Thursday, 10 October 2019

ഒരു നിമിഷത്തെ കാര്യം

07/06/2013
ഇന്നലെ എനിക്കുവന്ന ഒരു ഫോണ്‍കാൾ ഒരുപാടു സന്തോഷം സന്തോഷം കിട്ടി.

എരിയുന്ന തീയിലേക്ക് വെള്ളമൊഴിക്കുന്ന ഒരു അനുഭവം പോലെ. അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ആ ഫ്രണ്ട്നെ പറ്റി ഞാൻ ചിന്തിച്ചു. ...

എങ്ങനെ ഞങ്ങൾ പരിജയപെട്ടു? ...

അതെ, അന്ന് ഞാൻ ഓഫീസിലായിരുന്നു . കാര്യമായി ജോലി ഒന്നും ഇല്ലാതെ ഫേസ്ബുക്കും, പ്ലസ്‌ഉം നോക്കികൊണ്ടിരിക്കുമ്പോൾ ഈ ഫ്രണ്ട്ന്റെ പേര് കണ്ടത്. അതെ പേരിലുള്ള മറ്റൊരു ഫ്രണ്ട് ഉണ്ടെനിക്ക്. അവരാണെന്നു കരുതി ആഡ് ചെയ്തതാണ് ഞാൻ. പിന്നെ അവരല്ല ഇതെന്നറിഞ്ഞപ്പോൽ ബ്ലോക്ക്‌ ചെയ്യാൻ നിന്നതാണ്. പക്ഷെ ചെയിതില്ല. അവരുടെ നല്ല നല്ല പോസ്റ്റ്‌കളും മറ്റും കണ്ടപ്പോൾ എന്തിനാ വേണ്ടാന്ന് വക്കണേ.. ഇരിക്കട്ടെ, എനിക്ക് ഉപദ്രവമൊന്നും ഇല്ല പിന്നെ എന്തിനു ബ്ലോക്ക്‌ ചെയ്യണം !???

ക്രിത്യമായി അറിയില്ല എങ്കിലും ഒരു വർഷത്തിൽ കൂടുതൽ ആയി പ്ല്സ്സ്ൽ ഞങ്ങൾ ഫ്രണ്ട്സ് ആണ്.

പക്ഷെ ഇന്നലത്തെ ഒരു ഫോണ്‍കാളിൽ ഒത്തിരി കാലത്തെ പരിജയം പോലെ ഞങ്ങൾ സംസാരിച്ചു ഒരുപാട്....

ഒത്തിരി സ്നേഹത്തോടെ
സ്നേഹപൂർവ്വം ആ നല്ല ചങ്ങതിക്കായി ...

ഇന്നു നാം

നേരം വെളുക്കും മുമ്പേ ബാഗിൽ ബുക്കും
തൂക്കു സഞ്ചിയിൽ ലഞ്ച് ഉം
ദാഹിക്കുമ്പോൾ കുടിക്കാൻ വെള്ളവും
മോനു വേണ്ടി റെഡിയാക്കി

അമ്മയും അച്ഛനും
തിരക്കിലാണ്
അവര്ക്ക് സമയത്തിന് ജോലി
സ്ഥലത്തു ചേക്കേറണം

മൂവരും റെഡിയായി
വീടിനു മുന്നിലുള്ള
തലയെടുപ്പുള്ള
കാറിൽ യാത്രയായി.

പോകും  വഴി  മോനു പപ്പയും മമ്മിയും മമ്മിയും
നെറ്റിയിൽ സ്നേഹം തുളുമ്പും
ചുംബനം നല്കി അവനെ
ഡെ കെയർ സെന്റെറിൽ ഒന്നിലാക്കി

പരാതി ഒന്നുമില്ല അവനതിനു
കാരണം അവനറിയാം
പപ്പയും മമ്മിയും
ജോലി തിരക്കിലാണെന്ന്

പപ്പയും മമ്മിയും പോകുന്ന
കാർ കണ്ണിൽ നിന്നും
അകലുന്നതു വരെ
അവൻ നോക്കിനിന്നു

അവനൊരു കുറവുമില്ല
വീട്ടിലെത്തിയാൽ കളിയ്ക്കാൻ
ഓടുന്ന പാവകളും
ആയമ്മയും കൂട്ടിനു

കുട്ടൻ നന്നായി പഠിച്ചു
നല്ല മാർക്കും വാങ്ങി ജോലി നേടി
കല്യാണവും കഴിച്ചു
വിദേശത്തേക്കു യാത്രയായി

വീട്ടിൽ പപ്പയും
മമ്മിയും തനിച്ച്
അവനെന്തു ചെയ്യും
ജോലിതിരക്കിലായി പോയി.

പപ്പയെയും മമ്മിയെയും അവൻ
സൗകര്യമേതുമുള്ള
വൃദ്ധ  സദനത്തിൽ
ഒന്നിലാക്കി

പോകും നേരം പപ്പയും
ചുടു ചുംബനം
കൊടുത്തു യാത്രയാക്കി

മകൻ കണ്ണിൽ നിന്നും
മറയുന്നതു വരെ അവർ
അവനെ നിറ കണ്ണുകളോടെ
നോക്കിനിന്നു

പരതിപെടാൻ
ഒരുവക്കുപൊലുമില്ല
കാരണം അവർക്കറിയാം അവൻ
ജോലി തിരക്കിലാണെന്ന്.

Wednesday, 9 October 2019

ഒരു കാര്യം പറയട്ടെ?..

ഒരിക്കൽ എന്റെ ഏട്ടൻ എന്നെ പറ്റിച്ച ഒരു കാര്യം പറയട്ടെ?..

ഒരുപാട് മുന്പ് നടന്നതാണു കേട്ടോ.. അന്ന് ഞാൻ സ്കൂളിൽ പോക്കു തുടങ്ങീട്ടില്ല. ഏട്ടൻ രണ്ടാം ക്ലാസ്സിലാണ്.

