Thursday, 14 July 2016

ആദ്യത്തെ ആകാശയാത്ര

എന്റെ ആദ്യത്തെ ആകാശയാത്ര എനിക്ക് നല്ലൊരു അനുഭവമായിരുന്നു. ഓഫീസിൽ ജോലിത്തിരക്കിനിടക്കാണു നീഭേഷ്‌ വിളിച്ചു ഇത്തവണ നാട്ടിൽപോകുന്നത് ഫ്ലയിറ്റിലാക്കിയാലോ എന്നുചോദിക്കുന്നത്. ഒക്കെ എന്നുപറഞ്ഞു ആ സംസാരം നിർത്തിയെങ്കിലും എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. വൈകുന്നേരം ഓഫീസ് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ടിക്കറ്റ് ബുക്കുചെയ്യ്തിട്ടുണ്ടെന്നു പറഞ്ഞപ്പോൾ മുതൽ ഞാൻ വേറൊരു ലോകത്തിലായിരുന്നു.

ടിക്കറ്റ്‌ ബുക്ക്‌ ചെയിതത്തിനു ശേഷം എനിക്കു കൂടുതലും സംസാരിക്കാനുണ്ടായിരുന്നത് ഞങ്ങളുടെ യാത്രയെ കുറിച്ചായിരുന്നു. യാത്രയിൽ കൊണ്ടുപോകാൻ കഴിയുന്നതും കഴിയാത്തതുമായ സാധനങ്ങളെ കുറിച്ചു ഒരു ഐഡിയ ഉണ്ടാക്കി. വിമാനം പോകുന്ന ശബ്ദം കേൾക്കുമ്പോൾ പതിവിലും കൂടുതൽ ശ്രദ്ധയോടെ ഞാൻ മേലോട്ട് നോക്കി നിന്നിരുന്നു. ഇത്രേം വലിയ വിമാനം ഇത്ര ചെറുതായി കാണുന്നെങ്കിൽ അതെത്ര ഉയരത്തിലായിരിക്കും എന്ന് എന്നത്തേയും പോലെ അപ്പോഴും അത്ഭുതപെട്ടു.

അങ്ങനെ യാത്രക്കുള്ള ദിവസം വന്നു. ബാഗ്‌ എല്ലാം എടുത്ത് എയർപോർട്ടിൽ എത്തിയതും ചെക്കിങ്ങോട് ചെക്കിങ്ങ്. എല്ലാം കഴിഞ്ഞു ബോർഡിംഗ് പാസ്‌ എടുത്ത് ഉള്ളിൽ ചെന്ന് മുന്നിൽ ഒരു സീറ്റിൽ തന്നെ ഇരുന്നു. അപ്പോൾ പലവലുപ്പതിലുള്ള വിമാനങ്ങൾ വന്നിറങ്ങുന്നു, പോകുന്നു. ഇടക്കുവന്ന ഒരു വിമാനം ഗ്ലാസ്സൊക്കെ തകർത്തു ഞങ്ങളിരിക്കുന്നിടത്തേക്ക് വരുമെന്നുതോന്നി. അങ്ങനെ ഓരോന്നു നോക്കികൊണ്ടിരിക്കുന്നതിനിടക്ക്  ഞങ്ങളുടെ വിമാനവും വന്നു ഗേറ്റ് നമ്പർ - 1 ൽ.

നമസ്തേ എന്നുപറഞ്ഞു എയര്‍ഹോസ്റ്റസ് ഞങ്ങളെ എല്ലാവരെയും സ്വാഗതം ചെയിതു. ആദ്യമായാണ് ഞാനൊരു എയര്‍ഹോസ്റ്റസ്നെ അവരുടെ യൂണിഫോമിൽ നേരിട്ടു ഇത്രേം അടുത്തു കാണുന്നത്. എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നതിനു ശേഷം ഫോൺ സ്വിച്ചോഫ് ചെയ്യാൻ നിർദ്ദേശിച്ചു പിന്നീട് എവിടുന്നോ ഒരു അനൗൺസ്‌മെന്റ് കേൾക്കുകയും അതിനനുസരിച്ചു എയര്‍ഹോസ്റ്റസ് ഇൻസ്റ്റക്ഷൻ തരുകയും ചെയിതു.  വിമാനം നീങ്ങാൻ തുടങ്ങിയപ്പോൾ ചെറുതായി ഒരു പേടിയൊക്കെ തോന്നി ആദ്യമെങ്കിലും പിന്നെ വിശ്വസിക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു. കുറച്ചുദൂരം ട്രാക്കിലൂടെ നീങ്ങി അതു  മേലോട്ടു ഉയരാൻ തുടങ്ങി.
പുറത്തേക്കു നോക്കുമ്പോൾ ഞങ്ങളുയരുന്നത് എനിക്കറിയാൻ കഴിഞ്ഞു.

