ടന്‍ ചോദിച്ചപ്പോള്‍ കറി കൊണ്ടുവരുമ്പോള്‍ അതു തട്ടിപോയെന്നു പറഞ്ഞു. പിന്നെ ഒന്നും പറയാതെ രണ്ടുപേരും അതുകഴിച്ചു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അമ്മ തിരിച്ചു വന്നു.
വര്‍ഷാവര്‍ഷം നല്ലൊരു സംഖ്യ വീട് ഓലമേയുന്നതിനു ചിലവാകുമായിരുന്നു. പിന്നെ വേണ്ടത്ര പനംപട്ട കിട്ടാനുള്ള ബുദ്ധിമുട്ടും, പട്ടകൊണ്ടുതന്നെ ഉള്ള ചുമരായതിനാല്‍ വീടിനുള്ളിലേക്ക് വരുന്ന ഇഴജീവികളുടെ ശല്യവും കാരണം ആ മഴക്കാലത് കുറെ മണ്ണ് കിളച്ചു കൂട്ടി കുഴച്ചെടുത്ത് വെയിലു വരുമ്പോള്‍ ആ മണ്ണുകൊണ്ട് മണ്‍കട്ടകള്‍ ഉണ്ടാക്കി ഞങ്ങളത് വീടിനു ചുറ്റും അടുക്കി വച്ചു വിടവുകളെല്ലാം മണ്ണിട്ട് അടച്ചു. അങ്ങനെ ആ വീടിനു ചുറ്റും, ഇടക്കും കട്ട ചുമരുണ്ടാക്കി.
അങ്ങനെ എല്ലാം സാധാരണ പോലെ മുന്നോട്ടു പോകാന്‍ തുടങ്ങി. നാലു വര്‍ഷം കഴിഞ്ഞു ഞങ്ങളാ വീട്ടില്‍ വന്നിട്ട്. ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നെന്നും ഇങ്ങനെ ഒരു വീടാണെങ്കില്‍ കല്യാണം കഴിക്കാന്‍ നല്ല കുടുംബത്തില്‍നിന്നും ആരും വരില്ലെന്നും അച്ഛനും അമ്മയും ഭയന്നു. അങ്ങനെ സാവധാനം പുതിയ വീടിനുള്ള തറപ്പണി തുടങ്ങി. വീടുപണിയാന്‍ സ്ഥലത്തിന്‍റെ ആധാരം വച്ചു ബാങ്കില്‍നിന്നും ലോണ്‍ എടുത്തു. വീട് സാവധാനം ഉയര്‍ന്നു. വീട് ഉയരുന്നതിനനുസരിച്ചു ഞങ്ങളുടെ ഓലപ്പുരയും പൊളിഞ്ഞു. കാരണം ആ വീടിന്‍റെ ഇടച്ചുമരുകള്‍ ഞങ്ങളുണ്ടാക്കിയ മണ്‍കട്ടകള്‍ ആണ്. നാലുഭാഗവും തുറന്ന ആ വീട്ടില്‍ രണ്ടുവര്‍ഷത്തോളം താമസിച്ചു. ആയിടക്കു തണുപ്പു കൂടി ഏട്ടനു ആസ്ത്മയുടെ പ്രശ്നം കൂടുതലായി ഹോസ്പിറ്റലില്‍ രണ്ടുദിവസതോളം കിടക്കേണ്ടിവന്നു. അമ്മ ഏട്ടന്റെ കൂടെ ഹോസ്പിറ്റലിലും ഞാനും അച്ഛനും വീട്ടിലും നിന്നു. രാവിലെ അച്ഛന്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ഏട്ടനുള്ള ഭക്ഷണം കൊണ്ടുപോകും. അമ്മ അന്നേരം വീട്ടില്‍ വന്നു കഴിക്കുകയും ചെയ്യും. ഏട്ടന് സുഖമായി വീട്ടില്‍ തിരിച്ചെത്തി. അന്ന് ഒരാളും ഞങ്ങളെ കുറിച്ച് അന്വേഷിച്ചതെ ഇല്ല.
വീടുപണി തുടങ്ങി ഏതാനും രണ്ട് വര്‍ഷത്തിനുള്ളില്‍ വീട് ഓടിട്ടു, രണ്ടു ഭാഗത്തും ഓരോ വാതിലും വച്ച് ഞങ്ങളാ ചോര്‍ച്ചയില്ലാത്ത വീട് വീട്ടിലേക്കു താമസം മാറി.
വീട്ടില്‍ ഞാന്‍ പത്താംതരം ഏട്ടന്‍ പ്ലസ്‌ടുവും പാസ്സ് ആയി. അച്ഛന്‍ കുറെ മിട്ടായി വാങ്ങി അടുത്ത വീടുകളില്‍ എല്ലാവര്‍ക്കും ഞാങ്ങളെകൊണ്ട് കൊടുപ്പിക്കുകയും, കുറച്ചു അച്ഛന്‍റെ ബാഗിലും ഇട്ടു. ജോലിക്ക് പോകുന്നവഴി ഞാങ്ങളെകുറിച്ചു ചോദിക്കുന്നവര്‍ക്ക് കൊടുക്കാന്‍ ആണ് ബാഗിലിട്ടത്.
ബാക്കി വരട്ടെ.....
ReplyDelete