തറവാടു വീടിലയിരുന്നു ഞങ്ങൾ താമസം. അച്ഛൻ, അമ്മ, അച്ചാച്ചൻ, അച്ഛമ്മ,ചാച്ചൻ , പിന്നെ ഞാനും ഏട്ടനും. അന്ന് ഞങ്ങളൊരു ഹോട്ടൽ നടത്തുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആളുകൂടുന്ന എന്തെങ്കിലും പരിപാടി പരിസരത്തുണ്ടെങ്കിൽ ങ്കിൽ ആ ഹോട്ടലിൽ നല്ല തിരക്കായിരുന്നു. അങ്ങനെ ഒരു ദിവസം ഏതോ ഒരു പാർട്ടിക്കാരുടെ പരിപാടി നടക്കുന്ന സമയം കുറെ പോലീസുകാർ അവിടെയെത്തി. അവർക്കെല്ലാവർക്കും ഹോട്ടെലിൽ ഇരിക്കൻ സ്ഥലം ഇല്ലാത്തതിനാൽ അതിന്റെ മുന്പിൽ തന്നെ ഉള്ള തറവാടു വീട്ടിലേക്ക് കുറെപോലീസുകാർ വന്നു. വന്നത് മുഴുവൻ പോലീസുകാർ . ഞാൻ അവരെ കണ്ടു പേടിച്ചു ഒരു റൂമിൽ പോയി ഒളിച്ചിരുന്നു. അവർ കഴിക്കലെല്ലാം കഴിഞ്ഞു പോയി. <

കുറെ കഴിഞ്ഞ് ഞാനും ഏട്ടനും പൂമുഖത്തു ഇരുന്നു കളിക്കുകയായിരുന്നു. അന്നത്തെ ഞങ്ങളുടെ സാഹസികതകൾ, കിടന്നുകൊണ്ട് കസേര എടുത്തു പൊക്കുക, വീടിന്റെ അഴയിൽ കിടന്നു തൂങ്ങി ആടുക ഇങ്ങനെ ഉള്ള ഓരോന്നായിരുന്നു. പണ്ടൊക്കെ വള്ളിക്കസേര ആയിരുന്നു വീട്ടിൽ . നാലു കമ്പികളും വളച്ചു റൌണ്ട് ഷേപ്പിൾ ചെയറും.

അങ്ങനെ കളിച്ചുകൊണ്ടിരിക്കെ ആണ് അറിയാതെആ കാഴ്ച എന്റെ കണ്ണിൽ പെട്ടത്.

ആ കമ്പി കാലിന്റെ അടിവശം കുറച്ചു ഭാഗം നല്ല മിനുസമായിരിക്കുന്നു.

ഞാൻ അപ്പോൾ ഏട്ടനെ വിളിച്ചു ചോദിച്ചു. "ചേട്ടാ ... ഈ കമ്പിക്കാലിന് എങ്ങനെ ഇത്ര മിനുസം വന്നു ?"

ചേട്ടൻ വന്നുനോക്കി. എന്നിട്ട് എന്നോട് പറയുകയാണ് :

"അത് രാവിലെ പോലീസുകര് വന്നില്ലേ? അവർ ഇരുന്നിട്ട് മിനുസമയതാണ്."

അന്ന് മുതൽ പോലീസ് എന്ന എന്റെ പേടി ഇരട്ടിയിലധികമായി. അന്ന് ഞാൻ അത് വിശ്വസിച്ചു. അന്ന് മാത്രമല്ല ഒരുപാടുകാലം.

പക്ഷെ ഇപ്പൊ അതൊക്കെ മാറി ട്ടോ ... ഇപ്പൊ പോലീസുകാരും എന്റെ ഫ്രണ്ട്സാണ് . :))

എണ്ണ തീരാതെ അണഞ്ഞ വിളക്ക്

അതൊരു ഓണക്കാലമായിരുന്നു. എന്റെ എല്ലാ കൂട്ടുകാരും വീട്ടിൽ വന്ന ദിവസം. പക്ഷെ അവൻ മാത്രം വന്നില്ല. കാരണം അന്നവന്റെ സ്വപ്ന വീടിന്റെ വാർപ്പായിരുന്നു . ഒരുപാട് ആഗ്രഹിച്ചിരുന്നു അവൻ എന്റെ വീട്ടിൽ വരാനും വീട്ടുകാരെയും  നാട്ടുകാരെയുമെല്ലാം കാണാനും പരിചയപ്പെടാനുമെല്ലാം ... എല്ലാവരും ഓണസദ്യയും കഴിച്ച് വീട്ടിൽ കുറെ സമയം ചിലവഴിച്ച് വളരെ വൈകിയാണ് തിരികെ പോയത്. നല്ല സന്തോഷമുള്ള ദിവസമായിരുന്നു അത്. എല്ലാവരും പോയിക്കഴിഞ്ഞ് അമ്മയെ കുറച്ചു നേരം അടുക്കളയിൽ സഹായിച്ചു. ശേഷം പതിവുപോലെ അത്താഴവും കഴിച്ചു കിടന്നു.

ഞാൻ നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാണ്‌ അച്ഛൻ എന്നെ വിളിച്ച് എനിക്കൊരു കാൾ ഉണ്ടെന്നു പറയുന്നത്. എനിക്ക് സ്വന്തമായി ഫോണ്‍ ഇല്ലായിരുന്നു. എന്നെ കിട്ടാനായി അച്ഛന്റെ ഫോണിലായിരുന്നു എല്ലാവരും വിളിച്ചുകൊണ്ടിരുന്നത്.  അച്ഛന്റെ കയ്യിൽ നിന്നും ഫോണ്‍ വാങ്ങി ഞാൻ സംസാരിച്ചു. " ഹലോ .. ആരാണ് ?"

മറു തലക്കൽ നിന്നും : " ഇത് ഞാനാടി എൽസു ."

" എന്താ സാർ ഈ അസമയത്ത് ?"

"നിന്റെ കയ്യിൽ ഏതൊക്കെ ഫ്രണ്ട്സിന്റെ നമ്പർ ഉണ്ട് ?  അതൊക്കെയൊന്നു പറഞ്ഞു താ ..:"

ഓർമയിൽ വന്ന മൂന്നാല് നമ്പറുകൾ അപ്പോൾ തന്നെ പറഞ്ഞു കൊടുത്തു .

"താങ്ക്സ്. എന്നാ ഉറങ്ങിക്കോ.. ഗുഡ് നൈറ്റ്‌ " എന്ന് പറഞ്ഞ് സാർ ഫോണ്‍ വെച്ചു .