പഞ്ഞി കായ പൊട്ടി നിലത്തു അവിടവിടങ്ങളിലായി കിടക്കുന്ന പോലെ മേഘങ്ങൾക്കു മുകളിലൂടെ ഉള്ള ആ യാത്ര. അയ്യോ സൂര്യനെ മേഘം വിഴുങ്ങി എന്ന്  കുഞ്ഞുനാളുകളിൽ കൂട്ടുകാരെന്നോട് എന്നോട് പറഞ്ഞിരുന്നു. എന്നാൽ ആ യാത്രയിലാണ് മേഘത്തിന്റെ നിഴൽ ഞാൻ കാണുന്നത്. അന്നേ വരെ വിമാനം കാണാൻ മുകളിലേക്ക് നോക്കിയിരുന്ന ഞാൻ നമ്മുടെ റോഡും കെട്ടിടങ്ങളും കാണാൻ മുകളിൽ നിന്നും താഴേക്ക് നോക്കി.

തീപ്പട്ടി കൂടിനോളം പോന്ന ഒരുപാട് കെട്ടിടങ്ങളും. അവിടവിടങ്ങളിൽ ഒറ്റരൂപ നാണയത്തോളം പോന്ന മരങ്ങളും, A 4 പേപ്പറിനത്രേം പോന്ന പച്ചപ്പുള്ള സ്ഥലങ്ങളും, ഗ്ലാസ്‌ തറയിൽ വീണു പോയ വെള്ളത്തോളം പോന്ന ഡാമുകളും അങ്ങനങ്ങനെ ഒരുപാട് കാഴ്ചകൾ.

ആ യാത്രക്കിടയിൽ എനിക്കു തോന്നിയ ഒരു സംശയമാണ് കുഞ്ഞുനാളിൽ കേട്ടിരുന്ന കഥകളിലെ ദേവലോകം മേഘക്കെട്ടുകളിലായിരുന്നു. അങ്ങനെയെങ്കിൽ ഈ ആകാശയാത്രയിൽ ഞാൻ ദേവന്മാരെക്കാളും ഉയരത്തിൽ സഞ്ചരിച്ചില്ലേ?

ഇന്നൊരുപാടു പേര് വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ട് ആർക്കും അതത്ര അത്ഭുതമൊന്നും അല്ല. എന്നാൽ എന്നെപ്പോലോരാൾക്ക് അത് ഒരു സംഭവമാണ്. കാരണം ഒരു നാട്ടിൻപുറത്ത് പെൺകുട്ടികൾ അധികം പുറത്തിറങ്ങാത ഒരു കുടുംബത്തിൽ ജനിച്ചു, സ്കൂൾ, കോളേജ്, ടീച്ചർ, അല്ലെങ്കിൽ മറ്റെന്തെങ്കിലും സാധാരണ ജോലി അതുമല്ലെങ്കിൽ കല്യാണം കഴിച്ചു കുടുംബം നോക്കുക എന്ന് ഉള്ള ഒരു സാധാരണ കുടുംബം.

എനിക്കാണെങ്കിൽ ഒരുപാട് സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹവും അതിനുള്ള ഏക വഴി സ്വന്തമായൊരു ജോലി മാത്രം. അങ്ങനെ ഇഷ്ട്ടപ്പെട്ട അനിമേഷൻ പഠിച്ചു  സ്ഥലങ്ങൾ കാണാൻ ജോലിയെ കൂട്ട് പിടിച്ചു തൃശ്ശൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ ഒരുവിധം സ്ഥലങ്ങളെല്ലാം കറങ്ങി. എല്ലാ ജില്ലകളിളിലും ഒരു സുഹൃത്തെങ്കിലും ഉണ്ടെനിക്കിപ്പോ. അവിടെ നിന്നും ബാംഗ്ലൂരിൽ എത്തി. ഇവിടെയും ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.