അതിനു ശേഷവും 2 - 3 തവണ എനിക്ക് വീണ്ടും കാൾ വന്നു. അത് കണ്ടപ്പോൾ അച്ഛൻ ചോദിച്ചു.

"എന്താ നിനക്ക് ഈ രാത്രിയിൽ ഇത്രമാത്രം കാൾ വരുന്നത് ? ഫോണ്‍ നീ തന്നെ വെച്ചോ.. എനിക്ക് ഫോണ്‍ ബെൽ ശബ്ദം കാരണം ഉറങ്ങാൻ പറ്റുന്നില്ല ."

അങ്ങനെ ഫോണ്‍ ഞാൻ എന്റെ അടുത്തു വെച്ച് ഉറങ്ങാൻ കിടന്നു. എവിടെയോ ഒരു പ്രശ്നം ഉള്ളതുപോലെ എനിക്ക് തോന്നി.

രാവിലെ എഴുനേറ്റ് ക്ലാസ്സിൽ പോകാൻ റെഡി ആയിക്കൊണ്ടിരുന്നപ്പോൾ ഇന്ന് ക്ലാസ്സ്‌ ഇല്ല എന്ന് അച്ഛന് മെസ്സേജ് വന്നു. അതെന്റെ ഫ്രണ്ടിനോട് പറയാൻ വേണ്ടി അവരെ വിളിച്ചപ്പോഴാണ് , എന്റെയൊരു കൂട്ടുകാരൻ ഒരു റോഡപകടത്തിൽ പെട്ടെന്നും വന്ന കോളുകൾ എല്ലാം അപകടം ഉണ്ടായതിനു ശേഷമാണെന്നും ഞാൻ അറിയുന്നത്.

ആ അപകടത്തിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും കുഴപ്പമില്ലാതെയിരിക്കുന്നു. കുട്ടി. ഞങ്ങൾ എല്ലാവരും അവനെ അങ്ങനെയാണ് വിളിക്കുന്നത്. അവനു മാത്രം കുറച്ചധികം പ്രോബ്ലെംസ് ഉണ്ടായിരുന്നു. എങ്കിലും കുറച്ച് നോർമൽ ആയിക്കഴിഞ്ഞപ്പോ രണ്ടു ദിവസം കഴിഞ്ഞ് നാട്ടിലെ ഹോസ്പിറ്റലിൽ അവനെ കൊണ്ടുവന്നു. ICU വിൽ 8 ദിവസം അവൻ കിടന്നു. രണ്ടു ഏട്ടന്മാരും അമ്മയും അവനുണ്ട്. അമ്മ ഫുൾ ടൈം  ICU - വിന് മുന്നിൽ തന്നെ ആയിരുന്നു. പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യത്തിന് വേണ്ടി കൂടെ ഫ്രണ്ട്സും...

അവൻ ഒരുപാട് മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരുന്നു. അവൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു.

"എന്റെ അമ്മയ്ക്കും എട്ടന്മാർക്കും ആരുമില്ല. ഏട്ടന്മാർ രണ്ടുപേരും അന്ധന്മാരാണ്. അമ്മയ്ക്കും സുഖമില്ല. ഞാൻ മാത്രമാണ് അവർക്കൊരു ആശ്രയം. "

എട്ടാമത്തെ ദിവസം രാത്രി ഞാൻ വീട്ടിൽ വന്നു. സന്തോഷമുണ്ടായിരുന്നു മനസ്സിൽ . കാരണം കുട്ടിക്ക് നല്ല പുരോഗമനം ഉണ്ടെന്ന് ഡോക്റ്റർ പറഞ്ഞിരുന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

അടുത്ത ദിവസം രാവിലെ നേരത്തെ എഴുനേറ്റ് , നേരത്തെ ഹോസ്പിറ്റലിൽ പോയാൽ അകത്തു കയറി അവനെ കാണാമല്ലോ എന്ന് വിചാരിച്ചു. അപ്പോഴാണ്‌ ഒരു ഫ്രണ്ട് വിളിച്ചത്. അവർക്ക് എന്തെങ്കിലും കഴിക്കാൻ കൊണ്ടുപോകാനാവും എന്ന് അമ്മയോട് പറഞ്ഞുകൊണ്ട് ഞാൻ ഫോണ്‍ എടുത്തു. അപ്പോൾ അപ്പുറത്ത് നിന്നും ഒരു കരച്ചിൽ . ഒന്നും മിണ്ടാൻ പറ്റുന്നില്ല. അൽപ സമയത്തെ മൌനത്തിനു ശേഷം അവൻ പറഞ്ഞു. ഒരു പത്തു മണി ആകുമ്പോഴേക്കും നീ കുട്ടിയുടെ വീട്ടിലേക്കു പോന്നോളൂ എന്ന് . എനിക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ല. എന്ത് പറ്റി ? എന്താ കാര്യം എന്ന് ഞാൻ ചോദിച്ചു.

"കുട്ടി പോയി." ഇത്രമാത്രം പറഞ്ഞ് അവൻ ഫോണ്‍ വെച്ചു,. കേട്ടപ്പോൾ ശേരികും വിഷമം വന്നു. അത് സത്യമാവല്ലേ എന്ന് പ്രാർത്ഥിച്ചു . പക്ഷെ എന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടില്ല.


വാടകവീട് 


കുട്ടിയുടെ വീട്ടിൽ ആദ്യമായാണ് ഞാൻ ചെല്ലുന്നത്. അവൻ താമസിക്കുന്നത് ഒരു വാടകവീട്ടിലാണ്. അവൻ എപ്പോഴും പറയുമായിരുന്നു. പുതിയ വീട് വെച്ചിട്ട് നിങ്ങളെ ഞാൻ അവിടേക്ക് കൊണ്ടുപോകും. അതുവരെ എന്റെ വാടകവീട് നിങ്ങൾ കാണണ്ട എന്ന്.

പക്ഷെ സംഭവിച്ചത് വിപരീതമായിരുന്നു. ആ വീട്ടിലേക്ക് കയറി ചെന്നതും കുട്ടിയുടെ അമ്മ ഞങ്ങളെ കെട്ടിപ്പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി. എങ്ങനെ അവരെ ആശ്വസിപ്പിക്കും എന്നോർത്ത് ഞങ്ങൾ വല്ലാത്ത ഒരവസ്ഥയിൽ നിന്നുപോയി.

പണി തീരാതെ കിടക്കുന്ന അവന്റെ വീട്. ആ വീട് അവന്റെയൊരു സ്വപ്നമായിരുന്നു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോ അവന്റെ ബോഡി ആംബുലൻസിൽ കൊണ്ടുവന്നു. ശേഷം ആ ശവ ശരീരം അവന്റെ പണി തീരാത്ത വീടിനു മുന്നിൽ കിടത്തി. നെഞ്ച് പൊട്ടുന്ന ആ കാഴ്ച കാണാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞങ്ങൾ അവിടെ നിന്നും മടങ്ങി.

വീണ്ടും ഹൊസ്പിറ്റലി ലേക്ക്... അവിടെ കിടക്കുന്ന ഞങ്ങളുടെ മറ്റു ഫ്രണ്ട്സിനെ കാണാനായിരുന്നു ആ യാത്ര. കുട്ടി മരിച്ച വിവരം അവർ അറിഞ്ഞിരുന്നില്ല. അവരുടെ മുൻപിൽ ഒരു കുഴപ്പവും സംഭവിക്കാത്ത മട്ടിൽ ഞങ്ങൾ ചിരിച്ചും കളിച്ചും സംസാരിച്ചു. ഞാൻ തിരികെ വീട്ടിലേക്കു പോവാണെന്ന് പറഞ്ഞിറങ്ങിയപ്പോൾ ഒന്ന് നില്ക്കൂ എന്ന് പറഞ്ഞുകൊണ്ട് ഒരു ഫ്രണ്ട് വന്നു. എന്റെ കയ്യിൽ ഒരു മോതിരം തന്നു. സൂക്ഷിച്ചു വെച്ചോളൂ എന്നും പറഞ്ഞു. ഞാൻ ആ മോതിരം വാങ്ങി. അതുവരെ അടക്കിപ്പിടിച്ചിരുന്ന വിഷമം അറിയാതെ ഒരു പൊട്ടിക്കരച്ചിലായി.


മോതിരം!



ആ മോതിരത്തിന്റെ പേരിൽ അവനെ ഞാൻ ഒരുപാട് ഓടിച്ചിട്ടുണ്ട്. വെള്ളിയിൽ ഉണ്ടാക്കിയ ആ മോതിരം അവനു പ്രിയപ്പെട്ട ഒന്നായിരുന്നു. ഇടക്ക്, അതൊന്നു താ , ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ഞാൻ അത് വാങ്ങിക്കും. പിന്നീട് അത് തിരിച്ചു കൊടുക്കില്ല എന്ന് പറഞ്ഞ് അവനെ ദേഷ്യം പിടിപ്പിക്കും. കുറച്ചു സമയം അവനതു കാര്യമാക്കില്ല. പെട്ടെന്ന് അവന്റെ ശ്രെദ്ധ എവിടെയെങ്കിലുമാക്കി ഞാൻ മുങ്ങും. പാവം പിന്നെ തിയറി, ലാബ്‌, ഫാക്കൽറ്റി റൂം എന്നിങ്ങനെ എല്ലായിടത്തും എന്നെ തിരച്ചിലാവും. അവസാനം വിഷമം കൊണ്ട് അവൻ എല്ലാവരോടും ദേഷ്യപ്പെടാൻ തുടങ്ങും. അത് കാണുമ്പോ ഞാൻ പ്രത്യക്ഷപ്പെട്ട് മോതിരം തിരിച്ചു കൊടുക്കും. അത് കയ്യിൽ കിട്ടിയാൽ അവൻ എന്നെ ഓടിക്കും.

അറിയാതെ ആണെങ്കിലും ആ മോതിരം എന്റെ കയ്യിൽ തന്നെ തിരിച്ചു കിട്ടി. അല്ല. അവൻ തന്നു. അതായിരിക്കും സത്യം.

അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു. ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ പോയില്ല. കാരണം എല്ലാവരും അവിടെ ഉണ്ടായിരിക്കുമല്ലോ... പതിനേഴാമത്തെ ദിവസം ഞങ്ങൾ കുറച്ചു പേർ അവിടെ പോയി. അവരുടെ വീടുപണി പാതിയിൽ മുടങ്ങിയത് തുടരാൻ എല്ലാവരും കൂടി തീരുമാനിച്ചിരുന്നു. അങ്ങനെ ഏതാനും ദിവസങ്ങൾ കൊണ്ട് വീടിന്റെ എല്ലാ പണിയും തീർത്തു .

ഇപ്പോഴവിടെ കയറി ചെന്നാൽ ആദ്യം കാണുന്നത് മാലയിട്ട് വെച്ചിരിക്കുന്ന അവന്റെ ഫോട്ടോയാണ്. കുറച്ചു കാലം കൊണ്ട് ഒത്തിരി സന്തോഷം എല്ലാവർക്കും നൽകുകയും എല്ലാവരുടെയും സ്നേഹം പിടിച്ചു പറിക്കുകയും ചെയ്തുകൊണ്ട് ഇന്ന് എല്ലാവരുടെയും അരികിൽ ഒരു നിഴൽ പോലെ അവൻ .... എണ്ണ തീരാതെ അണഞ്ഞു പോയ വിളക്കുപോലെ...

സ്നേഹസമ്മാനം !!

ഓർക്കുന്നുണ്ടോ നീ, അന്ന് നമ്മൾ പരസ്പരം
കൈ മാറിയ സ്നേഹസമ്മാനം !!

ഞാൻ തന്നതും സ്വീകരിച്ച് നീ തിരിച്ചു നടന്നപ്പോൾ
എനിക്കുറപ്പായിരുന്നു നിന്റെ കൈകളിലതു ഭദ്രമാണെന്ന്. !!

നീ തന്ന സമ്മാനം എന്റെ ഹൃദയത്തോട് ചേർത്ത് വെച്ച്
ഇന്നും ആ നിമിഷം ഞാൻ സ്വപ്നം കാണാറുണ്ട്..!!