എന്നെ എനിക്കിഷ്ട്ടം പോലെ പഠിക്കാനും ജോലിചെയ്യാനും എന്റെ ആഗ്രഹങ്ങളെ ഇവിടം വരെ എത്തിക്കാനും എന്റെ കൂടെ നിന്നതു എന്റെ അച്ഛനും അമ്മയും പിന്നെ എന്നിലുണ്ടായിരുന്ന ഒരുപാട് ആഗ്രഹങ്ങളും നല്ല കുറെ സുഹൃത്തുക്കളും തന്നാ...

ഒരു വിനോദയാത്ര...

ഇത്തരം അനുഭവകഥകള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. ഇപ്പോള്‍ അതൊക്കെ നല്ല കുറെ ഓര്‍മ്മകള്‍ അല്ലെ? അപ്പോള്‍ അതു പങ്കുവക്കാം എന്നു തോന്നി.

അന്ന് ഒരു ജനുവരി മാസം. സ്കൂളില്‍ നിന്നും കുട്ടികളെ വിനോധയത്രക്ക് കൊണ്ടുപോകാനുള്ള തീരുമാനമായി. ക്ലാസുകള്‍തോറും നോട്ടിസ് വന്നു.
"വിനോദയാത്രക്ക് പോകാന്‍ താല്പര്യം ഉള്ള കുട്ടികള്‍ വീട്ടില്‍ പറഞ്ഞു അനുവാദം വാങ്ങിച്ചു നാലു ദിവസത്തിനുള്ളില്‍ പേരു നല്‍കണം. ആദ്യം പേരു നല്‍കുന്ന നാല്‍പതു കുട്ടികളെ മാത്രമേ കൊണ്ടുപോകുകയുള്ളൂ. അതുകൊണ്ട് നാളെ തന്നെ എല്ലാവരുടെയും തീരുമാനം പറയണം."

ഞാനും ആ വാര്‍ത്ത‍ വീട്ടില്‍ പറഞ്ഞു. പറയുകമാത്രേ ചെയിതുള്ളൂ അനുവാദം ചോദിച്ചതൊന്നും ഇല്ല. കാരണം എനിക്കറിയാമായിരുന്നു അച്ഛന്‍റെ കയ്യില്‍ പണം ഉണ്ടാവില്ല അതുകൊണ്ട് പറഞ്ഞാലും അനുവാദം കിട്ടില്ല എന്ന്. പതിവുപോലെ അടുത്ത ദിവസവും ഞാന്‍ ക്ലാസ്സില്‍ പോയി. എന്തോ പതിവിലും കൂടുതല്‍ എല്ലാവരുടെയും മുഖം വളരെയധികം പ്രസന്നമായിരിക്കുന്നു. ഞാന്‍ കാരണം തിരക്കി. അപ്പോഴാ കാര്യം മനസ്സിലായത്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെല്ലാം അവരുടെ വീട്ടില്‍ പറഞ്ഞു വിനോദയാത്രക്ക് പോകാന്‍ അനുവാദം വാങ്ങിവന്നിരിക്കുകയനെന്നു.

ടീച്ചര്‍ ക്ലാസ്സില്‍ വന്നു. ആദ്യം തന്നെ ഹാജ്ജര്‍ എടുത്തു. പിന്നൊരു ചോദ്യം.
" ആരൊക്കെയാണ് വിനോദയാത്രക്കു പോകാന്‍ വീട്ടില്‍ നിന്നും അനുവാദം വാങ്ങിച്ചു വന്നത്? പേരുതരുന്നവര്‍ എണീറ്റു നില്‍ക്കു.. "
ഞാന്‍ ഒഴികെ എന്‍റെ അടുത്തുള്ള രണ്ടു വരിയിലെ എല്ലാ സുഹൃത്തുക്കളും എണീറ്റു നിന്നു. ടീച്ചര്‍ എല്ലാരുടേയും പേരെഴുതിഎടുത്തു പിന്നെ എന്നോടു ചോദിച്ചു
"എന്തേ ___ വീട്ടില്‍ ചോദിച്ചില്ലേ? ഇല്ല ടീച്ചറെ ഞാന്‍ വരുന്നില്ല. പിന്നെ ടീച്ചര്‍ ഒന്നും ചോദിച്ചില്ല. ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോള്‍ എന്നോട് പറഞ്ഞു. " ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഓഫീസ് റൂമില്‍ വരണം എന്ന്" ഞാന്‍ വരാം എന്നു പറഞ്ഞു.