പക്ഷേ നമുക്കറിയാം പരസ്പരം കൈമാറിയ ആ സമ്മാനം
ഒരിക്കൽ തിരിച്ചു തരേണ്ടി വരുമെന്ന് !!

എന്നിട്ടും എന്തേ നമ്മളത് ഇന്നും
ഭദ്രമായി തന്നെ കാത്തു സൂക്ഷിക്കുന്നു ?!

മറക്കുവാനാവില്ല നമുക്കത്... കാരണം
അന്നുനമ്മൾ കൈമാറിയത് നമ്മുടെ മനസ്സാണ്. !!

എന്നുമെന്നും നീ എന്നോടുകൂടെ ഉണ്ടാകും എന്ന്
ഇപ്പോഴും അതെന്നെ ഓർമിപ്പിക്കാറുണ്ട്..!!

ജീവിതത്തിൽ എവിടെ ആണെങ്കിലും
ഒരിത്തിരി സ്നേഹം നീ എനിക്കായി മാറ്റി വെക്കും എന്ന്
ഇപ്പോഴും എനിക്ക് പ്രതീക്ഷയുണ്ട്..!!

മറ്റൊരു വസന്തത്തിൽ കണ്ടുമുട്ടുമ്പോൾ
പരസ്പരം കൈമാറാൻ ഒന്നുമില്ലെങ്കിലും -
തമ്മിൽ കാണാനും കണ്ണുകൾ കൊണ്ട് കഥ പറയാനും
ഞാൻ ഇന്നും കൊതിക്കുന്നുണ്ട്.!!

ഓർമകളിൽ ഊഞ്ഞാലാടി,
സ്നേഹഗായകന്റെ പാട്ടിനു കാതോർത്ത്
കാത്തിരിപ്പ് തുടരുന്നു...

ആദ്യത്തെ ഉത്സവപറമ്പ്

ആദ്യമായി ഞാൻ ഉത്സവം കാണാൻ പോകുന്നത് എന്റെ അയൽവാസിയും ബാല്യകാല സുഹൃത്തുമായ അവളുടെ കൂടെ ആണ്. അന്നു ഞാൻ പ്ലസ്‌ വണ്‍നു പഠിക്കുന്ന സമയം. ക്ലാസ്സ്‌ കഴിഞ്ഞു എത്തിയപ്പോഴേക്കും ഞങ്ങളുടെ ഭാഗത്തുനിന്നും ഉള്ള വേല പോയിരുന്നു. അന്നൊക്കെ അവളുടെ വീടിന്റെ മതിലിൽ കയറിയാണ് ഞങ്ങൾ വേല കാണാറുണ്ടായിരുന്നത്. വേല കാണാൻ കഴിയാത്തതിൽ എന്തോ വല്ലാത്ത വിഷമം തോന്നി.

ഞാൻ അവളോട് ചോദിച്ചു മ്മക്ക് ഉത്സവപറമ്പിൽ പോയി ഉത്സവം കണ്ടാലോ എന്ന്.

ഹാ!!..  പോവാം..  എന്ന് അവളും,

ഞങ്ങളുടെ സംസാരം കേട്ട് വീട്ടുകാർ അത് തമാശക്ക് പറയാവും എന്നു കരുതി നിങ്ങൾ പോയിട്ട് വരുമ്പോൾ പൊരിയും  മുറുക്കും കൊണ്ടുവരാൻ മറക്കല്ലേ എന്ന് പറഞ്ഞു.

ശരി കൊണ്ടുവരാം എന്നും പറഞ്ഞു ഞങ്ങളിറങ്ങി.

സാധാരണ ഞങ്ങളുടെ വീട്ടിലെ സ്ത്രീകൾ ആരും ഉത്സവപറമ്പിൽ പോയി ഉത്സവം കാണില്ലായിരുന്നു. തിരക്കാവും, അടിപിടി ഉണ്ടാവും, ആളുകൾ ശല്യം ചെയ്യും, അങ്ങനെ എല്ലാം ഉള്ള കാരണങ്ങൾ പറഞ്ഞു അച്ഛനോ മറ്റുള്ളവരോ ഞങ്ങളെ കൊണ്ടു പോകില്ല.

കുറച്ചു ദൂരം പോയി ഞങ്ങൾ തിരിച്ചു വരും എന്നാണ് വീട്ടുകാരു വിചാരിച്ചത്. പക്ഷെ ഞങ്ങളു പോയി. ആൾക്കൂട്ടത്തിൽ എത്തുന്നതിനു മുന്നേ ഞങ്ങളുടെ കൈകലിലെ ചൂണ്ടു വിരലുകൾ പരസ്പരം മുറുകെ പിടിച്ചിരുന്നു. ആൾക്കൂട്ടതിനുള്ളിലൂടെ ഞങ്ങൾ മുന്നോട്ട് പോയി ഒഴിഞ്ഞ ഒരു സ്ഥലത്ത് സ്ഥാനം പിടിച്ചു. അവിടെ നിന്നു ഉത്സവം കണ്ടു. തിരിച്ചു പോരുന്ന വഴി പൊരിയും മുറുക്കും വാങ്ങിച്ചു.

അപ്പോൾ ഞങ്ങൾക്ക് തോന്നി, വെറുതെ ഇത് വാങ്ങിച്ചോണ്ട്‌ ചെന്നാൽ ആരും ഞങ്ങൾ ഉത്സവ പറമ്പിൽ പോയെന്ന് വിശ്വസിക്കില്ല . അതിനൊരു തെളിവു വേണ്ടേ? അപ്പൊ ദേ നിൽക്കുന്നു ഞങ്ങളുടെ മുന്പിൽ അവളുടെ ഏട്ടൻ നിങ്ങളാരോടൊപ്പാ വന്നേന്നും ചോദിച്ച്‌.

ഞങ്ങൾ രണ്ടുപേരും കൂടെ എന്ന് പറഞ്ഞു. അപ്പോൾ ആ ഏട്ടന്റെ മുഖത്ത് വന്ന ആ ഭാവം ഭയമോ, അത്ഭുതമോ എന്തായിരുന്നു എന്ന് എനിക്കിന്നും അറിയില്ല. ഏട്ടൻ  ഞങ്ങൾക്കു ഐസ് ക്രീം വാങ്ങിച്ചു തന്ന് ഞങ്ങളെ പറഞ്ഞു വിട്ടു.

ആ ആൾകൂട്ടത്തിൽ നിന്നും വീട്ടിൽ വന്നതിനു ശേഷമാണ് ഞങ്ങളുടെ കൈകളിലെ പിടുത്തം വിട്ടത്. വീട്ടിൽ വന്നു പൊരിയും മുറുക്കും കൊടുത്തപ്പോ വീട്ടുകാർ ആകെ അത്ഭുതപ്പെട്ടു. പിന്നെ അവളുടെ ഏട്ടൻ വന്നു ഞങ്ങളെ കണ്ടെന്നു പറഞ്ഞപ്പോ അതിലും വലിയ ഷോക്കായിരുന്നു വീട്ടുകാർക്ക്.

അതിൽ പിന്നെ എവിടെ എങ്ങോട്ട് വേണമെങ്കിലും ഞങ്ങളെ വിടാൻ തുടങ്ങി. എവിടെ പോയാലും ഞങ്ങൾ തിരിച്ചെത്തും എന്നു അവരുറപ്പിച്ചു. ഞങ്ങൾക്ക് ഞങ്ങളുടേതായ ഫ്രീഡം കിട്ടിത്തുടങ്ങി. ഇന്ന് ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അവൾ കല്യാണം കഴിച്ചു,  രണ്ടു കുട്ടികളുടെ അമ്മയാണ്, സന്തോഷത്തോടെ ഒരു കുടുംബം നല്ലരീതിക്ക് മുന്നോട്ടു കൊണ്ടുപോകുന്നു.

ഹാപ്പി ഡേ!!!

ഇന്നലെ എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസമായിരുന്നു. 2009-11 കാലങ്ങളിൽ പെരിന്തൽമണ്ണ അരീനയിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ദിവസവും രാവിലെ ഞാൻ ഒരാളെ കാണുമായിരുന്നു. അദ്ദേഹം എന്നും അരീനയുടെ തൊട്ടു താഴെ ഉള്ള കനറാബാങ്കിലേക്ക് കയറിപോകും. കുറച്ചു ദിവസം ഞങ്ങൾ കാണുന്നത് പതിവായപ്പോൾ പരസ്പരം ചിരിക്കാനും ഓരോ ഗുഡ് മോർണിംഗ് പറയാനും തുടങ്ങി.

അങ്ങനെ ഒരുദിവസം എന്നോട് ചോദിച്ചു ഫ്രീ ടൈമിൽ ജോലിചെയ്യാൻ താല്പര്യം ഉണ്ടോ എന്ന്. അന്ന് 5pm - 6pm ഞാൻ ഒരു പ്രസ്സിൽ ഡിസൈനർ ആയി വർക്ക്‌ ചെയ്യുന്നുണ്ടായിരുന്നു. എന്നാലും സമ്മതിച്ചു. എന്താണ് ജോലി എന്ന് ചോദിച്ചപ്പോൾ ലഞ്ച് സമയത്ത്  ബാങ്കിലേക്ക് വരൂ പറയാം എന്ന് പറഞ്ഞു. അങ്ങനെ ബാങ്കിൽ പോയി അദ്ധേഹത്തെ കണ്ടു. അപ്പോഴാണ്‌ ഞാൻ അറിയുന്നത് അദ്ദേഹം ആ ബാങ്കിലെ മാനേജർ ആണെന്ന്. പുതിയ ATM , അക്കൗണ്ട്‌, നെറ്റ് ബാങ്കിംഗ്, ഫോണ്‍ ബാങ്കിംഗ് അങ്ങനെ കമ്പ്യൂട്ടറിൽ ചെയ്യേണ്ട കുറെ കാര്യങ്ങളുടെ ചുമതല എന്നെ ഏല്പിച്ചു. അടുത്ത ദിവസം മുതൽ ഫ്രീ ടൈം എപ്പോകിട്ടിയാലും അവിടെ ചെന്ന് ജോലിചെയ്യാം എന്ന് ഞാൻ സമ്മതിച്ചു ഞാനും ആ ബാങ്കിലെ ഒരാളായി മാറി.

9AM - 5PM  എപ്പോ വേണമെങ്കിലും എനിക്ക് ബാങ്കിൽ ജോലിചെയ്യാം, വളരെയധികം സന്തോഷമുണ്ടായിരുന്ന ഒരുകാലമായിരുന്നു അതു. അവിടെ എനിക്ക് എല്ലാവരേയും ഒരുപാട് ഇഷ്ട്ടമായിരുന്നു. പ്രിയാമാഡം, ഉഷാമാഡം, വസന്തമാഡം, സുനിലേട്ടൻ, രവിയേട്ടൻ, റിയാസ്, മാനേജർ, കൃഷ്ണേട്ടൻ അങ്ങനെ എല്ലാവരേയും... തരക്കേടില്ലാത്ത സാലറി  അക്കൗണ്ടിൽ മാസംതോറും വന്നുകൊണ്ടിരുന്നു. പിന്നെ 5PM - 6PM ഡിസൈനർ ജോലിയും ചെയ്യാം.

പതിനൊന്നു മാസം അവിടെ ജോലി ചെയ്യ്തു. ആയിടക്ക് കൊച്ചിയിൽ ഡിസൈനർ ആയി ജോലി കിട്ടിയപ്പോൾ ബാങ്കിലെ ജോലിയും വീടും വിട്ടു കൊച്ചിയിലേക്ക് പോയി. ആ സമയത്ത് തന്നെ ആയിരുന്നു മാനേജർ ആയിരുന്ന അദ്ദേഹം കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ആയി പോയതും. പിന്നീട് ഓണത്തിനും, റംസാനും വരുന്ന ടെക്സ്റ്റ്‌ മെസ്സേജിൽ മാത്രം ഒതുകി എല്ലാവരുടെയും ബന്ധങ്ങൾ, പലരുടേയും ഒരു വിവരവും ഇല്ല.