വീട് സ്കൂള്‍നു തൊട്ടടുത്തായതുകൊണ്ട് വീട്ടില്‍ പോയാണ് ഭക്ഷണം കഴിച്ചിരുന്നത്. അന്നും പതിവുപോലെ ഭക്ഷണം കഴിച്ചു വന്നു. പിന്നീട് ടീച്ചറെ പോയി കണ്ടു. അപ്പോള്‍ എല്ലാ ടീച്ചര്‍മാരും ഉണ്ടായിരുന്നു അവിടെ. എന്നെ കണ്ടപ്പോള്‍ എന്‍റെ ടീച്ചര്‍ എണീറ്റു പുറത്തു വന്നു അടുത്ത സ്റ്റാഫ്‌ റൂമിലേക്ക് കൊണ്ടുപോയി. അവിടെ മൂന്ന്, നാലു ടീച്ചര്‍മാരെ ഉണ്ടായിരുന്നുള്ളു. അവരെല്ലാം എന്‍റെ പ്രിയപ്പെട്ട ടീച്ചേര്‍സ് ആയിരുന്നു. എന്നെ അവിടെ ഇരുത്തി എന്നോട് ചോദിച്ചു. " എന്തേ സുബിത വിനോദയാത്രക്കു പേരു തരാതിരുന്നത്?" അപ്പോള്‍ ഞാൻ പറഞ്ഞു അയ്യോ ടീച്ചറെ എന്‍റെ വീട്ടിന്നു സമ്മതിക്കില്ല. എന്‍റെ അച്ഛന്‍റെ കയ്യില്‍ പണം ഉണ്ടാവില്ല. അപ്പോള്‍ ടീച്ചറുടെ അടുത്ത ചോദ്യം " പോരാന്‍ ആഗ്രഹം ഉണ്ടോ എന്നു?" ആഗ്രഹം ഉണ്ടെന്ന സത്യം ഞാൻ പറഞ്ഞു. അന്നു വൈകീട്ട് ടീച്ചര്‍ അച്ഛനെ കണ്ടപ്പോള്‍ എന്നെ പറ്റി സംസാരിച്ചു. സുബിത മാത്രമേ അവളുടെ കൂട്ടുകാരില്‍ വിനോദയാത്രക്കു പേരു നല്‍കാത്തതായി ഉള്ളു അതുകൊണ്ട് അവളെയും അനുവദിച്ചൂടെ എന്നു? അവസാനം ഞാനും വിനോദയാത്രക്ക് തയ്യാറായി.

ഞങ്ങളുടെ ബാച്ച് ലെ കുട്ടികളുടെ താല്‍പര്യപ്രകാരം സ്കൂളില്‍ തൊട്ടുമുന്‍ വര്‍ഷംവരെ ഉണ്ടായിരുന്ന ഹരിമാഷെകൂടി വിനോദയാത്രക്കു ക്ഷണിച്ചു.

അങ്ങനെ ജനുവരി 20 എന്ന ആ ദിവസം വന്നു. എല്ലാവരും പോകാന്‍ തയ്യാറായി വന്നിരിക്കുന്നു. ഓരോരുത്തരെയും പേരുവിളിച്ചു ബസ്സില്‍ കേറ്റി. ഇഷ്ട്ടമുള്ള സീറ്റില്‍ എല്ലാവരും ഇരുന്നു. യാത്ര തുടങ്ങി. എല്ലാവരും രാത്രി കുറെ ആയപ്പോള്‍ ഉറങ്ങി തുടങ്ങി. എനിക്ക് ഉറക്കം വരുന്നില്ല. ഞാന്‍ പുറത്തോട്ടു നോക്കി ഇരുന്നു. കുറെ കഴിഞ്ഞപ്പോള്‍ തണുപ്പ് സഹിക്കാന്‍ വയ്യാണ്ടായി.