എന്നാൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചു വർഷങ്ങൾക്കു ശേഷം മാനേജർ ആയിരുന്ന അദ്ദേഹം എന്നെ വീണ്ടും വിളിച്ചു . അദ്ദേഹം ബാംഗ്ലൂരിൽ വന്നിട്ടുണ്ട് തിങ്കളാഴ്ച രാവിലെ തിരിച്ചുപോകുമെന്നും അറിയിച്ചു. എങ്കി നമുക്ക് കാണാം എന്ന് പറഞ്ഞു ഇന്നലെ ഉച്ചകഴിഞ്ഞ് ഞാനും, എന്റെ ഹസ്സും കൂടി അദ്ധേഹത്തെ കാണാൻ പോയി -  കണ്ടു -  പണ്ടത്തെ അതേപോലെ തന്നെ കാണാൻ പറയത്തക്ക വലിയ മാറ്റങ്ങളൊന്നും ഇല്ല. മൂത്ത മകൻ ഡിഗ്രി ഫൈനൽ ഇയർ, മോള് പത്തിൽ, പിന്നെ ഉള്ളവരു യു പി ക്ലാസ്സുകളിലും പഠിക്കുന്നു. അദ്ദേഹം ഇപ്പോൾ തിരുവനതപുരത് DGM ആയി ജോലിചെയ്യുന്നു.

അഞ്ചു വർഷങ്ങൾക്കു ശേഷവും എന്നെ ഓർക്കാനും, വിളിക്കാനും അദ്ധേഹത്തെ തോന്നിച്ച കാര്യം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. എന്തായാലും ഞാൻ വളരെ ഹാപ്പിആണ്. 

ഓഫീസിലെ ഉച്ചയൂണ്

പലപ്പോഴും എനിക്ക് ഒരുപാട് വിഷമം തോന്നിയിട്ടുള്ള ഒരു കാര്യമാണ് മറ്റുള്ളവർക്ക് എങ്ങനെ തോന്നും എന്നൊന്നും എനിക്കറിയില്ല.
ഓഫീസിൽ ഞങ്ങൾ കുറച്ചു ഗേൾസ് എന്നും ഒരുമച്ചാണ് ഉച്ചക്ക് ലഞ്ച് കഴിക്കാറുള്ളത്. പലരും എന്താണ് തങ്ങൾക്ക് കഴിക്കാനുള്ളത് എന്നത് ബോക്സ്‌ തുറക്കുമ്പോഴെ അറിയൂ. അതുകാണുമ്പോൾ അവരുടെ മുഖത്തുള്ള ഭാവവും വെരി സാഡ് ലഞ്ച് എന്ന് പറയുന്നതും പിന്നെ ആർക്കോവേണ്ടി ഉള്ള ഒരു കഴിക്കലും, ബാക്കി കൊണ്ടുപോയി കളയുന്നതും ഇതൊക്കെ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങലാണ്. ഇവർക്കൊക്കെ വിശപ്പ്‌ എന്താണെന്നോ, അതുണ്ടാക്കി പാത്രത്തിലാക്കി കൊടുത്തു വിടുന്നതിന്റെ പാട്, ഇതൊന്നും അറിയില്ല. എന്തിനു അടുക്കള എന്ന ഭാഗം തന്നെ കാണാത്തവരായിരിക്കും.

പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഇവരെ പോലെ ഒരു ദിവസം എനിക്ക് ആരെങ്കിലും കഴിക്കാൻ ബോക്സിൽ ആക്കി തരുകയും വിശന്നു വീട്ടിൽ ചെല്ലുമ്പോൾ നല്ല ചൂടുള്ള ചായയും എന്തെങ്കിലും കടിയും ടേബിളിൽ എന്നെ കാത്തിരിക്കുകയും രാത്രി അമ്മാ കഴിക്കാൻ എന്ന് പറയുമ്പോ എന്തെങ്കിലും തരുകയും ചെയിതിരുന്നെങ്കിൽ എന്ന്. ആറു വർഷം മുമ്പ് ജോലികിട്ടി പോന്നപ്പോ തുടങ്ങിയതാ വിശക്കുമ്പോ വാരിവലിച്ചു വല്ലോം കഴിക്കാൻ. ഇപ്പൊ കല്യാണം കഴിഞ്ഞപ്പോ ഞാൻ തന്നെ ഉണ്ടാക്കുന്നു ഞാൻ തന്നെ കഴിക്കുന്നു. പലപ്പോഴും കഴിക്കാൻ സമയം കിട്ടാതെ അതും ബോക്സിൽ ആക്കി ഓട്ടമായിരിക്കും.

ഇവർക്ക് ഇഷ്ട്ടപെടുന്നില്ലെങ്കിൽ വേണ്ടത് വേണ്ടപോലെ സ്വയം ഉണ്ടാക്കിക്കൂടെ? എന്തിനാ എല്ലാ ദിവസവും ഭക്ഷണത്തെ കുറ്റം പറഞ്ഞു ആവശ്യമില്ലാതെ കഴിക്കുന്നത്? ഒന്നും ഇല്ലെങ്കിൽ ഇവർക്കൊക്കെ സമയത്തിന് മുന്നിൽ വേണ്ടത് കിട്ടുന്നുണ്ടല്ലോ...

Happy birthday google

അറിവിന്റെ മഹാലോകമായ നമ്മുടെ ഗൂഗിൾനു പതിനെട്ടു വയസ്സായെന്ന്. അങ്ങനെ ആണെങ്കിൽ ഗൂഗിൾ ജനിക്കുമ്പോൾ  അന്നെനിക്ക് ഒമ്പതു വയസ്സ്,അഞ്ചാം ക്ലാസ്സിൽ പഠിക്കായിരിക്കണം. അന്നും അതിനു മുമ്പും അതുകഴിഞ്ഞുള്ള ഏതാനും വർഷങ്ങളിൽ ജനിച്ച തലമുറയിൽ പെട്ട നമ്മളാണ് നമ്മുടെതലമുറയാണ് ഏറ്റവും ഭാഗ്യവാൻമാർ.

അന്നൊക്കെ നമ്മടെ പ്രധാനപ്പെട്ട കളികളായിരുന്നു ഇന്നത്തെ തലമുറയ്ക്ക് അന്യമായ  കള്ളനും പോലീസും, കുട്ടിം കോലും, ഗോട്ടി കളി,പോയിന്റ്കളി, വളപ്പൊട്ടുകളി, തായം കളി, ഊഞ്ഞാലാട്ടം, ചൂണ്ടയിട്ട് മീൻ പിടിത്തം, ഇതിനെല്ലാം ഒരുകൂട്ടം കുട്ടികളും ഉള്ളവനും ഇല്ലാത്തവനും എല്ലാംആ കൂട്ടത്തിൽ കാണും. സ്കൂൾ അവധിക്കാലത്തു മാങ്ങ, ചക്ക ഇതെല്ലാം ഒരുമായവും ചേർക്കാതെ വേണമെങ്കിൽ മരത്തിനു ചുവട്ടിൽ ഇരുന്നുതന്നെവേണ്ടുവോളം കഴിച്ചിരുന്ന ആ കാലം.

അന്ന് മൊബൈൽ ഫോണില്ല. ഉള്ളത് ഉള്ളവന്റെ വീട്ടിൽ എടുത്താൽ പൊങ്ങാത്ത ലാൻഡ് ഫോൺ. ഇതുകൊണ്ടൊക്കെ തന്നെ അന്ന് ഒരുപാട് സമയവുംഉണ്ടായിരുന്നു. അയൽവാസികൾ അകലെയുള്ള അടുത്ത ബന്ധുക്കളെക്കാൾ പ്രിയപ്പെട്ടവനായിരുന്നു. പരിചപ്പെടുത്താതെ തന്നെ നമ്മുടെ നാട്ടുകാരെഅറിയാമായിരുന്നു. ബന്ധങ്ങളുടെ വില അറിയാമായിരുന്നു അതുപോലെ തന്നെ പണത്തിന്റെ വിലയും.

മൂന്നോ നാലോ കിലോമീറ്റർ നടക്കാൻ രണ്ടാമതൊരു ചിന്തയുടെ ആവശ്യം ഇല്ല. നടക്കുകതന്നെ ചെയ്യും. നടത്തത്തിനിടയിൽ സൈക്കിളിൽ പോകുന്നവനു വരുന്നോ എന്ന് ചോദിക്കാനും, ചോദിച്ചാൽ കേറാനും ഒരു മടിയും ഇല്ലായിരുന്നു.

പിന്നെ പിന്നെ ടെക്നോളജി വളർന്നു. കൂടെ നമ്മളും. കൂടപ്പിറപ്പിന്റെ പോലെ എപ്പഴും കയ്യിൽ മൊബൈൽ ഫോൺ, എല്ലാ വീട്ടിലും TV , കമ്പ്യൂട്ടർ,ഇന്റർനെറ്റ്, മിനിമം ഒരുവീട്ടിൽ ഒരു കാർ, ഒരു ബൈക്ക്.

സ്വന്തം വീട്ടിൽനിന്നും കാർ എടുത്തു പോകുന്ന അച്ഛന്റെ കൂടെ പോകാതെ സ്വന്തം കാറിൽ അല്ലെങ്കിൽ ബൈക്കിൽ കറങ്ങുന്ന മകൻ. സ്വന്തമായി അച്ഛനോഅമ്മയോ അനിയനോ ചേച്ചിയോ അല്ല അവർക്കുവേണ്ടത്. ഇന്ന് മാർക്കറ്റിലെ ഏറ്റവും വിലകൂടിയ മൊബൈൽ, ലാപ്ടോപ്പ് എന്നിവയാണ്.

ഞാൻ ആദ്യമായി കമ്പ്യൂട്ടർ  തൊടുന്നതു 2007 ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. അതും ഒരേ ഒരു തവണ. 2009-ൽ ജീവിതം ആകെമാറി. ബുക്ക് സ്കൂൾഎന്നലോകം മാറി കമ്പ്യൂട്ടർ ലോകത്തിലേക്കു ചേക്കേറി. 2012-ൽ ഒരു സാധാരണ സാംസങ് മൊബൈൽ ഫോൺ സ്വന്തമായി. 2012-ൽ തന്നെ നാടുവിട്ടു നഗരജീവിതത്തിലേക്കും മാറി. 2014-ൽ ലാപ്ടോപ്പായി, സ്മാർട്ട് ഫോണായി. ഇപ്പഴും ടെക്നോളജിക്കു കൂടെ നമ്മളും വളരുന്നു.

ഇന്നത്തെ പുതിയ തലമുറയ്ക്ക് നഷ്ടപെട്ടത് ടെക്നോളജി അറിയാത്ത ആ കാലം . അതുകൊണ്ടുതന്നെ ജനിച്ചു ഏതാനും ആകുമ്പോൾ അവരാദ്യംകളിക്കുന്നത് മൊബൈൽലെ അല്ലെങ്കിൽ ടാബ്ൽ അതുമല്ലെങ്കിൽ കംപ്യൂട്ടറിലെ ഗെയിംമുകൾ. അവർക്കു അധികം കൂട്ടുകാരില്ല. കൂട്ടം കൂടിയുള്ളകളികളില്ല. ബന്ധുക്കളെ എന്തിനു അയൽക്കാരെ പോലും അറിയില്ല. മുന്നിൽ കാണുന്നതിനോട് മാത്രം സ്നേഹം. അല്ലാത്തതൊന്നും അവരെ ബാധിക്കുന്നെഇല്ല. പാവപെട്ടവനോട് സംസാരിക്കുന്നത് പാപം. സ്നേഹം എന്ന ഒരു അവസ്ഥ ഇന്നത്തെ തലമുറക്ക് നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നു.

ഇന്നും നാട്ടിലെത്തിയാൽ ഉള്ള സമയം കൊണ്ട് എനിക്ക് സ്വന്തം നാടൊന്നു ചുറ്റി കാണാതിരിക്കാൻ കഴിയാറില്ല. നമ്മൾ അനുഭവിച്ചറിഞ്ഞ പലകാര്യങ്ങളും ഇന്നത്തെ ഈ തലമുറ വായിച്ചും കണ്ടും അറിയാൻ ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ അതെല്ലാം അവർക്കൊരു കഥയാണ്. നമ്മൾബാലരമയിലും ബാലഭൂമിയിലും വായിച്ചിരുന്ന തമാശ കഥകൾ പോലെ.