അപ്പോഴാണ് പിറകിലെ സീറ്റില്‍ നിന്നും ഒരു ചോദ്യം " എന്താ സുബിത ഉറങ്ങുന്നില്ലേ? " അപ്പോഴാണ് പിറകിലെ സീറ്റില്‍ ഇരിക്കുന്ന മാഷിനെ ഞാന്‍ ശ്രദ്ധിച്ചത്. ഞങ്ങളുടെ ഗസ്റ്റ്‌ആയിവന്ന ഹരിമാഷായിരുന്നു അത്.

അങ്ങനെ അടുത്ത ദിവസം രാവിലെ മൈസൂര്‍ എത്തി. എല്ലാവരും ഫ്രഷ്‌ ആയി ചായ കുടിച്ചു. കാഴ്ചകളെല്ലാം കണ്ടു നടന്നു. എല്ലാവരും ഓരോന്ന് വാങ്ങുന്നു, ക്ലിപ്പ്, മാല, വള, പൂക്കള്‍, അങ്ങനെ ഒരുപാടു സാധനങ്ങള്‍. ഞാന്‍ എല്ലാവരുടെയും കൂടെ എല്ലാം നോക്കികൊണ്ട് നടന്നു. ഒന്നും വാങ്ങാന്‍ എനിക്ക് തോന്നില്ല എന്ന് തന്നെ പറയാം. അത് സത്യമാണോ എന്തോ ഇന്നും എനിക്ക് അറിയില്ല.

തിരിച്ചു എല്ലാവരും ബസ്സില്‍ കയറി ഇരുന്നു. എല്ലാവരും വാങ്ങിയ സാധനങ്ങള്‍ പരസ്പരം കാണിച്ചു കൊടുത്തു അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് ഒരുവളുടെ ശബ്ദം മുഴങ്ങിയത്." സുബിത എന്താ ഒന്നും വാങ്ങില്ലേ? നീ എന്താ ഒന്നും ഞങ്ങള്‍ക്ക് കാണിച്ചു തരാത്തെ?" അപ്പോള്‍ ഞാന്‍ പറഞ്ഞു. എനിക്ക് ഒന്നും ഇഷ്ട്ടപ്പെട്ടില്ല അതുകൊണ്ട് ഞാന്‍ വാങ്ങില്ല എന്ന്. പിന്നെ ആരും ഒന്നും ചോദിച്ചില്ല.

ഹോ... അപ്പോഴാണ് ഒരു ഐസ് ക്രീംകാരന്‍ ആ വഴി വന്നത്. എല്ലാവരും ഐസ് ക്രീം വാങ്ങിച്ചു. എല്ലാവരും വാങ്ങികഴിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ഒരു കൊതി. അങ്ങനെ ഞാനും വാങ്ങി ഒരു ഐസ് ക്രീം. 30 രൂപ ആയിരുന്നു അതിന്‍റെ വില. അവിടെനിന്ന് ഉച്ചക്കുള്ള ഭക്ഷണം കഴിച്ചു വീണ്ടും യാത്രയായി.

അടുത്ത സ്ഥലത്ത് ബസ്സ്‌ നിര്‍ത്തി. അവിടെയും പലതും കണ്ടു പലരും പലതും വാങ്ങി. ഞാന്‍ എല്ലാം കണ്ടോണ്ടു നടന്നു. പെട്ടന്നാണ് ഞാന്‍ അവിടെ ഒരു കൃഷ്ണന്‍റെ ഫോട്ടോ കണ്ടത്. ഞാന്‍ അത് കുറെ സമയം നോക്കിനിന്നു. പിന്നെ പോയി വില ചോദിച്ചു. 40 രൂപ എന്ന് അവര് പറഞ്ഞു. ഞാന്‍ ഒന്നും പറയാതെ തിരിച്ചു നടക്കാന്‍ നിന്നപ്പോള്‍ ഒരു കൈ എന്‍റെ തോളില്‍ വന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ മാഷ്. എന്തേ അതു വാങ്ങാതെ പോണത്? അതു ഇഷ്ട്ടപ്പെട്ടോ? നീ ഇതുവരെ ഒന്നും വാങ്ങിയില്ലല്ലോ എന്തു പറ്റി?

ഞാന്‍ പറഞ്ഞു ഒന്നുല്ല, വേണ്ട.

എന്നിട്ട് തിരിച്ചു വന്നു ബസ്സില്‍ കയറി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും വന്നു കയറി. എല്ലാവരും അവരവരുടെ സീറ്റില്‍ ഇരുന്നു. അപ്പോഴേക്കും രാത്രി ആയിത്തുടങ്ങി. കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. ഭക്ഷണമെല്ലാം കഴിച്ചു വീണ്ടും യാത്രയായി. പകലിലെ യാത്രാക്ഷീണവും തിരക്കും എല്ലാം കാരണം എല്ലാവരും ഉറക്കത്തിലേക്ക് വീഴാന്‍ തുടങ്ങി. പക്ഷെ എനിക്ക് മാത്രം ഉറങ്ങാന്‍ കഴിഞ്ഞില്ല. എവിടെയോ എന്തോ ഒരു വല്ലാത്ത വിഷമം പോലെ.

എല്ലാവരും ഉറങ്ങുന്നതിടക്ക് പുറകില്‍ നിന്നും ആരോ സംസാരിക്കുന്നതു കേട്ടു. ഞാന്‍ എഴുന്നേറ്റുനിന്നു നോക്കി. എന്‍റെ പിറകിലത്തേതിന്‍റെ പിറകിലെ സീറ്റില്‍ 2 ടീച്ചേര്‍സ് ഇരുന്നു സംസരിക്കയിരുന്നു. തൊട്ടു പിറകിലെ മാഷ് തനിച്ചാണ് ഇരിക്കുന്നത്. ടീച്ചേര്‍സ് എന്നോട് ചോദിച്ചു, " നീ ഉറങ്ങിലേ..?"

ഞാന്‍ പറഞ്ഞു ഉറക്കം വരുന്നില്ല എന്ന്.

ഉറക്കം വരുന്നില്ലേല്‍ ഇങ്ങോട്ട് വാ എന്ന് മാഷ് പറഞ്ഞു. അങ്ങനെ ഞാന്‍ മാഷിന്‍റെ അടുത്തിരുന്നു. ഞങള്‍ 4 പേരും കുറെ തമാശയും എല്ലാം പറഞ്ഞു ചിരിച്ചു. മാഷിന്‍റെ വീട്ടിലെ വിശേഷങ്ങളെല്ലാം പറഞ്ഞു. മോളും, മോനും, ഭാര്യയും, അച്ഛനും, എല്ലാവര്‍ക്കും സുഖം.

അതിനിടക്ക് മാഷ് എന്നോട് ചോദിച്ചു. എന്തുപറ്റി നിനക്ക്? നിന്‍റെ കയ്യില്‍ കാശ് ഇല്ലേ?

ഞാന്‍ എടുത്ത വഴിയെ പറഞ്ഞു. ഉണ്ടല്ലോ...

അപ്പോഴല്ലേ അടുത്ത ചോദ്യം എത്ര രൂപ ഉണ്ട്?

അപ്പോള്‍ ഞാനാകെ വല്ലാണ്ടായി പോയി. ഒന്നും മിണ്ടാതിരുന്നു.

എന്തേ മിണ്ടാതെ?

ഞാന്‍ പറഞ്ഞു 20 രൂപ.

അപ്പോള്‍ ഞാന്‍ കണ്ടു മാഷിന്‍റെ മുഖം വല്ലണ്ടായത്. ആ ബസ്സില്‍ ഉള്ള മിക്ക കുട്ടികളും ആയിരങ്ങള്‍ കൊണ്ട് കളിക്കുമ്പോള്‍ ഞാന്‍ വെറും 20 രൂപ കയ്യില്‍ വച്ചിരിക്കുന്നു.

പിന്നീട് ഞങ്ങളുടെ സംസാരം
നീ വരുമ്പോള്‍ കാശൊന്നും കരുതിയില്ലേ?

ഉവ്വ്, ഞാന്‍ എടുത്തിട്ടുണ്ടായിരുന്നു തീര്‍ന്നതാ.

അപ്പൊ നീ കൊണ്ടുവന്ന കാശ് എന്താ ചെയ്തെ?

ഐസ് ക്രീം വാങ്ങിച്ചു കഴിച്ചു.

നീ ഇങ്ങനെ ഐസ് ക്രീം കഴിക്കരുത്. അതു നല്ലതല്ല.

അയ്യോ ഞാന്‍ അധികമൊന്നും കഴിച്ചില്ല മാഷെ. ഒരെണ്ണമേ കഴിച്ചുള്ളൂ. അധികൊന്നും കാശ് നാന്‍ എടുത്തിട്ടില്ല. 50 രൂപയെ ഞാന്‍ കൊണ്ടുവന്നിട്ടുള്ളൂ.. അതിലെ 30 രൂപക്ക് ഐസ് ക്രീം വാങ്ങിച്ചു. ബാക്കി 20 രൂപ ഇപ്പഴും കയ്യിലുണ്ട്. അച്ഛന്‍റെ കയ്യില്‍ കാശ് ഒന്നും ഇല്ലായിരുന്നു. പിന്നെ സാധാരണ എട്ടനോക്കെ എവിടേലും പോവാണെന്ന് പറഞ്ഞാല്‍ വലിയച്ചനും മറ്റും എട്ടന് കാശ് കൊടുക്കാറുണ്ട്. അതുപോലെ എനിക്കും തരും എന്ന് ഞാന്‍ കരുതി. പക്ഷെ ആരും തന്നില്ല.

പിന്നെ മാഷ് അതിനെപറ്റി എന്നോട് വേറൊന്നും ചോദിച്ചില്ല.
മാഷ് ബാഗില്‍ നിന്നും ഒരു കവറെടുത്ത് എനിക്ക് തന്നു. ഞാന്‍ അതു തുറന്നുനോക്കി. അപ്പോള്‍ എന്‍റെ കണ്ണുനിറഞ്ഞു. ഞാന്‍ വളരെ അധികം ഇഷ്ട്ടപ്പെട്ടു വാങ്ങാതെ പോന്ന ആ കൃഷ്ണന്‍റെ ഫോട്ടോ. അതു എന്‍റെ മാഷെനിക്ക് വാങ്ങിച്ചു തന്നിരിക്കുന്നു.

അതിനു ശേഷം എനിക്ക് ഒരു ചെറിയ കിറ്റ് തന്നു. അതുതുറന്നു നോക്കിയപ്പോള്‍ നിറയെ തോടുകടല (നിലക്കടല). പിന്നെ എന്നോട് പറഞ്ഞു എന്തേലും വേണം എങ്കില്‍ പറയണം. ഞാന്‍ വാങ്ങിച്ചു തരാം എന്ന്. ഞാന്‍ ശരി പറയാം എന്ന് പറഞ്ഞു. പക്ഷെ ഞാന്‍ ഒന്നും പിന്നീട് ആവശ്യപെട്ടില്ല.

അങ്ങനെ എല്ലാം കഴിഞ്ഞു തിരിച്ചു യാത്രയായി. വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷം എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന 20 രൂപ ഞാന്‍ അച്ഛനെ തിരിച്ചേല്‍പ്പിച്ചു.

അന്നു ഞാന്‍ തീരുമാനിച്ചു ഇനി എങ്ങോട്ടെങ്ങിലും ഒരു യാത്ര ഉണ്ടെങ്കില്‍ കയ്യില്‍ കുറച്ചെങ്കിലും പണം കരുതണം എന്ന്. ഞാന്‍ വിളിക്കാറുണ്ട് ഇപ്പോഴും ആ കോട്ടയംകാരന്‍ മാഷിനെ നാട്ടില്‍ വന്നാല്‍ മാഷ് എന്‍റെ വീട്ടില്‍ വരാതെ പോവാറില്ല.

അതിനു ശേഷം എന്‍റെ ഇത്രയും നാളത്തെ ജീവിതത്തിനിടക്ക് ഒരുപാടു യാത്രകള്‍ ഉണ്ടായിട്ടുണ്ട്.

എല്ലാ യാത്രയുടെയും ഇടക്ക് സുഖമുള്ള ഓര്‍മ്മയായി ഇന്നും ആ 20 രൂപ